ല്ല നാട്ടുകാരേ, അവരു പാവമൊരു സാധാരണ സ്ത്രീയാണ്. കെട്ടിയോനും കുട്ടികളുമൊക്കെയുള്ള ഒരു സാധാരണക്കാരി. നിങ്ങൾ രാവിലെ ഓഫീസിലും സ്‌കൂളിലും കോളജിലുമൊക്കെ പോകുന്നതുപോലെ വൈകിട്ട് കുട്ടികളുടെ അടുത്തേക്ക് തിരിച്ചു ചെല്ലാമെന്ന് പ്രതീക്ഷിച്ച് രാവിലെ വീടുവിട്ടിറങ്ങിയ സാധാരണക്കാരി.

നിങ്ങൾ ടീച്ചറും എഞ്ചിനീയറും ക്ലർക്കും സ്വീപ്പറും കർഷകനും ഒക്കെയായി തിരഞ്ഞെടുത്ത ജോലികൾ പോലെ അവർ ഉപജീവനത്തിനായിക്കൂടി തിരഞ്ഞെടുത്ത ജോലികൂടിയായിരുന്നു നഴ്‌സിങ്ങ്. അതിനിടയിലാണ് ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചു പോകേണ്ട എന്ന് ഒരു വൈറസ് അവരോട് പറഞ്ഞത്...

ഇന്ന് റിപ്പോർട്ടറിലെ ചർച്ചയിൽ ശ്രീ നികേഷ് കുമാർ പറഞ്ഞ ഒരു വാചകം മനസിൽ പിന്നെയും പിന്നെയും ഉയർന്നുവരികയാണ്. ' ഒരു ആരോഗ്യപ്രവർത്തക പോലും മരിക്കുന്ന സാഹചര്യമാണിവിടെ ഉണ്ടായിരിക്കുന്നത് ' എന്നതായിരുന്നു ആ വാചകം. ആ സ്റ്റുഡിയോ ഫ്‌ളോറിലിരുന്നപ്പൊ തൊട്ട് ആലോചിച്ചത് അതിനെക്കുറിച്ചാണ്.

ശരിക്കും ഈ സാഹചര്യം എന്നും ഇവിടെയുണ്ടായിരുന്നു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ പരിമിതമായ സൗകര്യങ്ങളിൽ ജോലി ചെയ്യുന്ന ഓരോ ഡോക്ടറും നഴ്‌സും നഴ്‌സിങ്ങ് അസിസ്റ്റന്റും തൊട്ട് ക്ലാസ് ഫോർ ജീവനക്കാർ വരെ നേരിടുന്ന ഒരു യാഥാർഥ്യം മാത്രമാണത്.

ആയിരക്കണക്കിനു മനുഷ്യർക്കിടയിൽ അറിയപ്പെടാത്ത കോടാനുകോടി രോഗാണുക്കളുടെ ഇടയിലാണ് ഓരോ ഡോക്ടറുടെയും നഴ്‌സിന്റെയും ജീവിതം. ഒപ്പം കൂട്ടിനുള്ളത് യൂണിവേഴ്‌സൽ പ്രിക്കോഷനെന്ന പേരിലറിയപ്പെടുന്ന ചില മുൻ കരുതലുകളും..

എന്നിരുന്നാലും ഒരു പത്തോ പതിനഞ്ചോ വർഷം സർവീസുള്ള ഏതൊരു ആരോഗ്യപ്രവർത്തകർക്കും പറയാനുണ്ടാവും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച രോഗിയെ ഇഞ്ചക്റ്റ് ചെയ്ത സൂചി കൊണ്ടപ്പോൾ ടെൻഷനടിച്ച് നടന്നതിന്റെയോ എച്ച്1 എൻ1 രോഗം സംശയിക്കുന്ന രോഗിയെ പരിചരിച്ചതിനു ശേഷം വീട്ടിലെത്തിയപ്പോൾ കുഞ്ഞിനു ചുമ കണ്ട് നെഞ്ച് കത്തിയതിന്റെയോ വെറുമൊരു ചിക്കൻ പോക്‌സിന്റെ പേരിൽ ഗർഭകാലത്ത് തീ തിന്നതിന്റെയോ കഥകൾ..

അത് അജ്ഞാത രോഗം ബാധിച്ച് മരിക്കുന്നയാളെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ഫോറൻസിക് സർജനും മൃതദേഹം തുന്നിക്കെട്ടുന്ന അസിസ്റ്റന്റും വരെയെത്തും..എന്തിനധികം പറയുന്നു..ആധുനിക വൈദ്യത്തിന്റെ തട്ടിപ്പാണെന്ന് വ്യാജന്മാർ അവകാശപ്പെട്ട ഡിഫ്തീരിയയിൽ പോലും രോഗം ബാധിച്ച ഇ.എൻ.ടി ഡോക്ടറുണ്ട്. ഇത് മുൻപും ഇവിടെ നടന്നിട്ടുണ്ട് സുഹൃത്തുക്കളേ...നിങ്ങൾ നോക്കാഞ്ഞിട്ടാണ്...കാണാഞ്ഞിട്ടാണ്. കണ്ടിട്ടും മുഖം തിരിച്ചതിനാലാണ് ഇത് ആദ്യ സംഭവമായി തോന്നുന്നത്..

ഇവരെയാണ് നിങ്ങൾ വടക്കനും തെക്കനും മോഹനനും വഞ്ചക ഹ്യൂമൻ റൈറ്റ്‌സുകാരും എല്ലാം പറഞ്ഞതുകേട്ട് തല്ലാനിറങ്ങിയത്..ഇന്നേവരെ ജീവിതത്തിൽ ഒരു പകർച്ചവ്യാധി പോലും മാനേജ് ചെയ്യുകയോ ചെയ്യാത്ത അവനൊക്കെ ഈ നിമിഷവും, ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ നട്ടപ്പാതിരയിലും കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മെഡിക്കൽ കോളജിലും സർക്കാർ സ്വകാര്യ ആശുപത്രികളിലും ഉറക്കമില്ലാതെ, സ്വന്തം പ്രവൃത്തിക്ക് പ്രതിഫലമായി ലഭിക്കുക അടിയാണോ അതോ മരണമാണോ എന്നാലോചിക്കാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെക്കുറിച്ച് പറയുന്നത് കേൾക്കുമ്പൊ....ഇതും കടന്നുപോകും..

ഇനിയും ആരോഗ്യപ്രവർത്തകരുടെ പിഴവുകളെക്കുറിച്ച് വാർത്തകൾ വരുമ്പൊ രണ്ടാമതൊന്നാലോചിക്കാതെ ഈ പൂമാലയ്ക്കും ആദരാഞ്ജലികൾക്കും പകരം വാളുയരുമെന്നറിയാവുന്നതുകൊണ്ട് ഈ സ്തുതികൾ കാണുമ്പൊ നിർവികാരതയേ തോന്നുന്നുള്ളൂ...

ആരൊക്കെയോ എന്തെങ്കിലും പറയുന്നതു കേട്ട് കൈകൾ തങ്ങൾക്ക് നേരെ ഉയർന്നാലും കുഞ്ഞുങ്ങളെ ഭർത്താവിനെ ഏല്പിച്ച് പോകേണ്ടിവന്നാലും അവസാനമായി കുടുംബത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും കണ്ണുകൊണ്ട് കാണാനില്ലാത്ത ഒരു സൂക്ഷ്മജീവിയെ പേടിച്ച്, ജീവനിൽ ഭയന്ന് വരുമ്പൊ ചിരിച്ചുകൊണ്ട് ആശ്വസിപ്പിക്കാൻ ഒരു ആരോഗ്യപ്രവർത്തകനെങ്കിലും ഇവിടെയുണ്ടാവും...

ഡോക്ടർക്കോ നഴ്‌സിനോ ഭയമില്ലാഞ്ഞിട്ടോ ജീവിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടോ ഒരു രോഗവും വരില്ലെന്ന് തോന്നിയിട്ടോ അല്ല അവരവിടെയുണ്ടാകുന്നത്. അവരില്ലെങ്കിൽ മറ്റാരും ഉണ്ടാവാനിടയില്ലെന്ന് അറിയാവുന്നതുകൊണ്ടുകൂടിയാണ്...

ഒന്ന് മാത്രം പറയാം..അവരൊരു മാലാഖയല്ലായിരുന്നു..