തിരുവനന്തപുരം: എട്ടു മക്കളുടെ അമ്മ കുഞ്ഞിനെ രക്ഷിച്ചു മരണത്തിനു കീഴടങ്ങിയ കഥ ഇന്നലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഉദരത്തിൽ ജീവനെടുത്ത കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാൻ കാൻസറിന് ചികിത്സ വേണ്ടെന്നു സ്വയം തീരുമാനമെടുത്ത ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി വീട്ടിൽ ജോജുവിന്റെ ഭാര്യ സപ്ന ട്രേസിയുടെ (43) ത്യാഗത്തിന്റെ കഥ വായനക്കാരും വേദനയോടെയാണ് ഏറ്റുവാങ്ങിയത്. എന്നാൽ സ്വപ്നയുടെ ത്യാഗം മഹത്വവൽക്കരിക്കരുതെന്ന മുന്നറിയിപ്പുമായി ദീപു സദാശിവൻ എന്ന ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

ഉദരത്തിലെ കുഞ്ഞിനെ ഉൾപ്പെടെ എട്ടു കുഞ്ഞുങ്ങളെ കൈവിടുന്ന പ്രവർത്തിയാണ് ആ അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്തത് എന്നാണ് ഇയാൾ ചൂണ്ടിക്കാട്ടുന്നത്. ചികിത്സിച്ചാൽ ഭേദമാവുമായിരുന്ന അവസ്ഥയിൽ അബോർഷൻ ചെയ്യാൻ മടിച്ചു ചികിത്സ എടുക്കാതെ സ്വയം ഹത്യ വരിച്ചത് എന്ത് വിശ്വാസത്തിന്റെ പേരിൽ ആണെങ്കിലും ഇതൊക്കെ അപലപനീയമാണ് എന്ന് പറയാതെ വയ്യ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങൾ സ്വപ്നയുടെ കഥ പ്രോത്സാഹിപ്പിക്കരുതെന്നും ദീപുവിന്റെ കുറിപ്പിൽ ആവശ്യപ്പെടുന്നു.

ദീപുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം

'ഉദരത്തിലെ കുഞ്ഞിനെ കൈവിട്ടില്ല....അമ്മ മരണത്തിനു കീഴടങ്ങി'എന്ന തലക്കെട്ടിൽ വന്ന മനോരമ വാർത്ത പരോക്ഷമായി നടത്തുന്ന മഹത്വവൽക്കരണം നിർഭാഗ്യകരമാണ്.

ഉദരത്തിലെ കുഞ്ഞിനെ ഉൾപ്പെടെ എട്ടു കുഞ്ഞുങ്ങളെ കൈവിടുന്ന പ്രവർത്തിയാണ് ആ അമ്മ അറിഞ്ഞോ അറിയാതെയോ ചെയ്തത്. ചികിത്സിച്ചാൽ ഭേദമാവുമായിരുന്ന അവസ്ഥയിൽ അബോർഷൻ ചെയ്യാൻ മടിച്ചു ചികിത്സ എടുക്കാതെ 'സ്വയം ഹത്യ' വരിച്ചത് എന്ത് മത വിശ്വാസത്തിന്റെ പേരിൽ ആണെങ്കിലും ഇതൊക്കെ അപലപനീയമാണ് എന്ന് പറയാതെ വയ്യ.

ഭർത്താവിനു വേറെ കല്യാണം കഴിക്കാൻ മതവിശ്വാസം തടസ്സമാവില്ലായിരിക്കും, മക്കൾക്ക് പകരം അമ്മയെ കിട്ടില്ലല്ലോ. ഇക്കാലത്തും ഇതിനെ വിശ്വാസത്തിന്റെ പേരിൽ വാഴ്‌ത്തിപ്പാടാൻ ഒരു പറ്റം ആൾക്കാരും. വാർത്ത ഒക്കെ വരുന്നതിനു മുന്നേ പ്രചരിച്ച പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് താഴെ...

മതം ലഹരിയായി തലയ്ക്കു പിടിച്ചു തുടങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്,

1, അനവധി നിരവധി പ്രസവം എന്നത് സ്ത്രീകളുടെ ശരീരാരോഗ്യത്തിനും ചിലപ്പോഴൊക്കെ ജീവനും തന്നെ അപകടമാണ്.

2, അഞ്ചിൽ അധികം പ്രാവശ്യം പ്രസവിച്ച ച്ച സ്ത്രീകളെ Grand multiparity എന്ന മെഡിക്കൽ പദം കൊണ്ട് വിശേഷിപ്പിക്കുന്നു ഇത്തരക്കാർ വീണ്ടും ഗർഭം ധരിക്കുമ്പോൾ കുഞ്ഞിനും അമ്മയ്ക്കും ഉള്ള റിസ്‌കുകൾ കൂടുന്നു.

3, രാജ്യത്ത് നിലവിലുള്ള പോളിസി പ്രകാരം ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നതിന് വേണ്ടിയാണ് സന്താനനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നത്. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ദീർഘകാല ശാരീരകആരോഗ്യം സാമൂഹിക ഉന്നമനം എന്നിവ ലക്ഷ്യമാക്കിയാണ് ഇത്തരം കാര്യങ്ങൾ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ളത്.ഇതിനു ശാസ്ത്രീയമായ അടിത്തറയും ഉണ്ട്. ഇത് അനുവർത്തിക്കാതെ സ്വന്തം കാര്യം മാത്രം നോക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റേറ്റ് വക സാമൂഹിക പരിരക്ഷകൾ നൽകുന്നത് പുനഃപരിശോധിക്കേണ്ടതാണ്.

4, ക്യാൻസർ എന്നത് അല്ല പൊതു സ്വഭാവം ഉള്ള അനേകം രോഗങ്ങളെ പൊതുവിൽ പറയുന്നതാണ്.ചികിത്സയും ഒരേ പോലെ അല്ല, രോഗത്തിന്റെ ടൈപ്പ് , അവസ്ഥ, രോഗം പടർന്നിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ചികിത്സ.

5, ക്യാൻസർനുള്ള ഏക ചികില്‌സ അല്ല കീമോതെറാപ്പി എല്ലാ ക്യാൻസറിനും കീമോതെറാപ്പി വേണ്ടാ താനും.സർജറി , റേഡിയെഷൻ, ഹോർമോൺ തെറാപ്പി, ജീൻ തെറാപ്പി അങ്ങനെ പലവിധ ചികിത്സാ പദ്ധതികളും ഒറ്റയ്ക്കും സംയുക്തമായും ഉപയോഗിക്കുന്നുണ്ട്.

6, ക്യാൻസറുകളുടെഇടയിൽ വളരെയധികം ചികില്‌സാഫലപ്രാപ്തി ഉള്ള ഒന്നാണ് സ്തനാർബുദം, പൂർണ്ണമായും ഭേദമാക്കാവുന്നത്, എന്നാൽ ശരിയായ ചികിത്സ വൈകിയാൽ ക്യാൻസർ പടർന്നു പിടിച്ചു അപകടം സംഭവിച്ചേക്കാം.

അവസാനമായി : ചികിത്സ ചെയ്യാത്ത / രക്തം ട്രാൻസ്ഫ്യൂഷൻ നൽകാത്ത ചില ക്രിസ്ത്യൻ അവാന്തര വിഭാഗങ്ങൾ ഒക്കെ ഉണ്ടായിരുന്നു ഇന്ന് അത്തരക്കാരെ അധികം കാണുന്നില്ല, വിവരം വെച്ചപ്പോൾ വംശം അറ്റ് പോയോ എന്നറിയില്ല.

സപ്ന മാതൃത്വത്തിന്റെ മാതൃക എന്ന് മലയാള മനോരമ ലേഖകൻ ...ഷെയിം ഓൺ യൂ...
മാതൃക ആവുന്നത് ഏതാനും മതവാദികൾക്ക് മാത്രം ആവും. സമൂഹത്തിനു ഇത് മാതൃക അല്ല ഒട്ടനവധി കാരണങ്ങളാൽ.

ഗർഭ നിരോധന മാർഗ്ഗങ്ങൾ അനുവർത്തിക്കാതെ ഇരിക്കുക, മെഡിക്കൽ കാരണങ്ങളാൽ നിർബന്ധിതമായാൽ പോലും അബോർഷൻ ചെയ്യാതിരിക്കുക, ചികിത്സാ നിഷേധത്തിലൂടെ മരണം വരിക്കുക പോലുള്ളവ ദയവു ചെയ്തു സമൂഹത്തിൽ മഹാത്വവൽക്കരിക്കരുത് എന്ന് മാധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട്.