ദോഹ. ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ അധ്യക്ഷനും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യവുമായ ഡോ. മോഹൻ തോമസിന് പ്രഥമ ബെയിലി അവാർഡ്.

വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ അനധ്യാപക ഫാക്കൽറ്റി അംഗങ്ങൾ എന്നിവരുടെ അന്താരാഷ്ട്ര തലത്തിലുള്ള നേട്ടങ്ങളും സംഭാവനകളും തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുംമായി സി. എം. എസ്. കോളേജ് കോട്ടയം കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ പേരിൽ ഏർപ്പെടുത്തിയതാണ് അവാർഡ്.

പ്രശസ്തമായ സി. എം. എസ്. കോളേജ് കോട്ടയം പൂർവവിദ്യാർത്ഥിയാണ് ഡോ. മോഹൻ തോമസ്‌മെഡലും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. കോളേജ് മാനേജ്മെന്റിന് വേണ്ടി റവ. ഡോ. മലയിൽ സാബു കോഷിയാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്.അക്കാദമിക്, ഗവേഷണം, പ്രൊഫഷണൽ സർവീസ്, ജനസേവനപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ സി. എം. എസ്. കമ്മ്യൂണിറ്റിയെ ഗുണപരമായി പ്രചോദിപ്പിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ അവാർഡ്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി ഖത്തറിലെ പ്രശസ്തനായ ഇ. എൻ. ടി. സർജനും സംരംഭകനുമായ ഡോ. മോഹൻ തോമസ് ജീവകാരുണ്യ സേവന പ്രവത്തനങ്ങളിലും ശ്രദ്ധേയനാണ്.ഡോ. മോഹൻ തോമസിനെ കൂടാതെ പ്രൊഫസർ സാബു തോമസ് , ഡോ. ലാലി എ പോത്തൻ, റീമ പൊഡ്ഡാർ എന്നിവരേയും അവാർഡിന് തെരഞ്ഞെടുത്തതായി കോളേജ് വാർത്താകുറിപ്പ് അറിയിച്ചു.