കേരളത്തിലെ നൂറുക്കണക്കിന് വേദികളിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ഡോ. സി. വിശ്വനാഥൻ നാളെ ക്രോയിഡോണിൽ പ്രഭാഷണം നടത്തും. യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യുണൈറ്റഡ് കിങ്ഡം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ 'ബോധവും പരിണാമവും' എന്ന വിഷയത്തെക്കുറിച്ചാണ് ഡോ. സി. വിശ്വനാഥൻ പ്രഭാഷണം നടത്തുക. നാളെ വൈകിട്ട് ഏഴു മണി മുതൽ രാത്രി പത്തു വരെ നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും യുആർയുകെ സ്വാഗതം ചെയ്യുന്നു.

മാനവരാശിയുടെ ചരിത്രത്തിൽ ഏറ്റവുമധികം മാറ്റങ്ങൾ സംഭവിച്ച കാലഘട്ടം കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾ ആണ്. ആധുനിക ശാസ്ത്രത്തിൽ ഊന്നിയുള്ള വൈജ്ഞാനിക വിപ്ലവം മനുഷ്യകുലത്തിന്റെ ജീവിത നിലവാരം മാറ്റി മറിക്കുക മാത്രമല്ല ചെയ്തത്, സഹസ്രാബ്ദങ്ങൾ ആയി മനുഷ്യകുലം വിശ്വസിച്ച് വന്നിരുന്ന പല വിഷയങ്ങളും ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പരിശോധിപ്പോൾ, ഒരു പുതിയ ചിന്താധാര തന്നെ ഉടലെടുത്തു. കാലാകാലങ്ങളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ പരീക്ഷണങ്ങളിലൂടെയും, തെളിവുകളുടെ സഹായത്തോടെയും ചവറ്റുകുട്ടയിൽ തള്ളിയപ്പോൾ ഒരു പുതിയ നാഗരികതയാണ് പിറന്നത്. എന്നിരുന്നാലും, ഇന്നത്തെ പല ചിന്തകളിലും കാലഹരണപ്പെട്ട പല സങ്കല്പങ്ങളും കടന്നു കൂടാറുണ്ട്; അതിന് ഒരു ഉദാഹരണം ആണ് ബോധം.

ശാസ്ത്രത്തിന്റെ മേഖലയിൽ വരുന്ന ഒരു കാര്യമല്ല, മറിച്ച് ആത്മീയതയുടെ ഒരു ഭാഗമായാണ് ബോധത്തെ പലരും കാണുന്നതും പ്രചരിപ്പിക്കുന്നതും. എന്നാൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ അത്ഭുതകരമായ വളർച്ച കൈവരിച്ച ന്യൂറോ യൻസിന്റെ സഹായത്തോടെ, ബോധം എന്നത് ജീവശാസ്ത്രപരമായ ഒന്നായി കണ്ടെത്തിക്കഴിഞ്ഞു. ഈ മേഖലയിൽ നടന്നിരുന്ന പുതിയ കണ്ടെത്തെലുകളെ കുറിച്ചുള്ള അറിവുകൾ പങ്ക് വയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രഭാഷണം കൊണ്ട് ഡോ. വിശ്വനാഥൻ ലക്ഷ്യമിടുന്നത്.

ബോധം എന്ന വാക്ക് നമ്മുക്ക് സുപരിചിതം ആണെങ്കിലും, അത് എന്ത് എന്ന് ചിന്തിച്ചിട്ടുള്ളവർ ചുരുക്കം ആയിരിക്കും. പലവിധ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികളുടെ മസ്തിഷ്‌കത്തിൽ ബോധം എങ്ങനെ രൂപം കൊള്ളുന്നു? അതിന്റെ ശാസ്ത്രീയമായ വിശദീകരണം എന്താണ്? ശാസ്ത്രജ്ഞർ എന്തുകൊണ്ട് ഇതിനെ ജീവശാസ്ത്രപരമായ ഒന്നാണ് എന്ന് ഉറപ്പിച്ചു പറയുന്നു? മറ്റു ജീവജാലങ്ങൾക്കും ബോധം ഉണ്ടോ? ബോധത്തിന്റെ പരിണാമം സംഭവിച്ചത് എപ്രകാരമാണ്? ബോധത്തെ പറ്റിയുള്ള പഠനം കൊണ്ട് എന്താണ് ആത്യന്തകമായി ലക്ഷ്യമിടുന്നത്? അതിൽ നിന്നുള്ള നേട്ടം എന്ത്? അങ്ങനെ നിരവധി ആയ സംശയങ്ങൾ ചർച്ച ചെയ്യുവാൻ ഉള്ള ഒരു അവസരം ആണ് യുകെ മലയാളികൾക്ക് കൈ വന്നിരിക്കുന്നത്.

തന്റെ പ്രഭാഷണങ്ങളിലൂടെ, സമൂഹത്തിൽ നിലനിൽക്കുന്ന അശാസ്ത്രീയമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം ചോദ്യം ചെയ്യുന്ന ഒരു വ്യക്തി ആണ് ഡോ. വിശ്വനാഥൻ. യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യുണൈറ്റഡ് കിങ്ഡത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഡോ. സി. വിശ്വനാഥൻ യുകെയിൽ എത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ടിക്കറ്റുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കുറഞ്ഞ സീറ്റുകൾ മാത്രം ഉള്ളതിനാൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

സ്ഥലത്തിന്റെ വിലാസം
Jurys Inn, Wellesley Road, Croydon, CR0 9XY, South London