പശുവിന്റെ ഉച്ഛ്വാസവും ഓക്‌സിജനും ശരിക്കും പശുവിന്റെ നിശ്വാസത്തിൽ ഓക്‌സിജൻ ഉണ്ടോ? ഉണ്ട്, എന്നാണ് പെട്ടെന്നുള്ള ഉത്തരം. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ സസ്തിനികളുടെയും ഉച്ഛ്വാസവായുവിൽ ഓക്‌സിജൻ ഉണ്ട്. പക്ഷെ ഓക്‌സിജൻ മാത്രമല്ല, നൈട്രജൻ ഉണ്ട്, കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ട്, വളരെ ചെറിയ അളവിൽ ഉത്കൃഷ്ട വാതകങ്ങളും (Noble Gases) ഉണ്ട്.

അപ്പോൾ പശു ഓക്‌സിജൻ ഉണ്ടാക്കുന്നില്ലേ?

ഇല്ല. പശു എന്നല്ല സസ്യങ്ങൾ അല്ലാത്ത ഒരു ജീവിക്കും ഓക്‌സിജൻ ഉണ്ടാക്കാനുള്ള കഴിവില്ല. സസ്യങ്ങൾ പ്രകാശ സംശ്ലേഷണം (photosynthesis) നടത്തുമ്പോൾ അതിന്റെ ഉപോല്പന്നമായി ആണ് ഓക്‌സിജൻ ഉണ്ടാകുന്നത്. പശുവിന് പ്രകാശ സംശ്ലേഷണം നടത്താനുള്ള കഴിവില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്പോൾ നിശ്വാസത്തിൽ ഓക്‌സിജൻ ഉണ്ടെന്ന് ആദ്യം പറഞ്ഞതോ?

അത് ശ്വാസം എടുക്കുമ്പോളുള്ള ഓക്‌സിജൻ പൂർണ്ണമായും ശരീരത്തിൽ ആഗിരണം ചെയ്യില്ല. ബാക്കിയുള്ള ഓക്‌സിജനാണ് നിശ്വാസ വായുവിന്റെ കൂടെ പുറത്തേക്ക് വരുന്നത്.

ഒന്നുകൂടി വിശദമായി പറയുമോ?

അതായത് അന്തരീക്ഷ വായുവിൽ 78.09% നൈട്രജനും, 20.95% ഓക്‌സിജനും, 0.93% ഉത്കൃഷ്ട വാതകങ്ങളും (Noble Gases-ആർഗോൺ), 0.04% കാർബൺ ഡൈ ഓക്‌സൈഡും ആണുള്ളത്. ആഹാരം [sugars and fatty acids] ദഹിപ്പിച്ച് ഊർജ്ജം ഉണ്ടാക്കാനും, കോശങ്ങളുടെ പ്രവർത്തനങ്ങൾക്കും ശരീരത്തിന് ഓക്‌സിജൻ വേണം.

കോശങ്ങളുടെ 'ഊർജ്ജ നാണ്യം (energy currency) ആയ ATP (Adenosine triphosphate) ഉണ്ടാക്കാൻ ഓക്‌സിജൻ അനിവാര്യമാണ്. ഓക്‌സിജൻ കിട്ടി ഇല്ലെങ്കിൽ കോശങ്ങൾ നശിച്ചു പോകും. ഉദാഹരണത്തിന് തലച്ചോറിലെ കോശങ്ങൾ മൂന്നു മിനിറ്റിൽ കൂടുതൽ ഓക്‌സിജൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.

ഏകദേശം 430 ലിറ്റർ ഓക്‌സിജൻ ഒരു ദിവസം മനുഷ്യനു വേണം. നമ്മൾ ശ്വസിക്കുമ്പോൾ, ശ്വാസ വായുവിൽ ഉള്ള മുഴുവൻ ഓക്‌സിജനും രക്തത്തിൽ ആഗിരണം ചെയ്യില്ല, ബാക്കിയുള്ള ഓക്‌സിജൻ, നിശ്വാസവായുവിൽ കൂടി പുറത്തു പോകും. പശുവിനും ഇങ്ങനെ തന്നെ.
അപ്പോൾ നിശ്വാസ വായു മുഴുവൻ കാർബൺ ഡൈ ഓക്‌സൈഡ് അല്ലെ?

അല്ല. ആഹാര ദഹന പ്രക്രിയയിൽ glucose + oxygen+ water ? carbon dioxide + water (C6H12O6 + 6O2 + 6H2O ? 12H2O + 6 CO2). ഉണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് 4-5 % ഉണ്ടാവും. എന്നിരുന്നാലും കൂടുതലും, നൈട്രജനും (78.09%), ശരീരം ആഗിരണം ചെയ്ത ശേഷമുള്ള ഓക്‌സിജനും (ഏകദേശം 15 -16%), 0.93% ഉത്കൃഷ്ട വാതകങ്ങളും, ബാഷ്പവും (water vapor) ആയിരിക്കും.

(ഹിന്ദുസ്ഥാൻ ടൈംസിൽ ഇന്നു വന്ന ഒരു വാർത്തയാണ് ഇതെഴുതാൻ ആധാരം (Ref no 1 ) എങ്കിലും, ഈ പോസ്റ്റ് ഒരു രാക്ഷ്ട്രീയ പോസ്റ്റല്ല.

വായനക്കാർക്കുണ്ടാകാവുന്ന ചില സംശയങ്ങൾ ദൂരീകരിക്കാൻ മാത്രമേ ഉദ്ദേശമുള്ളൂ. അതുകൊണ്ട്, ദയവായി സംവാദവും, അഭിപ്രായവും ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കി മാത്രം വേണം എന്ന് അഭ്യർത്ഥിക്കുന്നു.) 

References/ കൂടുതൽ വായനയ്ക്ക്
1. Cows exhale oxygen, absorb cosmic energy, home to gods: Rajasthan HC judge, http://www.hindustantimes.com/.../story-vrtIRN9h496l2h9ltnuZt...
2. How much gas do cows produce? http://www.progressivedairy.com/.../how-much-gas-do-cows-prod...
3. Zimmer, Carl (3 October 2013). 'Earth's Oxygen: A Mystery Easy to Take for Granted'. New York Times. Retrieved 3 October 2013.
4. Respiration http://www.bbc.co.uk/education/guides/zq349j6/revision
5. Cellular Respiration, http://www.biology-pages.info/C/CellularRespiration.html
6. Cellular Respiration In Animals In Plants - Exploring Nature; http://www.exploringnature.org/.../biolo.../cell_respiration.pdf
7. Respiration in cows: normal respiratory parameters, the applications of a portable pulmonary function cart, and the effects of progesterone on respiration, Victoria Ann Bullard, University of Wisconsin--Madison., 1979 

(അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജി ആൻഡ് ബയോ ടെക്‌നോളജി എൻജിനീയറിങ് വിഭാഗം തലവനാണ് ലേഖകൻ)