- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹദം സ്ഥാപിച്ച് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; കാലിക്കറ്റ് സർലകലാശാല ഇംഗ്ലീഷ് പഠന വകുപ്പ് അസി.പ്രൊഫ. ഡോ.കെ.ഹാരിസിനെ പിരിച്ചുവിടാൻ സിൻഡിക്കേറ്റ് തീരുമാനം
മലപ്പുറം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രൊഫ. ഡോ. കെ. ഹാരിസിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ലൈംഗിക ചുവയോടെയുള്ള വാട്‌സ് ആപ്പ് ചാറ്റിങ് അടക്കം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത ഹാരിസ് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിനിടയിലാണ് സിൻഡിക്കേറ്റ് ഇത്തരത്തിൽ തീരുമാനം എടുത്തത്.
വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയായ കാലിക്കറ്റ് സർവ്വകലാശാലയിലെ അദ്ധ്യാപകനെ തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തിരുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. കേസിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് 354ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
അദ്ധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പൊലീസ് സ്റ്റേഷൻ മാർച്ചും പ്രഖ്യാപിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർകൂടിയായ ഹാരിസ് കോടമ്പുഴയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും സർവീസിൽനിന്നും പുറത്താക്കിയ തീരുമാനമാണ് ഇന്നുണ്ടായത്.
ഹാരിസിനെതിരെ ഒരു വിദ്യാർത്ഥിനി വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതിയിലാണ് നടപടി. ഈവിദ്യാർത്ഥിനിക്കുപിന്നാലെ ഇദ്ദേഹത്തിനെതിരെ കൂടുതൽ പേർ പരാതിയുമായി വന്നിരുന്നു. പരാതി ഇന്റേണൽ കംപ്ലയിന്റ് സെല്ലിലേക്ക് സമർപ്പിക്കുകയും സെല്ലിന്റെ ശുപാർശ അനുസരിച്ച് ഹാരിസിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതെന്ന് കാലിക്കറ്റ് സർവകലാശാല രജിസ്റ്റ്രാർ നേരത്തെ അറിയിച്ചിരുന്നത്.
മുമ്പ് കോച്ചിങ് സെന്റർ നടത്തിയിരുന്ന പ്രതി വിവാഹമോചിതനാണെന്നും സമാനമായി നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. തൊഹാനി രംഗത്തുവന്നിരുന്നു. അക്കാദമിക സഹായം വാഗ്ദാനം ചെയ്ത് ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് തെഹാനിയുടെ ആരോപണം.
ആദ്യം വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം പിന്നീട് ദൃഢമായിക്കഴിഞ്ഞാൽ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നുമാണ് പരാതി. നിരവധി വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുണ്ടെന്നും വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഡിപ്പിച്ചതായും തെഹാനി ആരോപിക്കുന്നു. ആത്മാർത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിക്കുന്നുണ്ടെന്നും. ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ കൂട്ടത്തിലുണ്ടെന്നും ഇക്കാര്യങ്ങൾ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും തൊഹാനി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്