- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയിൽ ഇന്ന് പെണ്ണിനെ കണ്ടാൽ പണി ഇങ്ങനെ കിട്ടും, സംശയമില്ല; ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട് പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ: വിജയ് ബാബു വിവാദത്തിൽ ഡോ.സൗമ്യ സരിന്റെ കുറിപ്പ്
കൊച്ചി: പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് തെളിവുകൾ ശേഖരിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വിജയ് ബാബു പരാതിക്കാരിയായ യുവതിക്കൊപ്പം ആഡംബര ഹോട്ടലിലും ഫ്ളാറ്റിലും എത്തിയതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. കടവന്ത്രയിലെ ഹോട്ടലിലാണ് നടനും യുവ നടിയും എത്തിയത്. അതേസമയം, വിജയ് ബാബുവിനെ അനുകൂലിച്ചും, എതിർത്തും, രണ്ടുപക്ഷമായി സോഷ്യൽ മീഡിയ തിരിഞ്ഞിരിക്കുകയാണ്. ഈ വിഷയത്തെ കുറിച്ച് പക്വതയ്യാർന്ന പോസ്റ്റാണ് ഡോ.സൗമ്യ സരിൻ കുറിച്ചത്.
ഡോ.സൗമ്യ സരിന്റെ കുറിപ്പ്
'എല്ലാവർക്കും മൂന്ന് തരം ജീവിതങ്ങൾ ഉണ്ട്. പബ്ലിക് ലൈഫ്, പേർസണൽ ലൈഫ്, സീക്രെട് ലൈഫ്.' - മോഹൻ ലാലിന്റെ പുതിയ ചിത്രമായ ട്വൽത് മാനിന്റെ ടീസർ വാചകമാണ്. 'നമുക്ക് ജീവിതം ഉണ്ടെന്ന് തന്നെ തോന്നുന്നത് നമ്മെ എല്ലാം മറന്ന് സ്‌നേഹിക്കാൻ ഒരാൾ ഉണ്ടാകുമ്പോഴാണ്.' ഇത് ഇന്ന് ഇൻസ്റ്റാഗ്രാമിൽ സ്‌ക്രോൾ ചെയ്തപ്പോൾ വായിച്ച ഒരു വാചകമാണ്... ഈ രണ്ട് വാചകങ്ങളും ഒറ്റക്ക് ഒറ്റക്ക് എടുത്തു നോക്കിയാൽ ഒരു ബന്ധവും തോന്നില്ല. പക്ഷെ ഒരുമിച്ചു വായിച്ചു നോക്കിയാൽ നമുക്ക് ചുറ്റും ഇന്ന് നടക്കുന്ന പല സംഭവങ്ങളും ഈ രണ്ട് വാചകങ്ങളെ ചുറ്റിപ്പറ്റി ആണ് നടക്കുന്നതെന്ന് മനസ്സിലാവും.
പറഞ്ഞു വരുന്നത് പുതിയ വിജയ് ബാബു വിഷയത്തെ പറ്റി തന്നെ ആണ്... രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾ ചേരി തിരിഞ്ഞു അടിയാണ്. ഒരു വശത്തു പെൺകുട്ടിയുടെ കൂടെ നിൽക്കുന്നവർ. മറുവശത്തു എതിർഭാഗവും.
ഇവർ എല്ലാവരും Section 375 എന്ന സിനിമ കാണുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. വളരെയധികം സമാനമായ സംഭവമാണ് ആ സിനിമയുടെ പ്ലോട്ട്. ഇവിടെ ആരു ശെരി ആരു തെറ്റ് എന്നതിനേക്കാൾ എന്താണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന ചർച്ച ആണ് വേണ്ടതെന്നു തോന്നുന്നു.
നമുക്ക് ആ രണ്ടാമത്തെ വാചകം ഒന്ന് നോക്കാം. നമ്മളെല്ലാം സ്‌നേഹത്തിനും കരുതലിനും വേണ്ടി ജീവിക്കുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകൾ. എത്രയൊക്കെ ശാക്തീകരണം എന്ന് ഉച്ചത്തിൽ പറഞ്ഞാലും നമ്മളിൽ അധിക ശതമാനം സ്ത്രീകളും ഈ സ്‌നേഹത്തിലും കരുതലിനും അടിമപ്പെടുന്നവരാണ്. പ്രത്യേകിച്ച് ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നു എന്ന അവസ്ഥയിൽ. ദുഷ്ട ലാക്കോടെ വരുന്ന സ്‌നേഹബന്ധങ്ങൾ പോലും പലപ്പോഴും അവൾക്ക് തിരിച്ചറിയാൻ സാധിക്കാറില്ല.
പ്രണയത്തിൽ അകപ്പെട്ട സ്ത്രീകളെ പോലെ സാഹസികതയും ധൈര്യവും ആരും കാണിക്കാറുണ്ടെന്നു തോന്നുന്നില്ല. പലപ്പോഴും അത് അന്ധവും അവരെ തന്നെ അപകടത്തിൽ പെടുത്തുന്നതും ആയാൽ പോലും. അവനവനെ കുറിച്ചുള്ള ചിന്ത ആ സമയം സ്ത്രീകൾ ഉപേക്ഷിക്കാറുണ്ട്. എല്ലാം ആ ബന്ധം ആയിപോകുന്ന ഒരവസ്ഥ.
എല്ലാ പുരുഷന്മാരും ദുഷ്ടലാക്കോടെ ആണ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതെന്നു ഞാൻ പറഞ്ഞതിന് അർത്ഥമില്ല. പക്ഷെ സ്ത്രീകളെ പോലെ അന്ധമാവാറില്ല അവരുടെ സ്‌നേഹം. ഇത്തരത്തിൽ സ്‌നേഹത്തിനു വേണ്ടി നടത്തുന്ന തിരച്ചിലുകൾ ആണ് നമ്മെ ആദ്യം പറഞ്ഞ ആ സീക്രെട് ലൈഫിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന നല്ലൊരു ശതമാനം മനുഷ്യരും അത്തരത്തിൽ ഒരു രഹസ്യജീവിതവുമായി മുന്നോട്ട് പോകുന്നവരാണ്. സെലിബ്രിറ്റികളുടെ പോലെ അവ നാട്ടുകാർ അറിയുന്നില്ലെന്നു മാത്രം.
ഈ ബന്ധവും അത്തരത്തിൽ ഉള്ള ഒരു ബന്ധം ആയിരുന്നിരിക്കണം. ടോക്‌സിക് ആയ ഒന്ന്...അതുകൊണ്ട് തന്നെ തടഞ്ഞു കൂടായിരുന്നോ ഇറങ്ങി പോന്നുകൂടായിരുന്നോ എന്ന പെൺകുട്ടിയോടുള്ള ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയും ഇവിടെ ഇല്ല. കാരണം അധിക പേർക്കും അതിന് കഴിയില്ല. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ ആ ആണിന് അടിമപ്പെട്ടിരിക്കും.
സ്വാർത്ഥമായ താല്പര്യങ്ങൾക്ക് മാത്രമായി വഴങ്ങിക്കൊടുത്തു പിന്നെ പീഡിപ്പിച്ചേ എന്ന് കരയുന്നു എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. കാരണം അത്തരത്തിൽ വഴങ്ങി കൊടുക്കുന്നവർ അതിലെ ചതി അറിയാൻ കൂടി സാമർത്യവും കഴിവും ഉള്ളവർ ആയിരിക്കും എന്ന് തന്നെ ഞാൻ കരുതുന്നു. പക്ഷെ മാനസികമായി കൂടി അടിമപ്പെടുന്നവർ ആണ് പിന്നീട് ഇത്തരത്തിൽ തിരിച്ചടിക്കുന്നത്. കാരണം വഞ്ചിക്കപ്പെട്ടു അല്ലെങ്കിൽ അപമാനിക്കപ്പെട്ടു എന്ന ചിന്ത വരാൻ കൂടുതൽ സാധ്യത അവർക്ക് തന്നെ ആണ്.
പിന്നെ ഇപ്പൊ എന്ത് സംഭവിച്ചു എന്നതാണെങ്കിൽ അത് അവർക്ക് മാത്രമേ അറിയൂ.. പക്ഷെ സാധ്യതകൾ ഇവയാകാം. പൊതുവെ ഒരു ബന്ധം വഷളാകുന്നത് പിരിയേണ്ട സമയം വരുമ്പോഴാണ്. ബന്ധത്തിൽ ഇരുന്നപ്പോൾ കാണിച്ചിരുന്ന ഒരു സ്‌നേഹവും മര്യാദയും പലപ്പോഴും അവിടെ സ്ത്രീകൾക്ക് കിട്ടാറില്ല. വളരെ എളുപ്പത്തിൽ അവർ തിരസ്‌കരിക്കപ്പെടുന്നു. അതുവരെ ഇല്ലാത്ത ഭാര്യയും അമ്മയും കുട്ടിയും കുടുംബവും സമൂഹവും ഒക്കെ പുരുഷൻ അവൾക്ക് മുമ്പിൽ തന്നെ ഗതികേടായി നിരത്തും.
ആണുങ്ങൾക്ക് ഇത്തരം ബന്ധങ്ങളിൽ നിന്നുള്ള തിരിഞ്ഞു നടപ്പ് സ്വതവേ എളുപ്പമാണ്. പക്ഷെ പെണ്ണുങ്ങൾക്ക് അങ്ങിനെ അല്ല. അവർ അവിടെ കുടുങ്ങി പോകും. പലപ്പോഴും തകർന്നു പോകും. ഇത്രയും കാലം താൻ വഞ്ചിക്കപെടുകയായിരുന്നു എന്ന ചിന്ത അവരെ പ്രാന്ത് പിടിപ്പിക്കും. പലരും സാവധാനം സമയമെടുത്ത് അതിൽ നിന്നും കര കയറും. പലരും മുങ്ങിപോകും. ചിലർ പ്രതികരിക്കും. ആ പ്രതികരണങ്ങൾ പലവിധമാകും. ഇതൊക്കെ ആണ് ഇന്ന് നാം ചുറ്റും കണ്ട് കൊണ്ടിരിക്കുന്നത്. അപ്പോൾ പ്രതികരണം അയാൾക്ക് നേരെ നിയമപരമായി നീങ്ങാൻ ആണെങ്കിൽ അതിനെ തെറ്റ് പറയുന്നതെങ്ങനെ?
അതുകൊണ്ട് ഇവിടെ എനിക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും പറയാൻ ഇത്രയേയുള്ളൂ. നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യജീവിതവും ഒക്കെ നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷെ അതിന് അതിന്റെതായ റിസ്‌കുകളും ഉണ്ട്. അത് ഉൾക്കൊള്ളുക. ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയിൽ ഇന്ന് പെണ്ണിനെ കണ്ടാൽ പണി ഇങ്ങനെ കിട്ടും. സംശയമില്ല. അത് ആയിരത്തിൽ ഒരാൾക്ക് ആയിരിക്കാം. പക്ഷെ അത് നിങ്ങൾ ആവാമല്ലോ!
സൊ, അവനവനെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ മാത്രം തലയിൽ വക്കുക. അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കുക. ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങി പോരുമ്പോഴും അതുവരെ കാണിച്ച സ്‌നേഹം നിലനിർത്തുക. പങ്കാളിക്ക് അർഹിക്കുന്ന മാന്യതയും ബഹുമാനവും നൽകുക.
ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട് പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ...പണി കിട്ടിയിരിക്കും!