- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം പത്മശ്രീയും റെയിൽവേ ദേശീയ പുരസ്‌കാരവും നൽകി ആദരിച്ച മഹാൻ; ഇന്ദിരാ ഗാന്ധിയിൽ നിന്നും പ്രശംസാ പത്രം ലഭിച്ച ഡോക്ടർ: അന്തരിച്ച ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ.കെ.എ.ഏബ്രഹാമിന്റെ സംസ്ക്കാരം ഇന്ന് ചെന്നൈയിൽ

ചെന്നൈ: അന്തരിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ പത്തനംതിട്ട അയിരൂർ കുരുടാമണ്ണിൽ ഡോ.കെ.എ.ഏബ്രഹാം (ആബി, 79) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്. അണ്ണാ നഗർ ജറുസലം മാർത്തോമ്മാ ദേവാലയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം മൂന്നിന് കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്‌ക്കരിക്കും..
ഇന്ദിരാ ഗാന്ധി പ്രശംസാപത്രം നൽകി ആദരിച്ച മഹാനായിരുന്നു ഡോ.കെ.എ.ഏബ്രഹാ. 30 വർഷത്തിലേറെ റെയിൽവേ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പെരമ്പൂർ റെയിൽവേ ആശുപത്രിയെ രാജ്യത്തെ ഏറ്റവും മികച്ച റഫറൽ ആശുപത്രിയായി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2002ലാണു ഇവിടെ നിന്നും ചീഫ് കാർഡിയോളജിസ്റ്റായി വിരമിച്ചത്. തുടർന്ന് വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. രാജ്യം പത്മശ്രീയും റെയിൽവേ ദേശീയ പുരസ്‌കാരവും നൽകി ആദരിച്ചു.
ഉന്നത മെഡിക്കൽ ബിരുദങ്ങളായ എഫ്എസിസി (യുഎസ്), എംആർസിപി (ലണ്ടൻ), എഫ്ആർസിപി (ലണ്ടൻ) എന്നിവ നേടിയ അദ്ദേഹം അക്കാലത്ത് എഫ്എസിസി കരസ്ഥമാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണു മെഡിക്കൽ ബിരുദം നേടിയത്. തുടർന്നു 3 വർഷം ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ഇന്ത്യപാക്ക് യുദ്ധസമയത്തെ സ്തുത്യർഹ സേവനത്തിനു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രശംസാപത്രം നൽകിയിരുന്നു.
പരേതനായ എൻജിനീയർ കെ.സി.ഏബ്രഹാമിന്റെയും പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ അലക്‌സാൻഡ്രിനയുടെയും മകനായി 1942 മാർച്ച് 14നാണു ജനിച്ചത്. ഭാര്യ: കോട്ടയം പുള്ളിയിൽ ബേബി ഏബ്രഹാം. മക്കൾ: ഡോ. സിബി മാമ്മൻ, ആൻ ഏബ്രഹാം. മരുമകൻ: കണ്ടത്തിൽ അരുൺ മാമ്മൻ (വൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, എംആർഎഫ്).


