അടൂർ: 'അടൂർ' താമസിക്കുന്നത് അടൂരിലല്ല, തിരുവനന്തപുരത്താണ്'. അടൂരിലെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടൂർ ഗോപാലകൃഷ്ണനെ ക്ഷണിക്കാത്തതിനോടുള്ള പ്രേക്ഷകനായ പി.സി രാജീവിന്റെ ചോദ്യത്തിന് ഫേയ്സ് ബുക്കിൽ സംവിധായകൻ ഡോ. ബിജു നൽകിയ മറുപടിയാണിത്.

അടൂർ നിവാസികൾക്ക് ലോകസിനിമകൾ കാണാൻ അവസരം ഉണ്ടാക്കാനാണ് അടൂർ മേള ലക്ഷ്യമിടുന്നത്. അല്ലാതെ ആദരിക്കൽ ചടങ്ങല്ല ഇതെന്നും അടൂർ മേളയിൽ അടൂറിനെ വിളിക്കാത്തതെന്ത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പറഞ്ഞതെന്നും ആരെയും ക്ഷണിക്കുകയോ ആദരിക്കുകയോ ചെയ്യുന്ന ചടങ്ങല്ല എന്നും ഡോ. ബിജു ഫെയ്സ് ബുക് പോസ്റ്റിൽ വ്യക്തമാക്കി.

അടൂരിൽ ജീവിക്കുന്ന അടൂർ ഗോപാലകൃഷ്ണനെ ഇതോടൊപ്പം ആദരിച്ചാൽ ഡോ.ബിജുവിന് എന്താ സംഭവിക്കുക. അദ്ദേഹത്തിന്റ സിനിമകളെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. ഫിലിം സൊസൈറ്റിയിലൂടെ നല്ല സിനിമകൾ കാണാൻ ഒരു കാലത്ത് അവസരമുണ്ടാക്കിയ മനുഷ്യനാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന് സലിം പി. യൂനുസ് എന്ന സുഹൃത്ത് വാദിക്കുന്നു.

എല്ലാ പോസ്റ്റിനും ഡോ. ബിജുവിന്റെ മറുപടി ഇത്തരത്തിലുള്ളതാണ്. ഇനിയും ആർക്കും മേളകൾ നടത്താമെന്നും ആരെയും ക്ഷണിക്കാമെന്നും ബിജു പറയുന്നു. ഇതേസമയം അടൂരിലെ പ്രമുഖ സംവിധായകരും ചലച്ചിത്ര പ്രവർത്തകരും അടക്കമുള്ളവരെ ക്ഷണിക്കാതെ പരിപാടിയിൽ വിഭാഗീയത കാട്ടിയതായി രൂക്ഷമായ ആക്ഷേപം ഉയർന്നു.

പഴയതും പുതിയതുമായ തലമുറയിലെ അടൂരുകാരായ ചലച്ചിത്ര പ്രവർത്തകരെയാണ് തഴഞ്ഞത്. ഇക്കാര്യത്തിൽ രാഷ്ട്രീയ, വർണ, ജാതി വിഭാഗീയതയും ആരോപിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച 'ആകാശങ്ങൾക്കപ്പുറം' ശാസ്ത്ര സിനിമാ സംവിധായകൻ ധനോജ് നായിക് എന്നിവരുൾപ്പെടെ ചലച്ചിത്രനടന്മാരും ഛായാഗ്രാഹകർ, പിന്നണി ഗായകർ, ഗാനരചയിതാക്കൾ, സിനിമ രംഗത്തു പ്രവർത്തിക്കുന്ന മറ്റുള്ളവർ എന്നിവരെയും പ്രദർശനം കാണുന്നതിനു പോലും ക്ഷണിച്ചില്ല.

അടൂർ ഫിലിം സൊസൈറ്റി, ചിറ്റയം ഗോപകുമാർ എംഎ‍ൽഎയുടെ നേതൃത്വത്തിലുള്ള പത്തനംതിട്ട ജില്ലാ ടെലിവിഷൻ ആൻഡ് മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന പ്രഥമ ചലച്ചിത്രമേള വിവാദമായതോടെ സംഘാടകർ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്.