ന്യൂഡൽഹി: നിപ വൈറസ് ബാധയെ ചെറുക്കാൻ കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം കൈകോർക്കാൻ അനുവദിക്കണമെന്ന ഡോ. കഫീൽ ഖാന്റെ അഭ്യർത്ഥനയും അതിന് പിണറായി നൽകിയ മറുപടിയും കഴിഞ്ഞദിവസം ചർച്ചയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്രൂശിച്ച കഫീൽഖാനെ കേരളത്തിലേക്ക് മുഖ്യമന്ത്രി പിണറായി സ്വാഗതം ചെയ്തതിനെ ചൊല്ലി പുതിയ വിവാദം ഉയരുകയാണ് ദേശീയ തലത്തിൽ.

നിപ വൈറസ് കേരളത്തിൽ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് സേവനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു ഉത്തർപ്രദേശിൽ ശിശുമരണത്തിന്റെ പേരിൽ നടപടി നേരിട്ട കഫീൽഖാൻ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികാരമാണ് കഫീൽ ഖാന് എതിരെ ഉണ്ടായതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച് കഫീൽ ഖാൻ രംഗത്തെത്തിയത്. ആവശ്യത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി മെഡിക്കൽ സൂപ്രണ്ട് ഓഫീസറുമായി ബന്ധപ്പെടണമെന്ന് മറുപടി നൽകി.

ഇതോടെയാണ് കേരള സർക്കാരിനെയും യുപി സർക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പ്രചരണം നടക്കുന്നത്. 'യോഗിയുടെ വില്ലൻ പിണറായിയുടെ ഹീറോ' എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. പ്രചരണങ്ങൾ ശക്തമായതോടെ കഫീൽ ഖാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രചരണങ്ങൾ വേദനപ്പെടുത്തുന്നതാണെന്നും ഇത് സാമൂഹ്യ സേവനം മാത്രമാണെന്നും പണം വാങ്ങി നടത്തുന്ന സേവനം അല്ലെന്ന് മനസ്സിലാക്കണമെന്നും കഫീൽ ഖാൻ പ്രതികരിക്കുന്നു. ദേശീയ മാധ്യമങ്ങളാണ് പ്രചരണത്തിന് പിന്നിലെന്നാണ് സൂചന.

നിപ വൈറസ് ബാധ കാലത്ത് മാത്രമാണ് കേരളത്തിലെ സേവനമെന്നും അത് കഴിഞ്ഞാൽ താൻ യുപിയിലേക്ക് മടങ്ങിയെത്തുമെന്നും കഫീൽ ഖാൻ പറയുന്നു. രാജ്യത്ത് എവിടെ സേവനം നടത്തുന്നതിനും തന്നെ ഒരു കോടതിയും വിലക്കിയിട്ടില്ല. താൻ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ സേവനം അനുഷ്ടിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതിന് നന്ദിയുണ്ട്.- ഫേസ്‌ബുക്ക് കുറിപ്പിൽ കഫീൽ ഖാൻ പ്രതികരിച്ചു.

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ നഴ്‌സ് ലിനിയുടെ മരണംകൂടി നടന്ന സാഹചര്യത്തിലാണ് നഴ്‌സിന്റെ സേവനത്തെ ഉൽകൃഷ്ടമെന്ന് വിശേഷിപ്പിച്ചും അനുശോചനം അറിയിച്ചും കഫീൽഖാൻ പോസ്റ്റ് നൽകിയത്. ഇതിലാണ് കേരളത്തിൽ ആതുരസേവനത്തിന് തയ്യാറാണെന്ന് കഫീൽഖാൻ വ്യക്തമാക്കിയതും കേരളത്തിൽ സേവനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. കഫീൽ ഖാന്റെ സന്ദേശത്തിന് പിന്നാലെ തന്നെ അദ്ദേഹത്തെ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തു.

അടുത്തിടെ കേരള സന്ദർശനത്തിനെത്തിയ കഫീൽഖാൻ സംസ്ഥാനത്തെ വികസനത്തെയും ജനങ്ങളെയും പുകഴ്‌ത്തിയതും ചർച്ചയായിരുന്നു. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബിആർഡി ആശുപത്രിയിൽ കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കഫീൽ ഖാൻ അടുത്തിടെയാണ് ജയിൽ മോചിതനായത്.