തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജിന് പകരം ചുമതല നൽകി. മുഹമ്മദ് അഷീലിനെ മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അഷീൽ ആരോഗ്യ വകുപ്പിലേക്ക് തന്നെ മടങ്ങി പോകും.അഞ്ചുവർഷം കാലാവധി പൂർത്തിയാക്കിയതുകൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയാറായില്ല.

2016ലാണ് സാമൂഹിക സുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയരക്ടറായി അഷീൽ ചുമതലയേൽക്കുന്നത്. തൃശൂർ കേന്ദ്രമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ(എൻഐപിഎംആർ) ചുമതലയും വഹിച്ചിരുന്നു. എൻഐപിഎംആർ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അഷീൽ. ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദഗ്ധനുമാണ് അഷീൽ.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നതെന്ന് അഷീൽ ഫേസ്‌ബുക്കിൽ കുറിച്ചു. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽനിന്നാണ് ഡോ. അഷീൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

വൈകാരിക പ്രതികരണങ്ങൾ വൈറലായി

മഹാമാരിക്കാലത്ത് മലയാളികളുടെ ജീൻ രക്ഷിക്കാൻ അദ്ദേഹം ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ചു. വിമർശനങ്ങൾ പലതും വന്നെങ്കിലും. കോവിഡിന്റെ ഗൗരവം ജനങ്ങളെ മനസ്സിലാക്കാൻ ഡോ.മുഹമ്മദ് അഷീൽ പലപ്പോഴും വികാരഭരിതനായി പോലും സംസാരിച്ചു. ചില സമയങ്ങളിൽ പൊട്ടിത്തെറിച്ചു. ഏപ്രിലിലെ അദ്ദേഹത്തിന്റെ ഒരു പ്രതികരണം ഇങ്ങനെ. 'കഴിഞ്ഞ ഒന്നര വർഷമായി ഇവിടുത്തെ ആരോഗ്യപ്രവർത്തകർ ചത്തു പണിയെടുക്കുകയാണ്. 10-16 മണിക്കൂർ തുടരെ ജോലി ചെയ്യുന്നു. അപ്പോഴാണ് ഓരോരുത്തർ രാത്രി വിളിച്ചിട്ടു കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചോദിക്കുന്നത്. ഭ്രാന്ത് വന്നുപോകും..' ലൈവിലെത്തി ഡോക്ടർ മുഹമ്മദ് അഷീൽ പറയുന്ന വാക്കുകളിൽ നിഴലിച്ചത് ആ സമയത്തെ കോവിഡിന്റെ തീവ്രത കൂടിയായിരുന്നു. പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും കൊണ്ട് കൂടിയാണ് അദ്ദേഹം സംസാരിച്ചത്.

'ജനങ്ങൾ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസിലാക്കുന്നില്ല. നമ്മൾ സുരക്ഷിതരാണെന്ന ബോധ്യത്തിലാണു ചിലർ. അവർക്ക് അറിയില്ല അവസ്ഥ. ലോക്ഡൗൺ പ്രഖ്യാപിക്കാത്തതു പ്രതിസന്ധി ഇല്ലാത്തതുകൊണ്ടല്ല. രാജ്യത്തിന്റെ വരുമാനം, നിർമ്മാണ മേഖല... എല്ലാം നിലയ്ക്കും, അതുകൊണ്ടാണ്. വെന്റിലേറ്റർ പോലും തികയാതെ വരുന്ന അവസ്ഥയിലേക്ക് നമ്മളും എത്തിയേക്കാം. വാർത്തകളൊക്കെ കാണുന്നതല്ലേ. കല്യാണങ്ങൾ ഒഴിവാക്കൂ. ബന്ധുക്കളെ ഓൺലൈനായി പങ്കെടുപ്പിക്കൂ.. ദയവായി സ്വയം നിയന്ത്രിക്കൂ.. ദയവായി കേൾക്കൂ..' അഷീൽ പറഞ്ഞു.

സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്കെതിരെ വിമർശനമുന്നയിച്ച യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിന് ചാനൽ ചർച്ചയിൽ ഡോ.മുഹമ്മദ് അഷീൽ മറുപടി നൽകിയതും ശ്രദ്ധേയമായി. തൃശൂർ പൂരം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഡോ.അഷീൽ ഫേസ്‌ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് അഷീലിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്ത് പോസ്റ്റിട്ടത്.
തന്റെ പേരിലുള്ളത് രാഹുൽ എഴുതിയ വാശിയുടെ 'ശ' അല്ലെന്നും ക്ഷമയുടെയും കഷ്ടപ്പാടിന്റെയും 'ഷ' ആണെന്നുമാണ് അഷീൽ ചാനൽ ചർച്ചയിൽ മറുപടി നൽകിയത്.

മുഖ്യമന്ത്രിയോടോ പ്രതിപക്ഷ നേതാവിനോടോ മന്ത്രിയോടോ എംഎ‍ൽഎമാരോടോ ഒരു കാര്യം പറയണമെങ്കിൽ ഒരു റൂട്ടുണ്ടെന്നും ഫേസ്‌ബുക്കിൽ പോസ്റ്റിടില്ലെന്നും അഷീൽ പറഞ്ഞു. കൂടാതെ രാഹുൽ നാളെയൊരു എംഎ‍ൽഎ ആയാൽ രാഹുലിനെതിരെ എഫ്.ബി പോസ്റ്റിടാൻ തനിക്ക് പറ്റില്ലെന്നും അതിനും ഒരു റൂട്ടുണ്ടെന്നും അഷീൽ ചർച്ചയിൽ മറുപടി നൽകി.

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ വീഴ്‌ച്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കുവാൻ താങ്കളുടെ പേര് തടസ്സമായെങ്കിൽ, ഡോ. അശീൽ അത് ഡോ.അശ്ശീലമായി എന്നാണ് രാഹുൽ പറഞ്ഞത്. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെപ്പറ്റി താങ്കൾ എന്താണ് പ്രതികരണം നടത്താതിരുന്നതെന്നും താങ്കളുടെ നാവ് ക്വാറന്റൈനിൽ ആയതു കൊണ്ടാണോ എന്നും രാഹുൽ ചോദിച്ചിരുന്നു.
പോസ്റ്റിലെ പ്രയോഗം പിന്നീട് വിവാദമാവുകയായിരുന്നു.

എൻഡോസൾഫാൻ ബാധിതർക്കും രക്ഷകനായി

കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതിൽ ഡോ.മുഹമ്മദ് അഷീൽ പ്രധാന പങ്ക് വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി എൻഡോസൾഫാനെതിരെ ശക്തമായ നിലപാടുയർത്തി നിരവധി സെമിനാറുകൾ സംഘടിപ്പിച്ചു. ഡോ അഷീലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠനറിപ്പോർട്ടുകൾ എൻഡോസൾഫാന്റെ വിഷതീവ്രതയിലേക്കു വെളിച്ചം വീശുന്നതായി. ഒടുവിൽ എൻഡോസൾഫാൻ നിരോധനത്തിന്റെ മുഖ്യശിൽപ്പി കൂടിയായിരുന്നു.