മുക്കം: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി തീർത്തും നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്നും ജന വിരുദ്ധ നയങ്ങളിൽ മോദിയും പിണറായിയും പിന്തുടരുന്നത് ഒരേ നയമാണന്നും നർമ്മദ ആന്തോളൻ ബച്ചാവോ സമര നേതാവും മാഗ്‌സസെ അവാർഡ് ജേതാവുമായ ഡോ.സന്ദീപ് പാെണ്ഡ പറഞ്ഞു. എരഞ്ഞിമാവിൽ ഗയിൽ വിരുദ്ധ സമരപന്തലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രദേശവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ധേഹം.

സർക്കാർ പദ്ധതിക്കായികൃഷിയിടങ്ങൾ ഏറ്റെടുക്കുമ്പോൾ 70 ശതമാനം കർഷകരുടെ അനുമതി വേണമെന്നതാണ് രാജ്യത്തെനിയമം. ഗെയിൽ പദ്ധതി സർക്കാരും പ്രൈവറ്റ് കമ്പനികളും സംയുക്തമായാണ് നടപ്പാക്കുന്നത്. അതുകൊണ്ട് 80 ശതമാനം കർഷകരുടെ അനുമതിയെങ്കിലും ആവശ്യമാണ്. എന്നാൽ ഇത് പാലിക്കാതെ തീർത്തും നിയമവിരുദ്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രകൃതിയെ തകർക്കുന്ന ഈ പദ്ധതിക്കെതിരെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഡോ.സന്ദീപ് പാണ്ഡെ പറഞ്ഞു.

നേരത്തെ എരഞ്ഞിമാവിലെ സമരപന്തലിലെത്തിയ അദ്ധേഹം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഇരകളുടെ പരാതികൾ കേട്ട ശേഷമാണ് തിരിച്ചു പോയത്. സമരക്കാരെ തീവ്രവാദികളായി മുദ്ര കുത്തുന്ന സർക്കാർ നിയമ ലംഘനങ്ങൾക്ക് കൂട്ടുപിടിച്ച് യഥാർത്ഥ ഭീകരവാദികളായി മാറിയെന്നും അദ്ധേഹം പറഞ്ഞു.

എൻ.എ.പി.എ (നാഷനൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്്മന്റ്) സംസ്ഥാന സെക്രട്ടറി വിജയരാഘവൻ ചേളായി, ഡോ. PK നൗഷാദ് അരീക്കോട്, സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, ബഷീർ പുതിയോട്ടിൽ, ജി.അബ്ദുൽ അക്‌ബർ, ശംസുദ്ദീൻ ചെറുവാടി, റൈഹാന ബേബി, ടി.പി മുഹമ്മദ്, ജാഫർ എരഞ്ഞിമാവ്, കരീം പഴയങ്കൽ, നജീബ്, ബാവ പവർവേൾഡ്, സാലിം ജീറോഡ് എന്നിവർ പങ്കെടുത്തു.

എരഞ്ഞിമാവ് ഗെയിൽ സമരത്തിന് പ്രാദേശികതലത്തിൽ പുതിയ സമരപന്തലുകൾ ഉയർന്നുകഴിഞ്ഞു. ഈ സമരപന്തലുകളുടെ കീഴിൽ ഇരകളും സമരസമിതി നേതാക്കന്മാരും ഒരുമിച്ചുള്ള പോരാട്ടമാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. കാവനൂരിലെ ചെങ്ങര തടത്തിലും, ഏലിയാപറമ്പിലും, കിഴുപറമ്പ് പഞ്ചായത്തിലെ വാദിനൂരും, കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പിലും, പൂക്കോട്ടൂരിലും സമരപന്തലുകൾ ഉയർന്നു. നാളെയും മറ്റന്നാളുമായി പദ്ധതികടന്നുപോകുന്ന മുഴുവൻ പഞ്ചായത്തുകളിലും സമരപന്തൽ ഉയരുന്നതാണ് എന്ന് എരഞ്ഞിമാവ് സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അറിയിച്ചു.