മാറ്റങ്ങൾ തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്, അടുക്കളയിൽ നിന്നാണ്. സ്വന്തം എച്ചിൽ പാത്രം വൃത്തിയാക്കേണ്ടത് അവൻ തന്നെയാണ് എന്നവൻ പഠിക്കേണ്ടതുണ്ട്. സ്വന്തം ഭക്ഷണം പാകം ചെയ്യേണ്ടത് അവൻ തന്നെയാണെന്ന് അവൻ മനസ്സിലാക്കേണ്ടതുണ്ട്. ദാഹിക്കുമ്പോൾ വെള്ളമെടുത്ത് കുടിക്കേണ്ടതും അവൻ തന്നെയാണ് എന്ന് അവൻ അറിയേണ്ടതുണ്ട്. അവന്റെ വസ്ത്രം അലക്കേണ്ടത് അവൻ തന്നെയാണെന്നും ഷഡ്ഡി കഴുകേണ്ടത് അവൻ തന്നെയാണെന്നും അവൻ മനസ്സിലാക്കിയേ പറ്റൂ.

ഇവിടെ നിന്നാണ് തുടങ്ങേണ്ടത്...ഇതൊക്കെ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നും മുറ്റത്തു നിന്നും തുടങ്ങേണ്ടതാണ്, ചെറുപ്പത്തിൽ തന്നെ. പക്ഷേ, പലപ്പോഴും നടക്കാറില്ല. പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും മറ്റുള്ളവർ തയ്യാറാകുന്നതുകൊണ്ട് അവൻ അത് പഠിക്കില്ല. അവിടം മുതൽ മാറ്റം വരണം.

റിമാ കല്ലിങ്കൽ അന്നു പറഞ്ഞ 'പൊരിച്ച മീന്റെ' പ്രസക്തി എന്നുമുണ്ട്. മാറ്റം എളുപ്പമല്ല. പക്ഷേ, അസംഭവ്യവുമല്ല. 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കാണണം. അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വമാണതിൽ വരച്ചു കാട്ടുന്നത്. പലരുടെയും ഉള്ളിലെ 'പുരുഷ ചിന്ത' പച്ചയായി വരച്ചുകാണിച്ചിരിക്കുന്നു. തല കുനിച്ചു കൊണ്ട് മാറ്റങ്ങൾക്ക് വേണ്ടി ചിന്തിക്കാൻ ഒരവസരം ആണിത്. ആരും പെർഫെക്റ്റ് അല്ല. പക്ഷേ പെർഫെക്ട് ആകാൻ ആർക്കും ശ്രമിക്കാൻ പറ്റും. കഴിഞ്ഞകാലം തിരുത്താൻ പറ്റില്ല. പക്ഷേ ഭാവിയിൽ മാറ്റങ്ങൾ വരുത്താൻ പറ്റും. ആത്മാർത്ഥമായി ശ്രമിക്കണമെന്ന് മാത്രം. ചിന്താ രീതിയിൽ സമൂലമായ മാറ്റം ഉണ്ടാകണമെന്ന് മാത്രം. നവോത്ഥാനം ഉണ്ടാകേണ്ടത് അമ്പലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും മാത്രമല്ല. അവ ആരംഭിക്കേണ്ടത് സ്വന്തം വീട്ട് മുറ്റത്തു നിന്നാണ്, അടുക്കളയിൽ നിന്നാണ്.

(പണ്ട് ഇത്തരത്തിലുള്ള നിരവധി ഊളത്തരങ്ങൾ ചിന്താഗതിയിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാനും. തെറ്റ് മനസ്സിലാക്കുമ്പോൾ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാധാരണ മനുഷ്യനാണ്. അതുകൊണ്ടുതന്നെ തല കുനിച്ചു കൊണ്ട് തിരുത്തലുകൾ വരുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.)