- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ കഫീൽ ഖാനെങ്കിൽ കേരളത്തിൽ ഡോ. പ്രഭുദാസ്! അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയ ഡോക്ടറെ സ്ഥലം മാറ്റി ആരോഗ്യമന്ത്രിയുടെ ഉത്തരവ്; പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കിറങ്ങിയത്; അഴിമതി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും ഡോ. പ്രഭുദാസ്
പാലക്കാട്: ഉത്തർപ്രദേശിൽ സർക്കാർ വീഴ്ച്ച ചൂണ്ടിക്കാട്ടിയതിന് പ്രതികാര നടപടി നേരിട്ടത് ഡോ. കഫീൽ ഖാൻ ആണെങ്കിൽ കേരളത്തിൽ ഡോ. പ്രഭുദാസ് ആയിരുന്നു. സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴാണ് ഡോ. പ്രഭുദാസിന് നടപടി നേരിടേണ്ടി വന്നത്. ഇതോടെ പ്രഭുദാസും പ്രതികരണവുമായി രംഗത്തുവന്നു. കോട്ടത്തറ ട്രൈബൽ സ്പെഷൽ ആശുപത്രി സൂപ്രണ്ടായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു.
സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്ന് ഡോ പ്രഭുദാസ്. പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പറഞ്ഞ അദ്ദേഹം തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നതെന്നും പറഞ്ഞു. താൻ ഒന്നും അട്ടപ്പാടിയിൽ നിന്നും കൊണ്ടുപോയിട്ടില്ലെന്ന് എനിക്ക് അറിയാം. എന്റെ കൈകൾ എനിക്ക് അറിയാം. ഇത്തരം കല്ലേറുകൾ പ്രതീക്ഷിച്ച് തന്നെയാണ് ജോലിക്ക് വന്നത്. സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് പദ്ധതികൾക്ക് തുരങ്കം വച്ചത്. താൻ ഈ സംവിധാനത്തിനൊപ്പം നിൽക്കുന്നയാളാണ്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുന്നു. സ്ഥാപനത്തെ നശിപ്പിക്കാൻ നോക്കിയവരെ കണ്ടെത്തണം. ആശുപത്രി നന്നാക്കിയതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു ചികിത്സാ സംവിധാനം താൻ വരുമ്പോൾ അട്ടപ്പാടിയിലുണ്ടായിരുന്നില്ല. എന്നാൽ അതിനെ നല്ല നിലയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞു. പകരക്കാരനായി വരുന്നയാൾ നല്ലയാളാണ്. കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷൽ ആശുപത്രി സൂപ്രണ്ടായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തിൽ നിന്നുള്ള പ്രതികരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമർശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാർഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയായിരുന്നു ഡോ പ്രഭുദാസിന്റെ വിമർശനം. മന്ത്രിയുടെ സന്ദർശന സമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാൻ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്.
ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും മന്ത്രിയുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമായിരുന്നു ഡോ. പ്രഭുദാസിന്റെ ആക്ഷേപം. അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ്. ബില്ലുകൾ മാറാൻ പോലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ