- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പൊണ്ണത്തടിയനും ഉഴപ്പനുമായ വിദ്യാർത്ഥിയിൽ നിന്ന് മോട്ടിവേഷൻ സ്പീക്കറിലേക്ക്; ബ്രേക്ക് നൽകിയത് ടോക്ക്ഷോയും വീഡിയോകളും; ഇൻസ്റ്റയിൽ അര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഡോ മച്ചാൻ; ബിഗ് ബോസിലെ കലിപ്പനും കാമുകനും; പുറത്തായപ്പോൾ പൊട്ടിക്കരഞ്ഞും പൂമാലയിട്ടും ആയിരങ്ങൾ; ലാലേട്ടനു പോലും പൊങ്കാല; കേരളത്തെ ഞെട്ടിക്കുന്ന ഡോ റോബിൻ രാധാകൃഷ്ണന്റെ കഥ!
കഴിഞ്ഞ വർഷം ആഗസ്റ്റിൽ, കോവിഡ് കാലത്തത്ത്, കേരളത്തെ ഞെട്ടിച്ച ഒരു 'കുട്ടിക്കലാപം' ആരും മറന്നിട്ടുണ്ടാവില്ല. 'ഇ ബുൾജെറ്റ്' എന്ന ഓൾട്ടേഡ് കാരവാൻ ഓടിക്കുന്ന സഹോദരന്മാർക്കെതിരെ പൊലീസ് നടപടിയെടുത്തപ്പോൾ കേരളത്തിലെ കുട്ടികളും കൗമാരക്കാരും ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും വാട്സാപ്പിലുമൊക്കെയായി ഉറഞ്ഞു തുള്ളിയതും, മന്ത്രിമാരെയും എംഎൽഎമാരെയുമൊക്കെ വിളിച്ച് ബഹളമുണ്ടാക്കിയതും നാം കണ്ടതാണ്.
പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ പോലും, കേരളം കത്തിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു! ( ഇതിന്റെ പേരിൽ ചില കുട്ടികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ഉപദേശിച്ചപ്പോൾ ഉള്ള കൂട്ട നിലവിളിയും പിന്നാലെ വൈറൽ ആയി!) എന്തൊക്കെയായാലും കേരളം ഞെട്ടിയ ഒരു സംഭവമായിരുന്നു ഇ ബുൾ ജെറ്റിന് വേണ്ടിയുള്ള 'കുട്ടിക്കലാപം'. 30 വയസ്സിന് മുകളിലുള്ള പലരും ഇ ബുൾ ജെറ്റ് എന്താണെന്ന് കേട്ടിട്ടുപോലും ഇല്ലായിരുന്നു.
അതുപോലെ ഒരു സംഭവത്തിനാണ്, കേരളം കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ സാക്ഷിയായത്. ഒരാളെ സ്വീകരിക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ള ആയിരങ്ങൾ അടങ്ങുന്ന ജനം പൊട്ടിക്കരയുന്നു. അയാൾക്കുവേണ്ടി ഭ്രാന്തുപിടച്ചപോലെ ഓടുന്നു. എന്തിന് കേരളത്തിലെ ഏറ്റവും വലിയ താരം സാക്ഷാൽ മോഹൻലാലിനെപ്പോലും അധിക്ഷേപിക്കുന്നു! ഇനി സോഷ്യൽ മീഡിയ നോക്കിയാലോ. എവിടെയും അയാളെ പുറത്താക്കിയതിനെ അനീതിയാണ് ചർച്ച. ടെലിവിഷൻ പോലും ഉപേക്ഷിക്കയാണെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നവരും ഉണ്ട്. ഈ വിവാദങ്ങളുടെയെല്ലാം പ്രഭവ കേന്ദ്രം ഒരാളാണ്. ഡോ റോബിൻ രാധാകൃഷ്ണൻ എന്ന തിരുവനന്തപുരം സ്വദേശി. മലയാളത്തിലെ പുതിയ താരോദയമായ ഡോ മച്ചാൻ!
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന, എൻഡമോൾഷൈൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ, ലോകത്തിന്റെ വിവിധ ഭാഷകളിൽ നടക്കുന്ന, ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ ഒരു മത്സരാർഥിയായിരുന്നു ഡോ റോബിൻ. തുടക്കത്തിൽ പിറകോട്ട് പോയെങ്കിലും വളരെ പെട്ടെന്നുതന്നെ പതിനായിരക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ, ഡോ മച്ചാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ മോട്ടിവേഷൻ സ്പീക്കർക്കായി. ലക്ഷക്കണക്കിന് പേരുടെ പിന്തുണയുമായി ഡോക്ടർ അങ്ങനെ ബിഗ്ബോസിൽ ഗെയിം കളിച്ച് മുന്നേറവേയാണ്, സഹമത്സരാർഥിയെ കായികമായി കൈയേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്താകുന്നത്. അതാണ് ഇ ബുൾ ജെറ്റിനേക്കാൾ വലിയ 'കലാപത്തിലേക്ക്' കേരളത്തെ എത്തിച്ചത്. പക്ഷേ ഇ ബുൾജെറ്റിന്റെ ആരാധകർ ഏയെും കുട്ടികൾ ആയിരുന്നെങ്കിൽ, ജീവിതത്തിന്റെ നനാ തുറകളിൽനിന്നുള്ളവരുടെ വൻ പിന്തുണയാണ്് ഡോക്ടർക്ക് നൽകുന്നത്.
'ഡോ. റോബിൻ പുറത്ത്, കേരളത്തിൽ നാളെ ഹർത്താൽ' എന്നുവരെ ട്രോളുണ്ടാകുന്ന രീതിയിലായി നവമാധ്യമങ്ങളിലെ പ്രതിഷേധം. ഇപ്പോൾ ബിഗ്ബോസ് ഷോ കാണാത്തവർ പോലും ചോദിക്കയാണ്, ആരാണ് ഈ ഡോ റോബിൻ രാധാകൃഷ്ണൻ എന്നാണ്. ഷോയുടെ അവതാരകനായ മോഹൻലാലിനെപ്പോലും പ്രതിക്കൂട്ടിൽ നിർത്താൻ പറ്റുന്ന രീതിയിൽ, എങ്ങനെയാണ് ഇയാൾക്ക് ഇത്ര ശക്തമായ ഫാൻ ബേസ് ഉണ്ടാക്കാൻ കഴിഞ്ഞത് എന്നതും പ്രസക്തമായ ചോദ്യമാണ്.
ആരാണ് ഡോ മച്ചാൻ?
ബിഗ്ബോസ് മലയാളം സീസൺ ഫോറിൽ വരുന്നതിന് മുമ്പ്് ഡോ റോബിൻ രാധാകൃഷ്ണന്റെ ബയോഡാറ്റ ഇങ്ങനെ ചുരുക്കി വിശദീകരിക്കാമായിരുന്നു. ''പ്രശസ്ത മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ്. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ. മച്ചാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം. ''- പക്ഷേ 68 ദിവസത്തെ ബിഗ്ബോസ് ഷോയിലെ ജീവിതം ആയാളെ കേരളത്തിലെ പുതിയ താരമാക്കി മാറ്റിയിരക്കയാണ്.
ഒരുപാട് പ്രശ്നങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് തന്റെ ജീവിതം കടന്നുപോയതെന്ന് ഈ 32കാരനായ അവിവാഹിതൻ പറയാറുണ്ട്. തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകൻ, ചെറുപ്പകാലത്ത് പഠിക്കാൻ അത്ര മിടുക്കൻ ആയിരുന്നില്ല. പൊണ്ണത്തടിയുടെ പേരിൽ പരിഹസിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് സ്വപ്രയത്നത്താൽ വളർന്ന കഥയാണ് റോബിന്റെത്. ചിദംബരം ഗവ മെഡിക്കൽ കോളെജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.
26ാം വയസ്സുതൊട്ടാണ് തന്റെ ജീവിതം മാറി മറഞ്ഞത് എന്നാണ് റോബിൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത്. അക്കാലത്താണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു ഇൻഫ്ളുവെൻസർ എന്ന രീതിയിൽ തിളങ്ങാൻ തുടങ്ങിയത്. ആരും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത്. മെഡിക്കൽ രംഗത്തെ സംശയങ്ങളും, മോട്ടിവേഷൻ ക്ലാസും വീഡിയോകളും ഒക്കെയായി ഡോ മച്ചാൻ എന്ന വിളിപ്പേരിൽ അദ്ദേഹം പൊളിച്ചു.
വളരെ ലളിതമായ രീതിയിൽ തീർത്തും പ്രസന്നനായി കാര്യങ്ങൾ പറയുന്നതാണ് മോട്ടിവേഷൻ വീഡിയോകളിലെ റോബിന്റെ രീതി. അവിടെ നിങ്ങൾക്ക് ബിഗ്ബോസിൽ അലറുന്ന കട്ടക്കലിപ്പനെ കാണാൻ കഴിയില്ല. കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് റോബിൻ പരിചിതനാണ്. മറ്റുള്ളവർ അധികം എടുക്കാത്ത ചെറിയ വിഷയങ്ങളാണ് അദ്ദേഹം സരളമായി അവതരിപ്പിക്കുക. അതിൽ ഒന്ന് ആധുനികകാലത്തെ പ്രണയ ബ്രേക്കപ്പുകളെ കുറിച്ചാണ്.
''ബ്രേക്കപ്പ് വലിയ കുഴിയാണ്. ചിലർ അതിൽ അറിഞ്ഞുകൊണ്ട് വീഴും. അവർക്ക് കുഴപ്പമില്ല. പക്ഷേ അറിയാതെ വീഴുന്ന ആളുകൾക്ക് കൂടുതൽ പരിക്ക് പറ്റും. മറക്കാൻ ശ്രമിക്കുന്തോറം അത് കൂടുതൽ ഓർമ്മ വരികയാണ് ചെയ്യുക. അതുകൊണ്ട് ബ്രേക്കപ്പുകളെ ആക്സപ്റ്റ് ചെയ്യാൻ ശ്രമിക്കുക. മനസ്സിനെ പാകപ്പെടുത്തുക.''- എന്നാണ് കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോ റോബിൻ പരിപാടിയിൽ അദ്ദേഹം പറയുന്നത്. 'തേപ്പ് കിട്ടിയിട്ടുണ്ടോ' എന്ന അവതാരികയുടെ ചോദ്യത്തിന് കുസൃതിയോടെ ചിരിക്കുന്ന ഡോ റോബിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.
അതുപോലെ ആത്മഹത്യകൾക്ക് എതിരെയും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെയും കുറിച്ചൊക്കെ ഡോക്ടർ നല്ല വീഡിയോകളാണ് ചെയ്തത്. ഒപ്പം അഭിനയത്തിലും തിരക്കഥാ രംഗത്തും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. ടോക്ക് ഷോകളും വീഡിയോകളും ഹിറ്റായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിലും റോബിനെ തേടിയെത്തി. ഒരുകാലത്ത് കോളജ് കാമ്പസുളിലെ സ്ഥിരം പ്രാസംഗികൻ ആയിരുന്നു ഇദ്ദേഹം. തുടർച്ചയായി അഞ്ചു വർഷത്തോളം 12മണിക്കുർ നൈറ്റ് ഡ്യൂട്ടി നോക്കുന്നതിനിടെയാണ് ഈ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത് എന്ന് ഓർക്കണം. അതാണ് ഡോ മച്ചാന്റെ ഹാർഡ് വർക്ക്.
ഇതിനിടെ നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡും കിട്ടി. 5000 ത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരിൽ ഉണ്ടായിരുന്ന ഒരേയൊരു മലയാളിയും റോബിൻ ആയിരുന്നു. മോട്ടീവേഷ്ണൽ ആന്റ ഇൻസ്പൈയറിങ് യൂത്ത് വിഭാഗത്തിലാണ് അവാർഡ് കിട്ടിയത്. ഇന്ത്യൻ എക്പ്രസും മനോരമയും ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ച് വാർത്തയും ഫീച്ചറുകളും വന്നിട്ടുണ്ട്.
ഈ രീതിയിലുള്ള പ്രശസ്തിക്ക് ഒടുവിലാണ്, ഡോ റോബിൻ തന്റെ സ്വപ്നമായ ബിഗ്ബോസ് ഷോയിൽ എത്തുന്നത്. അതും ബിഗ്ബോസ് ഹൗസിലെ ആദ്യത്തെ ഡോക്ടർ എന്ന വിശേഷണവുമായി.
രജിത്കുമാറിന്റെ തനിയാവർത്തനം
ബിഗ്ബോസ് സീസൻ ടുവിലെ ഏറ്റവും ജനപ്രിയ താരമായിരുന്ന, ഡോ രജിത്ത്കുമാറുമായി വലിയ സാമ്യമുണ്ട് റോബിന്റെ ഷോ പെർഫോമെൻസിന്. ആദ്യത്തെ നാല് ആഴ്ചയോളം രജിത്കുമാർ ഒറ്റപ്പെട്ട പോലെ ബിഗ്ബോസ് ഹൗസിൽ റോബിനും ഒറ്റപ്പെട്ടു. രജിത്തിനെ കൂട്ടമായി ആക്രമിക്കുന്ന സഹ മത്സരാർഥികളുടെ രീതിയാണ് ആദ്യം അയാൾക്ക് വല്ലാത്ത സിമ്പതി പ്രേക്ഷകരിൽ ഉണ്ടാക്കിക്കൊടുത്തത്. യുക്തിവാദിയും ആക്റ്റീവിസ്റ്റുമായ ജസ്ല മാടശ്ശേരി വൈൽഡ് കാർഡ് എൻട്രിയായി വന്നതോടെ രജിത്തിനെതിരായ ആശയപരമായ ആക്രമണവും കടുത്തു. പക്ഷേ മറുഭാഗത്ത് ഇത് രജിത്തിന്റെ സ്‌ക്രീൻ സ്പേസ് വർധിപ്പിക്കുകയും, സാധാരണ ജനങ്ങൾക്കിടയിൽ അയാൾ ഒരു തരംഗമായി മാറുകയും ചെയ്തു. കൃത്യമായ വലതുപക്ഷം, ഇടതുപക്ഷം എന്ന വേർതിരിവ് രജിത്തിന്റെ, രജിത്ത് വിരുദ്ധരുടെയും ഫാൻസിൽ ഉണ്ടായിരുന്നു. അതുതന്നെ റോബിന്റെ കാര്യത്തിലും സംഭവിച്ചു.
ആദ്യത്തെ കുറേ ആഴ്ചകളിൽ നിരന്തരമായി നോമിനേഷനിൽ വരികയും, സഹമത്സരാർഥികൾ ഏറ്റവും അസഹിഷ്ണുതയോടെ നോക്കിയ താരവും രജിത് ആയിരുന്നു. അയാൾ നുണയനാണെന്നും, നിലപാട് ഇല്ലാത്തവനാണെന്നും സ്ഥാപിക്കയായിരുന്നു പലരുടെയും പ്രധാന ജോലി. എന്നാൽ അവർ ഒക്കെ ഒന്നൊന്നായി ഔട്ടായിട്ടും രജിത്കുമാർ പിടിച്ചു നിന്നപ്പോൾ ഹൗസിലെ സമവാക്യങ്ങളും മാറി. ആദ്യം രജിത്തിനെ തല്ലുമെന്ന് പറഞ്ഞ സുജോ അടക്കമുള്ളവർ പിന്നെ അദ്ദേഹത്തിന്റെ പക്ഷേത്തേക്ക് ചാഞ്ഞു. ബിഗ്ബോസ് വീട്, രജിത് എന്നും നോൺ രജിത്ത് എന്നും രണ്ടായി വിഭജിക്കപ്പെട്ടു.
ഏതാണ്ട് സമാനമായ കാര്യമാണ്, ഡോ റോബിന്റെ കാര്യത്തിലും സംഭവിച്ചത്. രണ്ടുപേരും ഷോ വിട്ട് പോകാനുണ്ടായ കാര്യങ്ങളിലും ഉണ്ട് വല്ലാത്ത സമാനതകൾ. രജിത് കുമാർ, ഒരു സ്‌കുൾ കുട്ടിയായി അഭിനയിക്കുന്ന ടാസ്‌ക്ക് കൊഴുപ്പിക്കാനായി, സഹ മത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതാണ് വിഷയമായത്. ശാരീരിക ഉപ്രദ്രവം ഒരിക്കലും അംഗീകരിക്കാത്ത ബിഗ്ബോസിൽ നിന്ന് അങ്ങനെ രജിത് പുറത്തായി. റോബിനും നല്ല രീതിയിൽ കളിച്ചുവരവേ, പൊടുന്നനേയാണ് പുറത്തായത്. വൈൽഡ് കാർഡ് എൻട്രിയിലുടെ വന്ന റിയാസിനെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ, കൈകൾ ശക്തമായി മുഖത്തുകൊണ്ടത്, ശാരീരിക അക്രമമായി ബിഗ്ബോസ് ടീം വിലയിരുത്തി. അതോടെയാണ് റോബിൻ പുറത്താവുകയാണെന്ന് അവതാരകനായ മോഹൻലാൽ അറിയിച്ചത്.
പുറത്തായതിന് ശേഷമുണ്ടായ സംഭവങ്ങളിലുമുണ്ട് സാമ്യതകൾ. ബിഗ്ബോസ് ഷോ കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ രജിത്തിനെ കാണാൻ ആയിരിങ്ങളാണ്, കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ ആർത്തിരിമ്പിയെത്തിയത്. 'അണ്ണൻ ഉയിര്' എന്ന ബോർഡ് ഉയർത്തിക്കൊണ്ടായിരുന്നു, പലരുടെയും നിലവിളികൾ. പൊലീസ് ഏറെ പണിപ്പെട്ടാണ്, ആരാധകരിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ച് കൊണ്ടുപോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടത്. രജിത്ത് ആർമി, കേരളത്തിന്റെ അഭിമാനമായ മോഹൻലാലിനെപ്പോലും, അധിക്ഷേപിച്ചുകൊണ്ടാണ് രംഗത്ത് എത്തിയത്. ടെലിവിഷൻ തല്ലിപ്പൊട്ടിക്കുന്നതിന്റെയും, മൊബൈൽ എറിഞ്ഞുടക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായി. ബിഗ്ബോസിനെയും ഏഷ്യാനെറ്റിനെയും ബഹിഷ്്ക്കരിക്കുന്നതായി അവർ പ്രഖ്യാപിച്ചു.
ഇപ്പോൾ റോബിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നു. 'ലാലേട്ടൻ ചതിച്ചു, ബിഗ്ബോസ് സ്‌ക്രിപ്പ്റ്റഡ് ആണ്' എന്നൊക്കെപ്പറഞ്ഞ് പൊട്ടിക്കരയുന്ന റോബിൻ ഫാൻസിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാണാൻ കഴിഞ്ഞു.
വളർത്തിയതും പുറത്താക്കിയതും ജാസ്മിൻ
ബിഗ്ബോസിൽ രജിത്തിനെ പോലെ ഒറ്റപ്പെട്ട നിലയിലായിരുന്നു റോബിനും തുടക്കത്തിൽ. പിന്നീട് അദ്ദേഹത്തിന്റെ ചങ്ങാതിമാർ ആയ സഹ മത്സരാർഥികളായ ധന്യയും ലക്ഷ്മി പ്രിയയുമൊക്കെ ആദ്യഘട്ടത്തിൽ റോബിനെതിരെയായിരുന്നു. ബ്ലെസ്്ലിയെന്ന ഗായകനോടായിരുന്നു, പിന്നീട് ഡോക്ടറുമായി ഒരു ലവ്ട്രാക്ക് എന്ന തോന്നാവുന്ന രീതിയിൽ ആത്മബന്ധം പുലർത്തിയ, ഡാൻസർ ദിൽഷയുടെ പോലും ആദ്യകാലത്തെ ബന്ധം. പക്ഷേ തുടക്കം മുതൽ ഒടുക്കംവരെ ഡോക്ടർ റോബിനെ, ഉടുമ്പ് പിടിച്ചതുപോലെ ഒരേ പിടുത്തം പിടിച്ചത്, ബിഗ്ബോസിലെ പെൺപുലിയെന്ന് വിളിക്കുന്ന ജാസ്മിൻ എം മൂസ ആയിരുന്നു.
ഒരു കണക്കിന് ചിന്തിച്ചാൽ, റോബിനെ വളർത്തിയത്, ജാസ്മിൻ ആണെന്നാണ്, ബിഗ്ബോസ് അവലോകന വിദഗ്ധയായ ഗായത്രി എന്ന വ്ളോഗർ പറയുന്നത്. '' ജാസ്മിൻ റോബിനെ തുടക്കം മുതൽ ചാർജ് ചെയ്യുന്നത് തന്നെയാണ് അയാൾക്ക് വലിയ സ്‌ക്രീൻ സ്പേസ് ലഭിക്കാനും, പ്രേക്ഷകരുടെ സഹതാപം കിട്ടാനും ഇടയാക്കിയത്. ജാസ്മിൻ ഇത് ഒരു ഗെയിം ആയല്ല, ജീവിതം ആയാണ് എടുത്തത്. കിട്ടാവുന്നിടത്തൊക്കെ അവൾ റോബിനിട്ട് നന്നായി കൊടുത്തു. ഫലത്തിൽ രജിത് കുമാറിന് സംഭവിച്ചപോലെ, റോബിന് അനുകൂലമായ ഒരു എമ്പതി സൃഷ്ടിച്ചെടുക്കാൻ ഇതുമൂലം കഴിഞ്ഞു. രജിത്തിൽനിന്ന് വ്യത്യസ്തനായി ഒരു ഗെയിമർ എന്ന നിലയിൽ സമ്പുർണ്ണ പരാജയം ആയിരുന്നു റോബിൻ. ഒരു ടാസക്ക്പോലും അയാൾക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തവണപോലും ക്യാപ്റ്റൻ ആവാൻ കഴിഞ്ഞിട്ടില്ല. ജാസ്മിന്റെയും സുഹൃത്ത് നിമിഷയുടെയും ചാർജിങ്ങും ടാർഗറ്റിങ്ങും ഇല്ലായിരുന്നെങ്കിൽ റോബിൻ നേരത്തെ പുറത്തായേനെ. ''- ഗായത്രി വിലയിരുത്തുന്നു.
നിരവധി തവണ എലിമിനേഷനിൽ വന്നിട്ടും, റോബിൻ പുറത്താവാഞ്ഞതോടെ അയാൾക്ക് വലിയ ഫാൻ ബേസ് ഉണ്ടെന്ന് മനസ്സിലാക്കി, ഹൗസിലെ പല അംഗങ്ങളും കളം മാറ്റി. എന്നാൽ ജാസ്മിൻ മാത്രം വിട്ടില്ല. 'ജാസ്മിൻ മൂസ ഈ മത്സരത്തിൽനിന്ന് പുറത്താവുകയാണെങ്കിൽ, തൊട്ടടുത്ത ദിവസം തന്നെ പെട്ടിയും തൂക്കി റോബിനും ഇവിടം വിടുമെന്ന' അവളുടെ വാക്കുകൾ ശരിയാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റിയാസ് എന്ന മത്സരാർഥിയെ ശാരീരികമായ ഉപദ്രവിച്ചതിന്റെപേരിൽ ബിഗ്ബോസ് മൂന്നു ദിവസം, റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. അത്രയധികം ആരാധകർ ഉള്ള റോബിനെ പുറത്താക്കാൻ സത്യത്തിൽ ബിഗ്ബോസിനും ഇഷ്ടമുണ്ടായിരുന്നില്ല, എന്ന രീതിയിലാണ് പിന്നീട് സൂചനകൾ പോയത്. മറ്റ് മത്സരാർഥികൾ ഭൂരിഭാഗവും, ശാരീരിക ആക്രമണത്തിന് ഇരയായ റിയാസിന് ഒപ്പമല്ല, റോബിനൊപ്പമാണ് നിന്നത്. ബിഗ്ബോസ് അഭിപ്രായം ചോദിച്ചപ്പോൾ ജാസ്മിനും റിയാസും ഒഴികെയുള്ളവർ, ഈ നിലപാടാണ് എടുത്തത്. അങ്ങനെ നോക്കുമ്പോൾ, റോബിൻ തിരിച്ചുവരും എന്ന് സന്തോഷിച്ചിരിക്കയായിരുന്നു, അദ്ദേഹത്തെ അനുകൂലിക്കുന്ന ദിൽഷയും കൂട്ടരുമൊക്കെ.
എന്നാൽ ജാസ്മിന്റെ അപ്രതീക്ഷിത നീക്കം എല്ലാം തകിടം മറിച്ചു. മർദനമേറ്റ ഇരക്കൊപ്പം നിൽക്കാത്ത, മറ്റ് മത്സരാർഥികളുടെ നിലപാടിൽ പ്രതിഷേധിച്ചും, തന്റെ മാനസിക- ശാരീരിക അവസ്ഥകൾ വളരെ മോശമാണെന്ന് പറഞ്ഞും, ജാസ്മിൻഷോ ക്വിറ്റ് ചെയ്തു. ബിഗ്ബോസ് ഷോയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇതുപോലെയുള്ള ഒരു നടപടി. റോബിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അയാളുടെ പൂച്ചെട്ടിയും, തന്റെ പൂച്ചെട്ടിയും എറിഞ്ഞുടച്ച്, ഹൗസിലെ സ്ത്രീവിരുദ്ധരോടുള്ള പ്രതികാരം എന്നോണം, പരസ്യമായി സിഗരറ്റ് വലിച്ച് രണ്ട് ചാൺ നടന്ന് സിനിമാ സ്റ്റെലിൽ ആണ് ജാസ്മിൻ ഷോ ഉപേക്ഷിച്ച് പോയത്. എല്ലാം നിയമങ്ങളും തെറ്റിച്ച് ശാരീരികമായി ഉപദ്രവിച്ചയാളെ, ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഒരു തെണ്ടിയെ' ബിഗ്ബോസ് ഹൗസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ പ്രതിഷേധമായാണ് ആ ഇറങ്ങിപ്പോക്ക് വിലയിരുത്തപ്പെട്ടത്.
അതോടെ ഏഷ്യാനെറ്റും എൻഡമോൾഷൈൻ ഗ്രൂപ്പുമെല്ലാം കടുത്ത സമ്മർദത്തിലായി. അവർക്ക് റോബിനെയും പുറത്താക്കേണ്ടി വന്നു. സത്യത്തിൽ ജാസ്മിൻ അനുഷ്ഠിച്ച ഈ 'സതി' ഇല്ലായിരുന്നെങ്കിൽ റോബിൻ തിരിച്ചുവന്നേനെ എന്നാണ്, ബിഗ്ബോസ് അനലിസ്റ്റുകൾ പറയുന്നത്. റോബിന്റെ അടുത്ത സുഹൃത്തായ ദിൽഷയും പിന്നീട് ഇതുതന്നെ പറഞ്ഞു.
എന്താണ് റോബിന്റെ കരിസ്മ?
ബിഗ്ബോസ് ഹൗസിൽ കാര്യമായ ഒരു ടാസ്‌ക്ക്പോലും ജയിക്കാൻ റോബിന് ആയിട്ടില്ല. ഒറ്റത്തവണ പോലും ക്യാപ്റ്റൻ ആയിട്ടില്ല. നിരവധി തവണ മോശം പ്രകടനത്തിന്റെ പേരിൽ ജയിലിലും കിടന്നു. തെറിപറഞ്ഞതിനും നിയമലംഘനം നടത്തിയതിനും മോഹൻലാലിന്റെ കൈയിൽ നിന്ന് പല തവണ പരസ്യ ശാസന ഏറ്റുവാങ്ങി. റോബിനെ പുറത്താക്കുന്ന സമയത്തും ലാലേട്ടൻ ഇത് എടുത്തുപറഞ്ഞിരുന്നു. ഞാൻ നേരത്തെ എത്ര തവണ റോബിന് താക്കീത് നൽകിയരുന്നുവെന്ന്. ഒരു നല്ല ഗെയിമർ ആയിരുന്നു റോബിൻ എന്ന ഷോ നിഷ്പക്ഷമായ വിലയിരുത്തന്നവർക്ക് പറയാൻ പറ്റില്ല. മാതൃഭാഷയായ മലയാളം റോബിൻ തപ്പിത്തടഞ്ഞാണ് വായിക്കാറുള്ളത്. എന്നാൽ റോബിൻ താരതമ്യം ചെയ്യപ്പെടുന്ന രജിത്കുമാർ ആവട്ടെ, തെറി പറഞ്ഞതിന്റെ പേരിൽ അടക്കം ഒരു ശാസനയും ഏറ്റുവാങ്ങിയിട്ടില്ല. ക്യാപ്റ്റനായും പല ടാസ്‌ക്കുകളിലും വിന്നർ ആയാണുമാണ് രജിത് മടങ്ങിയത്.
ഇതെല്ലാം പോരാഞ്ഞിട്ട് താൻ ഒരു ഫേക്ക് ആണെന്ന് ഡോക്ടർ റോബിൻ തന്നെ പ്രഖ്യാപിച്ചു കളഞ്ഞു. ഒറിജിനൽ താൻ ഇതല്ലെന്നും ഇത് ഗെയിമിന്റെ ഭാഗം ആണെന്നുമാണ് അയാൾ പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ട് റോബിൻ ഇത്രമേൽ ആരാധിക്കപ്പെടുന്ന വെന്ന ചോദ്യമാണ്, മലയാളിയുടെ ആൾക്കൂട്ട മനഃശാസ്ത്രത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
താൻ എട്ടുമാസം പ്രയത്നിച്ച് നൈറ്റ് ഡ്യൂട്ടിയിലെ ഉറക്കം എല്ലാം മാറ്റിയെടുത്ത് വളരെ പ്രിപ്പയർ ചെയ്താണ് ഈ ഷേയിലേക്ക് വന്നത് എന്ന് ഡോക്ടർ റോബിൻ പറഞ്ഞിട്ടുണ്ട്. പക്ഷേ ആദ്യ ദിനങ്ങളുടെ പ്രകടനം കണ്ടാൽ അയാൾക്ക് ഈ ഷോയെക്കുറിച്ച് ഒന്ന് അറിയില്ലെന്നാണ് തോന്നുക. സ്ട്രാറ്റജി എന്ന റോബിന്റെ പ്രയോഗം പോലും ഹൗസിൽ 'ചാറ്റർജി' എന്ന തമാശയായി. തുടക്കത്തിൽ വില്ലന്റെ റോളിലും കലിപ്പന്റെ റോൽലുമായിരുന്നു ഡോക്ടർ റോബിൻ. പക്ഷേ അത് അങ്ങോട്ട് ഏശിയില്ല. ജയിക്കാൻ എന്ത് കളിയും കളിക്കാം, എത്ര ഫേക്കായും നിൽക്കാം എന്ന റോബിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ജാസ്മിനും നിമിഷയും ഡെയ്സിയും അടങ്ങുന്ന 'ഫെമിനിസ്റ്റ് ചേരി', ആക്രമണം തുടങ്ങിയതോടെ പലപ്പോഴും നിസ്സഹായനായി നിൽക്കുന്ന ഡോക്ടറെയാണ് പ്രേക്ഷകർ കണ്ടത്. തന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നുവെന്നായിരുന്നു ഹൗസിലെ ആദ്യ ആഴ്ചകളിൽ റോബിന്റെ സ്ഥിരം പരാതി.
ഒരു സമയത്ത് ലക്ഷ്മിപ്രിയയോട് സംസാരിക്കവേ റോബിൻ വിങ്ങിക്കരയുകയും ചെയ്തു. എല്ലാവരും പറയുന്നപോലെ താൻ ഇത്ര ക്രൂരനാണോ എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. പക്ഷേ അപ്പോൾ റോബിന് അനുകുലമായി പരമ്പരാഗതമായി ചിന്തിക്കുന്ന പ്രേക്ഷകരുടെ വോട്ട് കൂടുകുയായിരുന്നു. കലിപ്പൻ സ്ട്രാറ്റജി ഇവിടെ വിലപ്പോവില്ലെന്ന് കണ്ടതുകൊണ്ടാവണം റോബിൻ വളരെ പെട്ടന്നുതന്നെ, ഒരു കാമുകന്റെ വേഷത്തിലേക്ക് വന്നു. ദിൽഷയുമായി ഉണ്ടാക്കിയ ഫ്രണ്ട്ഷിപ്പ് ഒരുപാട് സ്‌ക്രീൻ ടൈം എടുത്തു. വില്ലനിൽനിന്ന് നായകനിലേക്ക് റോബിൻ വരുന്നത് അപ്പോഴാണ്.
വർക്കിലല്ല, ലുക്കിലാണ് ഡോ റോബിന്റെ ഗെറ്റപ്പ് കിടക്കുന്നത്. പ്രത്യേക മോഡലിൽ പാറുന്ന മുടിയുമായി, സ്റ്റെലൻ ഡയലോഗ് ഡെലിവറിയും, അലറുന്ന സംഭാഷണവുാെമക്കെയായി അയാൾ ടിപ്പിക്കൽ മല്ലു യുവാക്കൾക്കിടയിൽ ഒരു തരംഗമായി. റോബിന്റെ 'ചാർജിങ്ങ് സീനുകൾ' ഗംഭീരം എന്ന് ആരാധകർ വാഴ്‌ത്താൻ തുടങ്ങി. റോബിൻ ആർമി എന്ന ഫേസ്‌ബുക്ക് കൂട്ടയ്മയിൽ 52,000 ആളുകളായി. ഡോക്ടർ എന്ന ഇമേജും അയാളെ കുടുബപ്രേക്ഷകർക്ക് പ്രിയങ്കരനാക്കി.
ഫെമിനിസ്റ്റുകൾ വേഴ്സ്സ് കുടുംബ ജീവികൾ!
ഇതോടൊപ്പം രജിത്കുമാറിന് കിട്ടിയതുപോലുള്ള നിശബ്ദമായ ഒരു പൊളിറ്റിക്ക്സും ഇവിടെ വർക്ക് ചെയ്തു. ഫെമിനിസ്റ്റുകൾ വേഴ്സ്സ് മലയാളി കുടുംബജീവികൾ എന്ന രീതിയിലായി ഷോ മാറി. സീരിയൽ ടൈമിൽ സംപ്രഷണം ചെയ്യുന്ന ബിഗ്ബോസിന്റെ പ്രേക്ഷകരിൽ നല്ലൊരു ശതമാനവും സ്ത്രീകൾ അടക്കമുള്ള കുടുംബ പ്രേക്ഷകരാണ്. അവരുടെ പരമ്പരാഗത സങ്കൽപ്പങ്ങളിൽ സിഗരറ്റ് വലിക്കുന്ന, കാലിൽമ്മേൽ കാലെടുത്തുവെച്ച് ബോൾഡായി സംസാരിക്കുന്നു. റോബിനെ സ്ത്രീവിരുദ്ധനായും അങ്ങേയറ്റം ടോക്സിക്കായ മനുഷ്യനുമാക്കി ചിത്രീകരിക്കാനുള്ള അവരുടെ ശ്രമം സത്യത്തിൽ അയാൾക്കുതന്നെ ഗുണം ചെയ്തു. മാത്രമല്ല ഇസ്ലാമിൽനിന്ന് പുറത്തുവന്ന വ്യക്തിയായതുകൊണ്ട്, ആ മതത്തിലെ പൊതുവോട്ടും ജാസ്മിനെതിരെയായി. അതായത് റോബിന് അനുകൂലമായി.
''അങ്ങനെ നോക്കിയാൽ ലോകത്ത് എല്ലായിടത്തുമുള്ള യാഥാസ്ഥിത മലയാളിയുടെ പ്രതിനിധിയായിട്ടാണ് റോബിൻ മത്സരിച്ചത്. അക്രമാസക്തനാവാൻ കഴിയുന്ന ടിപ്പിക്കൽ ഹിന്ദു മല്ലു എന്ന ഇമേജ് അയാൾക്ക് ഏറെ ഗുണം ചെയ്തു. റോബിൻ ബോധപൂർവം ചെയ്തതല്ല ഇത്. അയാൾ അറിയാതെ വന്നുചേർന്ന സോഷ്യൽ എഞ്ചിനീയറിങ്ങാണ്. റോബിൻ ആർമി എന്ന് പറയുന്ന ഫാൻസ് ഗ്രൂപ്പ് ശരിക്കും ആനപ്രേമികളെപ്പോലെയൊക്കെയുള്ള ഒരു അരാഷ്ട്രീയ ആൾക്കൂട്ടമാണ്. വ്യക്തിപരമായി അവരുടെ രാഷ്ട്രീയം നോക്കിയാൽ അവർ വലതുപക്ഷത്താണ്. തെളിച്ച് പറഞ്ഞാൽ കോൺഗ്രസിലെയും ബിജെപിയിലെയും വലിയൊരു വിഭാഗം ചെറുപ്പക്കാരെ റോബിൻ ആർമിയിൽ കാണാം. ഒപ്പം ഇടതുപക്ഷത്തെ വലിയൊരു വിഭാഗം വരുന്ന യഥാസ്ഥിതികരും റോബിനൊപ്പം ചേർന്നു''- ബിഗ്ബോസ് അനലിസ്റ്റും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ജോൺസൻ വർഗീസ് ചൂണ്ടിക്കാട്ടുന്നു.
എത്രതന്നെ പുരോഗമനം പറഞ്ഞാലും വലതുപക്ഷത്തിന് വലിയ സ്പേസ് ഉള്ള നാടാണ് കേരളം. ശബരിമല സമരക്കാലത്ത് നാം അത് കണ്ടതാണ്. റേറ്റിങ്ങിൽ ജനം ടീവി രണ്ടാമത് എത്തിയ സമയം. 20ൽ 19 ലോക്സഭാ സീറ്റിലും ഇടതുപക്ഷം തോറ്റകാലം. ആ രീതിയിൽ പുേരാഗമനത്തിൽ മറവിൽ നാം ഒളിപ്പിച്ചുവെച്ച വലിയ വലതുപക്ഷ ഫാൻസ് തന്നെയാണ് റോബിനുവേണ്ടി ഇപ്പോൾ ഉറഞ്ഞ് തുള്ളുന്നതും.
അതേസമയം ഡോ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ പേരിൽ അവതാരകനായ മോഹൻലാലിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. നേരത്തെ രജിത്ത് കുമാറിനെ പുറത്താക്കിയപ്പോഴും സമാനമായ രീതിയിൽ ലാലേട്ടനുനേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ നാട്ടിലെത്തിയ ഉടൻ തന്നെ രജിത്ത്കുമാർ ആദ്യം തന്നെ ലൈവിലെത്തി പറഞ്ഞ് ലാലേട്ടാണ് എതിരായ പ്രചാരണം അവസാനിപ്പിക്കണം എന്നാണ്. റോബിനും അതുപോലെ പറയുമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. മോഹൻലാലിന്റെ കാൽ രണ്ടുതവണ തൊട്ട് വണങ്ങിയാണ് റോബിൻ ഗെയിം ഷോ വിട്ടുപോയത്. ( ഇവിടെയുമുണ്ട് ജാസ്മിനുമായി വലിയ വ്യത്യാസം. അവൾ ആരുടെയും കാൽ തൊട്ട് വണങ്ങില്ല. തല ഉയർത്തിപ്പിടിച്ച് നിൽക്കും. പക്ഷേ പെണ്ണ് അങ്ങനെ ചെയ്യുന്നത് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും അഹങ്കാരമാണെന്നാണ് വിമർശനം വരിക)
റോബിനെ സംബന്ധിച്ച് ഈ ഷോ വലിയ അവസരമാണ് നൽകയിത്. ഇനി സിനിമയിലും സീരിയലിലുമൊക്കെയായി അയാൾ തിളങ്ങി നിൽക്കും എന്ന് ഉറപ്പാണ്. ശരിക്കും ഒരു പുതിയ താരോദയം തന്നെയാണ് മലയാളത്തിൽ ഉണ്ടായിരിക്കുന്നത്.
തമിഴരെ നാം എന്തിന് പരിഹസിക്കണം
തുടക്കത്തിൽ നാം ചൂണ്ടിക്കാട്ടിയ ഇ ബുൾജെറ്റ് കലാപത്തിലേക്ക് വരാം. അതിന് സമാനമായ കാഴ്ചകളാണ് റോബിൻ തിരുവനന്തപുരം എയർപോർട്ടിൽ വന്നപ്പോൾ നാം കണ്ടത്. കാസർകോട് നിന്നുൾപ്പടെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് റോബിനെ സ്വീകരിക്കാൻ മാലയും ബൊക്കെയും ഉപഹാരങ്ങളുമൊക്കെയായി എയർപോർട്ടിലെത്തിയത്. ''ബിഗ് ബോസ് സ്‌ക്രിപ്റ്റഡാ... ആ ജാസ്മിനെ കൂടെ കൂടെ മെഡിക്കൽ റൂമിലേക്ക് വിളിച്ചിട്ട് അവന്മാർ കൊടുത്തതായിരിക്കും ഇത്. ജാസ്മിൻ ഇറങ്ങിയാൽ മാത്രമെ ഡോക്ടർ അവിടൂന്ന് ഇറങ്ങുള്ളൂ എന്ന ഇൻഫോർമേഷൻ കൊടുത്തതു കൊണ്ടാ അവൾ ഇറങ്ങിയത്, അല്ലെങ്കിൽ അവൾ ഇറങ്ങൂല. ആ ലാലേട്ടൻ പറ്റിച്ചതാ ''-നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് പെൺകുട്ടി ചാനലിനോട് പ്രതികരിക്കുന്നു.
തങ്ങളാരും റോബിന്റെ ബന്ധുക്കളല്ലെന്നും ഒന്നു കണാൻ വേണ്ടി മാത്രമാണ് ഇത്രരാവിലെ തന്നെ ഇവിടെയെത്തിയതെന്നും ഒരു വീട്ടമ്മ പ്രതികരിച്ചു.ബിഗ്‌ബോസിന്റെ ആദ്യ സീസണിൽ സാബു മറ്റൊരു മത്സാർത്ഥിയെ കായികമായി അക്രമിച്ചിട്ടും അദ്ദേഹത്തെ വിന്നറാക്കിയ ബിഗ്‌ബോസ്, ഇതൊന്നുമില്ലാതിരുന്നിട്ടും വെറും ആരോപണത്തിന്റെ പേരിൽ റോബിനെതിരെ കാണിച്ചത് ഇരട്ടനീതിയാണെ്ന്നും മറ്റൊരു പ്രേക്ഷകൻ പ്രതികരിച്ചു.
നോക്കുക, പ്രബുദ്ധർ എന്ന് കരുതിയ മലയാളികളാണ് ഒരു ടെലിവിഷൻ ഷോയുടെ പേരിൽ തീക്കൊളുത്താൻ തയ്യാറായി നിൽക്കുന്നത്. താരങ്ങുടെ കട്ടൗട്ടിൽ പാലഭിഷേകവും, തേനഭിഷേകവും നടത്തുന്ന, തമിഴരെ ഒരുപാട് കളിയാക്കിയവർ ആണ് നാം. ഇപ്പോൾ നമ്മളും അവരും തമ്മിൽ എന്താണ് വ്യത്യാസം. മലയാളി യുവത്വത്തിന്റെ മാനസികാരോഗ്യം വല്ലാതെ കുറയുന്നുവെന്നതിന്, ഇ ബുൾജെറ്റ് കലാപത്തിനുശേഷം കിട്ടിയ മറ്റൊരു ഉദാഹരണം കൂടിയാണ്, 'ഡോ മച്ചാൻ കാലാപം'. ഇക്കണക്കിന് പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന സിനിമ താരങ്ങളോ, രാഷ്ട്രീയ നേതാക്കളോ ആരെങ്കിലുമൊരാൾ പൊടുന്നനേ മരിച്ചുപോയാൽ തമിഴ്‌നാട് മോഡൽ ആത്മാഹുതികൾ ആവും നാം കാണുക. ( ഇപ്പോൾ തന്നെ കന്നഡ ബിഗ്ബോസിൽ എവിക്റ്റഡ് ആയ ഒരു മത്സരാർഥിയുടെ ആരാധകൻ, അവതാരകന്റെ വീട്ടിന് മുന്നിൽ തീ കൊളുത്തി മരിച്ചതും, തുടർന്ന അയാളെ ഷോയിൽ തിരിച്ചെടുത്തതുമായ ഒരു കഥ സൈബർ ലോകത്ത് റോബിൻ ആർമിക്കാരും ശത്രുക്കളും പ്രചരിപ്പിക്കുന്നുണ്ട്.) കേരളത്തിന്റെ ന്യുജൻ സോഷ്യോ പൊൽറ്റിക്സ് പഠിക്കുന്നവർ കാര്യമായി വിലയിരുത്തേണ്ടതാണ് ഈ കോപ്രായങ്ങൾ ഒക്കെ.
വാൽക്കഷ്ണം: ബിഗ്ബോസ്, ബിഗ് ബ്രദർ പോലുള്ള റിയാലിറ്റിഷോകൾ മാത്രമല്ല, കാട്ടിൽ വസ്ത്രംപോലുമില്ലാതെ ഒറ്റക്ക് അതിജീവിക്കേണ്ട അതി ഭീകരമായ റിയാലിറ്റി ഷോകൾ ഒക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പക്ഷേ അവിടെയൊന്നും ഒന്നും കാണാത്ത രീതിയിൽ, ഇവിടെ മലയാളം ബിഗ്ബോസിൽ, വ്യക്തി അധിക്ഷേപവും, പരദൂഷണവും, ഹോമോഫോബിയയും പ്രോൽസാഹിപ്പിക്കുന്ന പോലെ തോനുന്നുണ്ട്. വിദേശത്ത് ഇത്തരം ഷോകളിൽ മികച്ച സർവൈവർ ആണ് വിജയിക്കാറുള്ളതെങ്കിൽ ഇവിടെ ഉച്ചത്തിൽ സംസാരിക്കുന്നവനും തെറിപറയുന്നവനുമാണ് മുന്നിലെത്തുന്നത്! അല്ലെങ്കിൽ എവിടെയും പരദൂഷണത്തിനും ഗ്രൂപ്പിസത്തിനും കുതിൽ കാൽവെട്ടിനും സാധ്യതകൾ തിരയുന്ന മല്ലു സൊസൈറ്റിയുടെ യാഥാർഥ മുഖമാണ് ബിഗ്ബോസ് കാണിക്കുന്നത് എന്നും പറയാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ