ദോഹ. ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യൻ സാമ്പത്തിക വളർച്ചക്ക് വെല്ലുവിളി ഉയർത്തുകയും വളർച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്തെങ്കിലും ഉവയെല്ലാ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും ദോഹാ ബാങ്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു.

ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും താൽക്കാലികം മാത്രമാണെന്നും സ്ഥിതിഗതികൾ രാജ്യത്തിന്റെ സമഗ്ര വളർച്ചാവികാസത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുകയെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിശകനങ്ങൾ നിരത്തി അദ്ദേഹം പറഞ്ഞു. 2017 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്ത് ഇന്ത്യയുടെ ജി.ഡി.പി. 5.7 ശതമാനമായി കുറഞ്ഞത് ജി.എസ്.ടി , നോട്ടുനിരോധനം പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ കാരണമാണ്. തൊഴിലാളി കേന്ദ്രീകൃത വ്യവസായങ്ങളിലും നിർമ്മാണ മേഖലയിലുമെല്ലാം തളർച്ച നേരിട്ടപ്പോൾ വ്യവസായിക ഉൽപാദന രംഗത്ത് വളർച്ചയാണ് രേഖപ്പെടുത്തുന്നത് എന്നത് വരാനിരിക്കുന്ന സാമ്പത്തിക വളർച്ചയുടെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുകയും പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുകയും ചെയ്യുക വഴി ഇന്ത്യൻ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടാനാകുമെന്ന് ഐ.എം.എഫ് കണക്കുകൾ നിരത്തി അദ്ദേഹം സമർത്ഥിച്ചു. ജി. എസ്.ടി. സമ്പ്രദായം ആഭ്യന്തര മാർക്കറ്റിനെ ഏകീകരിക്കുകയും അനൗപചാരികമായ രീതികളിൽ നിന്നും ഔപചാരികമായ രീതികളിലേക്ക് ബിസിനസിനെ മാറ്റി മറിക്കുകയും ചെയ്യുവാൻ കഴിയുന്ന ശക്തമായ നികുതി വ്യവസ്ഥാണെന്ന് സീതാരാമൻ പറഞ്ഞു.