മലപ്പുറം: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണത്തിന് മറുപടിയുമായി കെടി ജലീൽ. തവനൂരിലെ ഇടത് സ്വതന്ത്രനായ തന്നെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ചിലർ ശ്രമിക്കുന്നതായാണ് ജലീൽ വിശദീകരിക്കുന്നത്. തവനൂരിലെ ക്ഷേത്രത്തിൽ വിഷു ദിനത്തിലെത്തിയതും കൈനീട്ടം വാങ്ങിയതും മതേതരത്വത്തിന്റെ പ്രതീകമായി ജലീൽ ഉയർത്തിക്കാട്ടുന്നു.

കെടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

വിഷുദിനത്തിൽ തവനൂരിലെ പ്രസിദ്ധമായ പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനാണ് ഞങ്ങളന്ന് പോയത്. ഞങ്ങളെത്തിയ വിവരമറിഞ്ഞ് എന്റെ നല്ല സുഹൃത്തും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ സുബ്രഹ്മണ്യൻ നമ്പൂതിരി സ്‌നേഹത്തോടെ 'ഒരു ഡബിൾ മുണ്ട്' (പുടവ) ശ്രീകോവിലിന് പുറത്തുവന്നു വിഷുക്കൈനീട്ടമായി സമ്മാനിച്ചു.

ഞാനത് സ്‌നേഹത്തോടെ തന്നെ സ്വീകരിച്ചു. ഈ ഫോട്ടോ ''ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു'' എന്ന അടിക്കുറിപ്പോടെ യു.ഡി.എഫ് കേന്ദ്രങ്ങളും എന്റെ ചില പഴയ സുഹൃത്തുക്കളും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിലുംപ്പെട്ടു. പൂജാരി ഒരു ആഘോഷദിനത്തിൽ എനിക്ക് നൽകിയ പുടവ ഞാൻ നിഷേധിച്ചു പോരണമെന്നാണ് ഇത്തരക്കാരുടെ വാദഗതി. ഇസ്ലാമിനെ കുറിച്ചും മുസ്ലിം സമുദായത്തെ കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത്യാദി പ്രചരണം നടത്തുന്നത്.

ഇവരെപോലുള്ളവരാണ് ലോകത്തിന്റെ പലദിക്കിലും ഇസ്ലാമിന്റെ മാനവിക മുഖം വികൃതമാക്കി അതിനെ ഭീകരതയുടെ മതമാക്കി അവതരിപ്പിക്കുന്നത്. അക്ഷരങ്ങളെ സ്‌നേഹിച്ച മലാല യൂസഫെന്ന പെൺകുട്ടിയുടെ നേർക്ക് വെടിയുതിർത്തവരുടെ ഇന്ത്യൻ പതിപ്പുകളായേ ഇത്തരം കള്ളപ്രചാരണം നടത്തുന്നവരെ കാണാൻ കഴിയൂ. മത സൗഹാർദ്ദത്തിന് പേരുകേട്ട ദേശമാണ് കേരളം. മങ്ങാട്ടച്ചനും കുഞ്ഞായിമുസ്ലിയാരും സ്‌നേഹിച്ചും സ്‌നേഹത്തോടെ കലഹിച്ചും ജീവിച്ച മണ്ണിൽ ഈ നുണബോംബുകൾ വിലപ്പോവില്ല.

നിഷ്‌ക്കളങ്കരും നിസ്വാർത്ഥരുമായ മുസ്ലിം സമൂഹം ഇത്യാദി പ്രചാരവേലകളെ അവജ്ഞയോടെ തള്ളികളയും. മുസ്ലിം സംഘടനകളുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിൽ തെറ്റായ അടിക്കുറിപ്പോടെയുള്ള ഫോട്ടോക്ക് വേണ്ടുവോളം പ്രചാരംനൽകി എന്നെയങ്ങ് മൂക്കിലൂടെ വലിച്ചുകളയാമെന്നാണ് ഈ അൽപന്മാരുടെ ധാരണയെങ്കിൽ അവർക്കുതെറ്റി. സൂഫികളും പഴയകാല പണ്ഡിതന്മാരും വഴിനടത്തിയ കേരളത്തിലെ മുസ്ലിം സമൂഹം ഹൈന്ദവവിരുദ്ധരോ ക്ഷേത്രവിരുദ്ധരോ അല്ലെന്ന്! തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവർക്കൊക്കെ ബോധ്യമാകും.

കുരക്കുന്നവർ എത്ര കുരച്ചാലും ശരിയുടെ തീർത്ഥാടകസംഘം അതിന്റെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. ഇതിനു കാലം സാക്ഷിയാണ്...