കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തെ ഗോരഖ്പുർ സർക്കാർ ആശുപത്രിയുമായി താരതമ്യം ചെയ്ത് വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തിയ ആരതി റോബിന്റെ വീഡിയോക്ക് 1400 ലൈക്കും 1800 ഓളം ഷെയറും. വിഷയത്തിൽ തെറ്റിദ്ധാരണകൾ എന്തൊക്കെ എന്നവതരിപ്പിച്ച പോസ്റ്റുകളുടെ റീച്ചും കൂടി ഒന്ന് നോക്കാം.

ഡോ. നെൽസൺ ജോസഫിന്റെ പോസ്റ്റ്: 2400 ലൈക്ക്; 787 ഷെയർ
ഡോ. ദീപു സദാശിവന്റെ പോസ്റ്റ്: 1000 ലൈക്ക്; 242 ഷെയർ
ഡോ. കിരൺ നാരായണന്റെ പോസ്റ്റ്: 300 ലൈക്ക്; 60 ഷെയർ
ഇൻഫോക്ലിനിക്ക് പോസ്റ്റ്: 875 ലൈക്ക്; 391 ഷെയർ
എന്റെ പോസ്റ്റ്: 1500 ലൈക്ക്; 359 ഷെയർ

അതെ, പ്രതീക്ഷ നശിച്ചിട്ടില്ല. സത്യം എന്തെന്ന് എഴുതാൻ സാമൂഹ്യ മാധ്യമങ്ങളുണ്ട്. നുണ പ്രചാരണങ്ങളെയും തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ, ജനങ്ങളിൽ എത്തിക്കാൻ സാമൂഹ്യമാധ്യങ്ങൾക്കാവും. എങ്കിലും നുണ പ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും, അതിനാൽ തന്നെ സത്യം പറയുന്നവരും പറഞ്ഞുകൊണ്ടേയിരിക്കണം ... അത്ര സുഖകരമല്ലിത്.
എങ്കിലും അത്ര മോശവുമല്ല സാഹചര്യം.

എന്നാൽ ഈ വിവരം നിരാശാജനകമാണ്. ഈ മാസം നാലാം തിയതി ഉണ്ടായ ഒരു മരണത്തെ കുറിച്ചാണ്. വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ആ മാതൃമരണം.
ഒക്ടോബർ മാസത്തിൽ പ്രസവിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രസവം നേരത്തെയായി; ഈ മാസം നാലാം തിയതി. ഈ 24 വയസുകാരിയുടെ ആദ്യ പ്രസവം ആശുപത്രിയിൽ വച്ചും രണ്ടാമത് പ്രസവം വീട്ടിൽ വെച്ചുമായിരുന്നു. മൂന്നാമത്തെ ഈ പ്രസവം എടുക്കാൻ പരിശീലനം ലഭിക്കാത്ത ഒരു ദായി മാത്രമാണുണ്ടായിരുന്നത്. ഗർഭ കാലത്ത് സ്വീകരിക്കേണ്ട വാക്‌സിനുകളും ആവശ്യമായ കരുതലുകളും സ്വീകരിച്ചിരുന്നില്ല. ഒരാൺകുഞ്ഞിനെ പ്രസവിച്ച ശേഷം നിലക്കാത്ത രക്തസ്രാവം; എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞു ഒരാശുപത്രിയിലെത്തിക്കാൻ. മറുപിള്ള പോലും ശരിയായി നീക്കം ചെയ്തിരുന്നില്ല.
വിളിച്ചുവരുത്തിയ മരണം എന്നുമാത്രമേ പറയാനാകൂ. പ്രസവം എന്ന പ്രക്രിയ ഏത് ഘട്ടത്തിലും സങ്കീർണ്ണമാവാൻ സാധ്യതയുണ്ട്. ശരിയായ ചികിത്സ ലഭിച്ചാൽ നല്ലൊരുശതമാനം സങ്കീർണ്ണതകളും ഒഴിവാക്കാൻ സാധിക്കും.

കേട്ടട്ടിട്ടില്ലേ എന്റെ ഉമ്മൂമ്മ പത്ത് പ്രസവിച്ചു എന്നിട്ടും കുഴപ്പമൊന്നുമില്ലായിരുന്നല്ലോ എന്ന കഥ ? എന്നാൽ രണ്ട് കുഞ്ഞുങ്ങൾ പ്രസവത്തിൽ മരിച്ചു, ഒന്ന് ഒൻപതാം മാസം വയറിളക്കം വന്ന് മരിച്ചു, പിന്നെ അഞ്ചാമത്തെ കുട്ടിക്ക് ചെറിയൊരു ബുദ്ധിക്കുറിവുണ്ട്. എന്നാലെന്താ ആറ് കിടിലൻ മക്കളില്ലേ? ഇതായിരുന്നു ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു നൂറ്റാണ്ട് മുൻപ് നിലനിന്നിരുന്ന അവസ്ഥ.

മാതൃമരണ നിരക്കുകൾ വരുതിയിലായത് തന്നെ ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സൗകര്യങ്ങളുടെയും വളർച്ചയിലൂടെയാണ്. മറ്റേണൽ മോർട്ടാലിറ്റി റേറ്റ് അതായത് ഒരു ലക്ഷം പ്രസവങ്ങളിൽ എത്ര അമ്മമാർ മരിച്ചു എന്നതാണ് കണക്ക്. കേരളത്തിന്റെ റേറ്റ് 61, ഇന്ത്യയുടെ ആകെ 167, ഗുജറാത്ത് 112, ഉത്തർപ്രദേശ് 285, തമിഴ്‌നാട് 79, മഹാരാഷ്ട്ര 68. (Ref: http://niti.gov.in/.../maternal-mortality-ratio-mmr-100000-li...)

ഇനി ഇതേ സംസ്ഥാനങ്ങളിലെ ആശുപത്രിയിലെ പ്രസവ നിരക്കും കൂടി പരിശോധിക്കാം. കേരളം 99.8 %, ഇന്ത്യ 78.5 %, ഗുജറാത്ത് 91.8 %, ഉത്തർപ്രദേശ് 57.9 %, തമിഴ്‌നാട് 99.8 %, മഹാരാഷ്ട്ര 90.7%. (Ref: http://pib.nic.in/newsite/PrintRelease.aspx?relid=123989) ലളിതമായി പറഞ്ഞാൽ വീട്ടിൽ പ്രസവം കുറയുന്ന സ്ഥലങ്ങളിൽ മാതൃമരണ നിരക്ക് കുറയുന്നു.

നവജാത ശിശുക്കളുടെ മരണ നിരക്കും ഈ ആശുപത്രി പ്രസവുമായും ഇതേ ബന്ധമാണ്. അവയും എത്ര എന്നുനോക്കാം. ആയിരം ശിശുജനനങ്ങളിൽ എത്ര കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതാണ് നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്. കേരളത്തിന്റെ Rural - 7 & Urban - 3, ഇന്ത്യയുടെ ആകെ Rural - 31 & Urban - 15, ഗുജറാത്ത് Rural - 31 & Urban 16, ഉത്തർപ്രദേശ് Rural 38 & Urban 20, തമിഴ്‌നാട് Rural - 18 & Urban 11, മഹാരാഷ്ട്ര Rural - 21 & Urban 11. (Ref: http://niti.gov.in/.../neo-natal-mortality-rate-nmr-1000-live...)

ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മൂലമാണ് ഇന്ത്യയിലെ പൊതുവായ അവസ്ഥയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യക്തമായ മേൽക്കോയ്മ നമുക്ക് ലഭിക്കുന്നത്. എന്നാൽ പൗരാണികതയുടെ പേരും പറഞ്ഞ്; അബദ്ധ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നാൽ നാം മാതൃമരണങ്ങളുടെ പഴയ ഇരുണ്ട നൂറ്റാണ്ടിലേക്ക് തന്നെ തിരികെ പോകും. അല്ലെങ്കിൽ ഇന്ന് നമുക്കുള്ള ഈ മികവ് നഷ്ടപ്പെടും. നമ്മൾ മറ്റ് സംഥാനങ്ങളുടെ അവസ്ഥയിലേക്ക് തരംതാഴും.

മലപ്പുറത്ത് രക്ഷിക്കാമായിരുന്ന ഒരമ്മയുടെ ജീവൻ കുരുതികൊടുത്ത ഈ ഓഗസ്റ്റിൽ തന്നെ നമ്മൾ കേൾക്കുന്ന മറ്റൊരു വാർത്തകൂടിയുണ്ട്. ഗർഭപാത്രത്തിൽ 22 ആഴ്ച മാത്രം പ്രായമായ ഇരട്ടക്കുട്ടികൾ പ്രസവ ശേഷം വെന്റിലേറ്ററിൽ കിടക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നു എന്ന വാർത്ത. ഇതൊരു ഇന്ത്യൻ റെക്കോർഡ് കൂടിയാണ്. കൊച്ചിയിലെ രാജഗിരി ആസ്പത്രയിലാണ് സംഭവം.

'ഗർഭസ്ഥ ശിശുവിന്റെ വയബിലിറ്റി' എന്നൊരു പ്രയോഗമുണ്ട്. അമ്മയുടെ ശരീരത്തിന് പുറത്തെത്തിയാൽ കുഞ്ഞിന് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുക എന്നാണ് ഈ പ്രയോഗത്തിന്റെ അർത്ഥം. 210 ദിവസങ്ങൾ ഗർഭ പാത്രത്തിൽ ജീവിച്ച ഭ്രൂണങ്ങളെയാണ് 'വയബിൾ' എന്ന് പറയുക. കൊച്ചിയിൽ വെറും 154 ദിവസം ഗർഭപാത്രത്തിൽ കിടന്ന ഇരട്ടക്കുഞ്ഞുങ്ങളാണ് പ്രസവ ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയത്. അവിടെയാണ് നാം എത്തിനിൽക്കുന്നത്; ഇത്രയുമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ച.

ഇതേ അവസരത്തിലാണ് വീട്ടിൽ പ്രസവിച്ച ഒരമ്മ ശരിയായ ചികിത്സ ലഭിക്കാതെ മരിക്കുന്നത്; സമൂഹം ആ മരണം ചർച്ച ചെയ്യാതിരിക്കുന്നത്. ഈ സംഭവത്തിൽ പോസ്റ്റ് മോർട്ടം പരിശോധന പോലും ഒഴിവാക്കാൻ രാഷ്ട്രീയ നേതൃത്വം അടക്കം കൂട്ടുനിൽക്കുമ്പോൾ നമ്മുടെ ശാസ്ത്ര അവബോധത്തെക്കാൾ വലുത് വോട്ട് ബാങ്ക് രാഷ്ട്രീയമാകുന്നു. വീട്ടിലെ പ്രസവങ്ങൾ മഹത്വവൽക്കരിക്കുന്ന മാതൃഭൂമി പോലുള്ള പത്രങ്ങൾ ഈ മരണങ്ങളുടെ മുൻപിൽ കണ്ണടക്കുന്നു.

ഇവിടെ നിസ്സഹായരാകുന്നത് സമൂഹമാണ്. തെറ്റിദ്ധാരണകൾ വളർത്തുന്ന വാക്‌സിൻ വിരുദ്ധരും ആധുനിക വൈദ്യശാസ്ത്ര വിരുദ്ധരും ഒരു വശത്ത്. ശാസ്ത്രീയത പറയുന്ന ചുരുക്കം ചില ശാസ്ത്ര കുതുകികൾ മറുവശത്ത്. ജനങ്ങൾ ആശയക്കുഴപ്പത്തിലും, എല്ലാവരുമല്ല ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് വളക്കൂറുള്ള ചില സ്ഥലങ്ങളിലെ ചിലർ !
പ്രതിരോധം ഒന്നുമാത്രമാണ് - ഈ വിഷയങ്ങൾ സംവദിക്കുക. അതാണ് ഞങ്ങൾ ചെയ്യുന്നത്, ഇൻഫോക്ലിനിക്കും.
ചിന്തിക്കൂ; ചിന്തിക്കൂ; ചിന്തിക്കൂ ...