- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തുകാരനായ കിരൺ ഏറെ നാളായി താമസിക്കുന്നത് തിരുവനന്തപുരത്ത്; പോത്തോൻകോട്ടുകാരൻ ഐടി മിഷനിലെ മുൻ ഉദ്യോഗസ്ഥൻ; മസ്കത്തിലെ കോളേജ് ഡീനിന് ഡോളർ കൈമാറിയെന്ന സ്വപ്നയുടെ മൊഴിയിൽ നിറയുന്നത് അദ്ധ്യാപകന്റെ ഇടപെടൽ; ആരോപണം എല്ലാം നിഷേധിച്ച് കിരണും; ഇനി ലാഫിറിന്റെ ഊഴം
കൊച്ചി : വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത വിദേശമലയാളിയായ ഡോ.കിരണിനും ഐടി മിഷൻ ബന്ധം.
മസ്ക്കത്തിലെ ഒരു കോളജിൽ ഡീൻ ആണു തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ഡോ. കിരൺ. ഡോളർ കടത്തു കേസിൽ പ്രതിയായ സ്വപ്ന ഈ കോളജിൽ സന്ദർശനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കിരണിന്റെ മൊഴി രേഖപ്പെടുത്തിയത്. ഡോ. കിരൺ നേരത്തെ ഐടി മിഷനിൽ ജോലി ചെയ്തിരുന്നു. സ്പീക്കർ ശ്രീരമാകൃഷ്ണനും ഇയാളും തമ്മിലെ ബന്ധവും പരിശോധിക്കുന്നുണ്ട്.
കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ രാവിലെ 10ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വരെ നീണ്ടു. കേസിൽ വിദേശ മലയാളികളെ ചോദ്യംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് കിരണിനെ വിളിച്ചുവരുത്തിയത്. മറ്റൊരു പ്രവാസി വ്യവസായിയായ മുഹമ്മദ് ലാഫിറിനെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നും വിവരമുണ്ട്.
കേരളത്തിൽനിന്ന് വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും സന്ദീപിന്റെയും നിർണായക മൊഴിയുണ്ട്. ഇതിലാണ് കിരണിന്റെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്. കേരളത്തിൽനിന്ന് കടത്തിയ ഡോളർ വിദേശത്ത് ഇയാൾ സ്വീകരിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യങ്ങളിൽ വിശദമായ മൊഴി കിരണിൽനിന്ന് കസ്റ്റംസ് ശേഖരിച്ചു.
മലപ്പുറം സ്വദേശിയായ കിരൺ വർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചുവരുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഇത് ചെലവഴിച്ചെന്നാണ് വിവരം. കൂടാതെ കേരളത്തിൽനിന്ന് ഡോളർ കടത്തിയ കേസിൽ ബന്ധപ്പെട്ടത് ആരൊക്കെയാണെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. എന്നാൽ, കൂടുതലൊന്നും ഇക്കാര്യത്തിൽ അറിയില്ലെന്ന മൊഴിയാണ് കിരൺ നൽകിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ട് വിദേശ സർവകലാശാലകളുടെ ശാഖ ആരംഭിക്കുന്നതിന് പണം ചെലവഴിച്ചെന്നാണ് കസ്റ്റംസിന്റെ സ്ഥിരീകരിക്കാത്ത വിലയിരുത്തൽ. വിശദ ചോദ്യംചെയ്യലിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അനധികൃതമായി കടത്തിയ ഡോളർ വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ചെലവഴിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ ഖാലിദിനെ ഉൾപ്പടെ പ്രതിചേർത്താണ് കസ്റ്റംസ് അന്വേഷണം നടത്തിവരുന്നത്.
കോൺസുൽ ജനറലും അറ്റാഷെയും ഡോളർ കടത്തിൽ പങ്കാളികളാണെന്നും കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുമുണ്ട്. കടത്തിക്കൊണ്ടു വന്ന ഡോളർ വിദ്യാഭ്യാസ മേഖലയിൽ അടക്കം നിക്ഷേപിച്ചതു കൂടാതെ, മറ്റു ബിസിനസുകൾക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ