- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രപഠനത്തിലും സാഹിത്യ വിമർശനത്തിലും വിവർത്തനത്തിലും പ്രതിഭ; പ്രമുഖ ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ അന്തരിച്ചു

മലപ്പുറം: പ്രമുഖ ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. മലബാർ സമരചരിത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടി.
പരപ്പനങ്ങാടി നെടുവയിലെ ഡോ. പി.കെ. നാരായണൻ നായർ മിറ്റായിൽ പാറുക്കുട്ടി അമ്മ ദമ്പതികളുടെ മകനായി 1933-ൽ ജനിച്ചു. പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1986-ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി.
ചെന്നൈയിൽ പോസ്റ്റൽ ഓഡിറ്റ് വകുപ്പിൽ ജോലി ചെയ്തു. 1970-75 കാലയളവിൽ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചരിത്രാധ്യാപകനായിരുന്നു. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ചരിത്രവിഭാഗം പ്രൊഫസർ, എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ വിസിറ്റിങ് പ്രൊഫസർ, അമേരിക്ക, ജപ്പാൻ, ഖത്തർ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ വിസിറ്റിങ് സ്‌കോളർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
'വസന്തത്തിന്റെ മുറിവ്' 1999-ലെ മികച്ച വിവർത്തക കൃതിക്കും 'ഉണർവിന്റെ ലഹരിയിലേക്ക്' 2015-ലെ മികച്ച സാഹിത്യവിമർശന കൃതിക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
ഭാര്യ: യമുന. മക്കൾ: നാരായണൻ (ഐ.ടി., ദുബായ്), നളിനി. മരുമക്കൾ: അനിത, കരുണാകരൻ (റിട്ട. മാനേജർ, യൂണിയൻ ബാങ്ക് കോഴിക്കോട്). ചരിത്രപണ്ഡിതൻ എം.ജി.എസ്. നാരായണൻ അനന്തിരവനാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് അഞ്ചപ്പുര കൈലാസം വീട്ടുവളപ്പിൽ.


