- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹ നിശ്ചയ നാളിൽ തന്നെ മോൺസനെ അറസ്റ്റ് ചെയ്തത് എന്തിന്? വലയിൽ കുടുങ്ങിയിട്ടുള്ളവരിൽ ചിലർ വൻതിമിംഗലങ്ങൾ ആയതുകൊണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഡോ.കെ.എസ്.രാധാകൃഷ്ണൻ
കൊച്ചി: മോൺസൺ മാവുങ്കലിന്റെ തട്ടിപ്പ് ദീർഘനാളായി പൊലീസിന് അറിയാമായിരുന്നിട്ടും, അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയ ദിവസം തിടുക്കം കൂട്ടി അറസ്റ്റ് ചെയ്തത് എന്തിനെന്ന് ബിജെപി നേതാവ് ഡോ.കെ.എസ്.രാധാകൃഷ്ണൻ. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന വിശദീകരണവും വിശ്വസനീയമല്ല. ഇത്രയ്ക്ക് വലിയ തട്ടിപ്പ്, ഇത്രകാലം നടത്തിയിട്ടും അതൊന്നും അറിയാതെ കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രി രാജ്യഭരണംം നടത്തി എന്നു വിശ്വസിക്കാനാകുന്നില്ല.ഒന്നുകിൽ മോൺസൺ ഭീക്ഷണിപ്പെടുത്തിയതുകൊണ്ടാകാം; അല്ലെങ്കിൽ മോൺസണിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളവരിൽ ചിലർ വൻതിമിംഗലങ്ങളാകാം, ഡോ.കെ.എസ്.രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ഡോ.കെ.എസ്.രാധാകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ:
ആരെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു കേരളാ പൊലീസ് മോൺസണെ അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയ ദിവസം തിടുക്കംകാട്ടി അറസ്റ്റ് ചെയ്തത്? നീതി നടപ്പാക്കുന്നതിനുവേണ്ടിയാണ് പൊലീസ് അങ്ങനെ ചെയ്തത് എന്നു വിശ്വസിക്കാൻ ന്യായം കാണുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന വിശദീകരണവും വിശ്വസനീയമല്ല. ഇത്രയ്ക്ക് വലിയ തട്ടിപ്പ്, ഇത്രകാലം നടത്തിയിട്ടും അതൊന്നും അറിയാതെ കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രി രാജ്യഭരണംം നടത്തി എന്നു വിശ്വസിക്കാനാകുന്നില്ല.
പൊലീസുകാർക്ക് പോലും കൃത്യമായി അറിവുണ്ടായിരുന്ന കാര്യം ഇപ്പോൾ പൊക്കിയെടുത്തത് ഒന്നുകിൽ മോൺസൺ ഭീക്ഷണിപ്പെടുത്തിയതുകൊണ്ടാകാം; അല്ലെങ്കിൽ മോൺസണിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളവരിൽ ചിലർ വൻതിമിംഗലങ്ങളാകാം. അവർക്കെതിരെയുള്ള തെളിവുകൾ നശിപ്പിക്കുന്നതിനുവേണ്ടിയാകാം പൊലീസിന്റെ ഇപ്പോഴത്തെ ഈ നാടകംകളി.
മോൺസൺ രോഗമല്ല; രോഗലക്ഷണമാണ്. തട്ടിപ്പിന് ഇരയാകാനുള്ള മനസ് മലയാളിക്കുണ്ട്. കാരണം, അദ്ധ്വാനിക്കാതെ ധനവാനകണമെന്ന ആഗ്രഹം മലയാളിക്കുണ്ട്. അദ്ധ്വാനമില്ലാത്ത ജോലിയാണ് മഹത്വമാർന്ന ജോലി എന്നാണ് മലയാളി സങ്കൽപ്പിക്കുന്നത്. ആയതിനാൽ നിരന്തരമായി മലയാളി തട്ടിപ്പിന് ഇരയാക്കപ്പെടുന്നു. അദ്ധ്വാനമില്ലാത്ത ധനസമ്പാദനം പാപമാണെന്ന് ഗാന്ധിയന്മാർ പോലും ഓർക്കാറില്ല. ലാബല്ലാ രാജൻ, ഓറിയന്റ് സാജൻ, ആട്, തേക്ക്, മാഞ്ചിയം എന്നു തുടങ്ങി പോപ്പുലർ ഫിനാൻസും മോൺസൺ ബ്രാന്റ് പുരാവസ്തുവും എല്ലാം മലയാളിയുടെ ഈ മനോഭാവത്തിന്റെ സൃഷ്ടികളാണ്.
വസ്തുകച്ചവടത്തിലെ ദല്ലാൾ പണിയാണ് മലയാളി യുവാക്കൾ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത തൊഴിൽ മേഖല. രാഷ്ട്രീയ പാർട്ടികളുടെ യുവജനസംഘടനകളുടെ പ്രാദേശിക നേതാക്കൾ ദല്ലാൾ പണിയിൽ മികവു കാണിക്കുകയും ചെയ്തു. പണമാണ് ദൈവമെന്ന് ആ കൂട്ടർ കണ്ടെത്തി. മുതിർന്ന രാഷ്ട്രീയ നേതാക്കൾ പണമുണ്ടാക്കുന്ന യുവനേതാക്കളെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. നിന്റെ ധനം ഇരിക്കുന്നിടത്ത് നിന്റെ ഹൃദയവും ഇരിക്കുന്നുവെന്ന് പറഞ്ഞത് യേശുദേവനാണ്. പല വൈദികരും അവരുടെ ഹൃദയം പണത്തിൽ നിക്ഷേപിച്ചു. അതുകൊണ്ടാണ് മോൺസണിന്റെ മഹത്വം പ്രകീർത്തിക്കാൻ അവർ സഭയുടെ പത്രത്തെ തന്നെ ഉപയുക്തമാക്കിയത്.
രണ്ടുലക്ഷത്തിഅറുപതിനായിരം കോടി രൂപ തനിക്ക് ബാങ്ക് ബാലൻസുണ്ടെന്നും അതെല്ലാം പുരാവസ്തുവ്യാപാരത്തിലൂടെ നേടിയതാണെന്നും മോൺസൺ പറഞ്ഞപ്പോൾ അക്കാര്യം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അവർക്ക് ഒരുമടിയും ഉണ്ടായിരുന്നില്ല. സമൂഹത്തിലെ പ്രമാണിമാർ അവരുടെ സഹകരണം കൊണ്ട് ഈ തട്ടിപ്പിന് കൂട്ടുനിന്നു. കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ മുതൽ മുൻ പൊലീസ് ചീഫ് ലോക്നാഥ് ബെഹ്റയും ഡി.ജി.പി. മനോജ് എബ്രാഹാമും മോൺസൺ പറഞ്ഞ രീതിയിൽ അവരവരുടെ ഭാഗം അഭിനയിച്ചു പൊലിപ്പിച്ചു
ടിപ്പുവിന്റെ സിംഹാസനത്തിൽ കുന്തവും പിടിച്ചിരിക്കുന്ന ലോക്നാഥ് ബെഹ്റ, ശിവജിയുടെ വാളും പിടിച്ചുനിൽക്കുന്ന മനോജ് എബ്രാഹാം, മോൺസണിന്റെ ദർബാറിൽ അധ്യക്ഷം വഹിച്ചു ആസ്വദിച്ചിരിക്കുന്ന കെ.സുധാകരൻ ഇവരെല്ലാം എന്തിനുവേണ്ടിയാണ് ഇങ്ങനെ കോലം കെട്ടിയത്? ഈ തട്ടിപ്പുകാരനെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് പൊലീസ് ചീഫും ഡി.ജി.പി.യും പറയുന്നത്.എങ്കിൽ മുൻകാല പ്രാബല്യത്തോടെ അവർക്ക് നൽകിയ ഐ.പി.എസ്. പദവി പിൻവലിക്കേണ്ടതാണ്.
മറ്റൊരു ഡി.ഐ.ജി. സകുടുംബം മോൺസണിന്റെ ജന്മദിനം പൂത്തിരികത്തിച്ച് ആഘോഷിച്ചു.ഇവരൊക്കെ, തട്ടിപ്പ് മനസിലാക്കാൻ കഴിയാത്ത നിഷ്കളങ്കരാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു ലാഭവും ഇല്ലാതെ ഇവരാരും കോലം കെട്ടി ആടുകയുമില്ല. ഇവർക്ക് ലഭിച്ച ലാഭം എന്ത്?
മറുനാടന് മലയാളി ബ്യൂറോ