ദുബായ്: ഈന്തപ്പനകളിലെ ചെമ്പൻ ചെല്ലികളെ തുരത്താനുള്ള കണ്ടുപിടുത്തവുമായി മലയാളി ശാസ്ത്രജ്ഞൻ. ജനിതകമാറ്റത്തിലൂടെ ചെല്ലി ആക്രമണം തടയാമെന്ന കണ്ടെത്തൽ നടത്തിയത് മൂവാറ്റുപുഴ സ്വദേശി ഡോ. ബിനു ആന്റണിയാണ്. ഇദ്ദേഹത്തിന് 10 ലക്ഷം ദിർഹം (1.75 കോടി രൂപ) സമ്മാനത്തുകയുള്ള യുഎഇയുടെ 'ഖലീഫ രാജ്യാന്തര പുരസ്‌കാരവും' ലഭിച്ചു.

37 രാജ്യങ്ങളിലെ ഇരുന്നൂറോളം ഗവേഷകരെ പിന്തള്ളിയാണ് ബിനു ഈ നേട്ടം കൈവരിച്ചത്. സൗദി തലസ്ഥാനമായ റിയാദിലെ കിങ് സൗദ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായ ബിനു അഞ്ചുവർഷമായി ചെല്ലികളെ തോൽപിക്കാനുള്ള ഗവേഷണത്തിലാണ്. ഈന്തപ്പനയിലും തെങ്ങിലും ചേക്കേറുന്ന ' റെഡ് പാം വീവിൾ ' (ചെമ്പൻ ചെല്ലി) പുറപ്പെടുവിക്കുന്ന സ്രവം മണത്താണു മറ്റു ചെല്ലികൾ കൂട്ടത്തോടെ ആക്രമണം നടത്തുന്നത്.

അതുകൊണ്ട്, ഇവയുടെ ഗന്ധമറിയാനുള്ള ശേഷി ജനിതക മാറ്റത്തിലൂടെ നശിപ്പിച്ചാണു കീടബാധ തടയുന്നതെന്നു ബിനു പറഞ്ഞു. 40 ലക്ഷം റിയാൽ (ഏകദേശം ഏഴുകോടി രൂപ) ആണു ഗവേഷണ സൗകര്യങ്ങൾക്കായി സൗദി സർക്കാർ നൽകിയത്. കേരള കേന്ദ്ര സർവകലാശാലയിൽ പ്രഫസറായിരിക്കേയാണു സൗദിയിൽ ചുമതലയേറ്റത്.

ലണ്ടനിലെ റോയൽ എന്റമോളജിക്കൽ സൊസൈറ്റിയുടേതടക്കം ഒൻപതു ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ 25 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. മൂവാറ്റുപുഴ നടുപ്പറമ്പിൽ എൻ.വി.ആന്റണിയുടെയും ഗ്രേസിയുടെയും മകനാണു ബിനു. ഭാര്യ: ധന്യ. മക്കൾ: ആദിത്യ, ആരവ്, അനിക.