കണ്ണൂർ: എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമാ മുഹമ്മദ് യു.ഡി.എഫ്. സ്ഥാനാർത്ഥിയാവൻ സാധ്യത. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയായ ഡോ. ഷമാ മുഹമ്മദ് മൂന്നു വർഷമായി എ.ഐ.സി.സി. മാധ്യമവക്താവാണ്. തളിപ്പറമ്പിൽ മത്സരിക്കാനാണ് സാധ്യത. പുണെയിൽ ഡോക്ടറായ ജോലിചെയ്യുന്ന അവർ പുണെയിലും കണ്ണൂരിലും സാമൂഹികപ്രവർത്തന രംഗത്തുണ്ട്. ദേശീയ ചാനലുകളിൽ ഡോ.ഷമ മുഹമ്മദിന്റെ മുഖം കാണാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. എന്നാൽ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെയാണു കോൺഗ്രസിനു വേണ്ടി അവർ ചാനലുകളിൽ എതിർ പാർട്ടിക്കാരോടു പട വെട്ടുന്നത്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി(എഐസിസി) വക്താവായ ആദ്യ മലയാളി വനിതയെന്ന വിശേഷണവും ഷമയ്ക്കുണ്ട്.

ടിവി ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ താരമാണ് എം സ്വരാജ്. ആർക്കും വഴങ്ങാത്ത തോൽപ്പിക്കാനാവാത്ത പ്രകൃതം. ഒരു ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയിൽ സ്വരാജ് പറഞ്ഞ ഫലിതം അദ്ദേഹത്തിന് തന്നെ വിനയായി. കോൺഗ്രസിലെ യുവതുർക്കി സ്വരാജിനെ കടന്നാക്രമിച്ചു. ടോം വടക്കന്റെ ബിജെപി പ്രവേശനം സംബന്ധിച്ച ചർച്ചയിൽ സ്വരാജ് പറഞ്ഞ ഫലിതം എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന് രസിക്കാഞ്ഞതിന് പിന്നാലെയാണ് ചാനൽ ചർച്ചയിൽ തർക്കം 'ലൈവായത്'. മാധ്യമപ്രവർത്തക, ദന്തഡോക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് കോൺഗ്രസിന്റെ ദേശീയവക്താവാണ് ഡോക്ടർ ഷമ മുഹമ്മദ്. ദീർഘകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ദേശീയവക്താവായെത്തുന്നത് അടുത്തിടെയാണ്. മാധ്യമ രംഗത്തെ പരിചയ മികവിന് മുമ്പിലാണ് സ്വരാജിനും തോൽവി സമ്മതിക്കേണ്ടി വന്നത്.

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്ന ആൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഇത് രസിക്കാതിരുന്ന ഷമ കള്ളം പറയാൻ താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തർക്കത്തിന് തിരികൊളുത്തിയത്. എന്നാൽ തർക്കം അനുനയിപ്പിക്കാൻ സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് വ്യക്തമാക്കി അവതാരകൻ ഇടപെട്ടെങ്കിലും ഇരുവരും തമ്മിൽ തർക്കം മുറുകുകയായിരുന്നു. അങ്ങനെ സ്വരാജിന്റെ ഫലിതത്തിൽ താരമായി ഷമ മാറി. ഇതേ മിടുക്കിയാണ് ടോം വടക്കനെ കോൺഗ്രസിൽ നിന്ന് അകറ്റിയതും.

ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു കോൺഗ്രസിലെ മാധ്യമവിഭാഗം. രാഹുൽ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ ഷമ മാധ്യമ വിഭാഗത്തിലെത്തി. രാഹുൽ ഗാന്ധി നേരിട്ട് താല്പര്യമെടുത്തായിരുന്നു നിയമനം. ഇത് വടക്കന് പടിച്ചില്ല. ദീർഘകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ച ഷമ അതിവേഗം കോൺഗ്രസിലെ പ്രധാന വക്തവായി വളർന്നു. ഇതോടെ വടക്കൻ അടക്കമുള്ളവർക്ക് പിണയില്ലാതെയായി. കെസി വേണുഗോപാലും ഉമ്മൻ ചാണ്ടിയും ഡൽഹിയിലെത്തിയതോടെ വടക്കൻ പാർട്ടിയിൽ നിന്ന് പതുക്കെ പിന്മാറി. വടക്കൻ പാർട്ടി വിട്ട് പോകുമ്പോഴും കോൺഗ്രസിനായി പ്രതിരോധം തീർക്കാനെത്തിയത് ഷമയായിരുന്നു. ഈ ഷമയാണ് മത്സരിക്കാൻ കേരളത്തിലേക്ക് എത്തുന്നത്.

സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്ന് എ.ഐ.സി.സി. നിർദ്ദേശം ഉണ്ടായതിനെ തുടർന്നാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഷമാ മുഹമ്മദിന് വഴിയൊരുക്കുന്നത്. നേരത്തേ യു.ഡി.എഫ്. ഘടകകക്ഷികൾക്ക് വിട്ടുകൊടുത്ത രണ്ടു മണ്ഡലങ്ങളിൽ ഒന്നായ തളിപ്പറമ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് അവർ പറഞ്ഞു. കണ്ണൂർ ജില്ലയിൽ മത്സരിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ഡോ. ഷമാ മുഹമ്മദ് പ്രവർത്തനത്തിനിറങ്ങിയിരുന്നു. കണ്ണൂരിൽ മത്സരിക്കാൻ താത്പര്യമുണ്ട്. അതെല്ലാം തീരുമാനിക്കുന്നത് കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വമാണ്. എ.ഐ.സി.സി. വക്താവ് എന്ന നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.

മാധ്യമ പ്രവർത്തകയായ ദന്ത ഡോക്ടർ

ദന്ത ഡോക്ടർ, മാധ്യമപ്രവർത്തക എന്നീ പ്രഫഷനുകൾ കടന്നാണു ഷമ രാഷ്ട്രീയക്കാരിയായത്. രാഷ്ട്രീയത്തോടും കോൺഗ്രസിനോടുമുള്ള ആവേശവും അഭിനിവേശവുമാണു ദേശീയ വക്താവിന്റെ കസേരയിൽ ഷമയെ ഇരുത്തിയത്. ഇറാഖ് കുവൈത്തിനെ കീഴ്‌പെടുത്തിയപ്പോൾ അവിടെനിന്ന് വസ്ത്രങ്ങളും കുറച്ചു സ്പോർട്സ് മെഡലുകളുമായി ഇന്ത്യയിലേക്കു പലായനം ചെയ്യപ്പെട്ട പതിനേഴുകാരിയിൽനിന്നാണ് ഇന്നു കാണുന്ന ഡോ.ഷമ മുഹമ്മദിലേക്കുള്ള വളർച്ച ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിലൂടെയാണ് സാധ്യമാക്കിയത്.

ജനിച്ചത് ഉമ്മ സോയയുടെ നാടായ മാഹിയിലാണ്, 1973ൽ. പിതാവ് മുഹമ്മദ് കുഞ്ഞി കണ്ണൂർ താണ സ്വദേശി. കുവൈത്തിൽ ബാങ്ക് ജീവനക്കാരനായിരുന്നു ഉപ്പ. രണ്ടു വയസുള്ളപ്പോൾ കുവൈത്തിലേക്കു പോയി. വളർന്നതും സ്‌കൂൾ വിദ്യാഭ്യാസം നേടിയതുമെല്ലാം അവിടെയായിരുന്നു. അനിയത്തിയും അനുജനുമുണ്ടായി. രണ്ടു വർഷത്തിലൊരിക്കൽ ഞങ്ങൾ കുടുംബമായി നാട്ടിൽ വരും. മാഹിയിലും കണ്ണൂരിലുമായി കൂടും. കുവൈത്തിൽ ഇന്ത്യൻ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. കുവൈറ്റ് യുദ്ധം എല്ലാം മാറ്റി മറിച്ചു.

നാട്ടിൽ തിരിച്ചെത്തി കണ്ണൂർ എസ്എൻ കോളേജിൽ ബിരുദം പൂർത്തിയാക്കി. മംഗലാപുരം യെനപ്പോയ ഡൈന്റൽ കോളേജിൽനിന്ന് ബിഡിഎസിന് ശേഷം ഷമ കണ്ണൂർ, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ ദന്തഡോക്ടറായി ജോലി ചെയ്തു. ഡൽഹിയിൽ ജോലി ചെയ്യുമ്പോഴാണ് കുറച്ചുകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിക്കുന്നത്. മാധ്യമ മേഖലയോടുള്ള താൽപ്പര്യമായിരുന്നു ഇതിന് കാരണം. ഈ സമയത്താണ് കോൺഗ്രസ് നേതാക്കളുമായി അടുക്കുന്നതും.

ഇതിനിടയിൽ അനാഥരായി നഗരത്തിലെത്തുന്ന പെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവർത്തിച്ചു. ഭർത്താവിനും രണ്ടുകുട്ടികൾക്കുമൊപ്പം ഇപ്പോൾ പുണെയിലെ കൊറെഗാവ് പാർക്കിലാണ് താമസം. കണ്ണൂരിലും പ്രവർത്തനത്തിന് ഓടിയെത്തുന്നു. 2018 ഡിസംബർ 31 ന് കോൺഗ്രസ് അധ്യക്ഷൻ പുതിയ 10 അംഗ പുതിയ കോൺഗ്രസ് വക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇതിലാണ് ഡോ. ഷമ മുഹമ്മദും ഉൾപ്പെടുന്നത്.

സാമൂഹിക മാധ്യമങ്ങളിലെ കാര്യക്ഷമായ ഇടപെടലുകളായിരരുന്നു മലയാളിയായ ഡോ. ഷമ മുഹമ്മദിന് പാർട്ടി ദേശീയ തലത്തിലേക്കുള്ള വാതിൽ തുറന്നത്. മുസ്ലിം പാരമ്പര്യം പിന്തുടരുകയും ഹിന്ദു സംസ്‌കാരത്തെ സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തി എന്ന മത നിരപേക്ഷ നിലപാടുകളായിരുന്നു ഷമയ്ക്ക് നിർണായകമായത്. ഇറ്റാലിയൻ സ്വദേശിയും മാർക്കറ്റിങ് വിദഗ്ദ്ധനുമായ സ്റ്റഫാനോ പെല്ലെയാണ് ഡോ. ഷമ മുഹമ്മദിന്റെ ഭർത്താവ്.

ഇറ്റലിക്കാരൻ ഭർത്താവ്

ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്താണ് ഒരു രാജ്യാന്തര കമ്പനിയുടെ സൗത്ത് ഏഷ്യമിഡിൽ ഈസ്റ്റ് മേധാവിയായിരുന്ന സ്റ്റെഫാനോയെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ പൗരനാണു സ്റ്റെഫാനോ. പരിചയം സ്‌നേഹമായി. സ്റ്റെഫാനോ കണ്ണൂരിലെ വീട്ടിലെത്തി വിവാഹം ചെയ്യാൻ അനുവാദം ചോദിച്ചു. കുടുംബത്തിൽ എല്ലാവരും മതവിശ്വാസം പിന്തുടരുന്നവരാണ്. മറ്റു മതങ്ങളെക്കൂടി ആദരിക്കുകയും ഉൾക്കൊള്ളുകയും വേണമെന്നായിരുന്നു ഉപ്പയുടെ കാഴ്ചപ്പാട്. അദ്ദേഹം സമ്മതം നൽകി.

വിവാഹശേഷം ദുബായിലേക്കാണു പോയത്. അവിടെ വച്ചാണ് മക്കളായ ആദമും സമറും ജനിക്കുന്നത്. ഡന്റിസ്റ്റായി പാർട് ടൈം ജോലി ചെയ്തിരുന്നെങ്കിലും കുട്ടികൾക്കൊപ്പമായിരുന്നു ഏറെ സമയം. 2014ൽ സ്റ്റെഫാനോയ്ക്ക് ജോലിയിൽ രണ്ട് ഓഫറുകൾ വന്നു. ഒന്ന്, പാരിസിലേക്ക്, രണ്ടാമതത്തേത് പുനെയിലേക്ക്. പുനെ തിരഞ്ഞെടുത്തു. 2015ൽ പുനെയിലെത്തി. മാധ്യമരംഗത്തെ പഴയ സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിച്ചിരുന്നു. കൂട്ടത്തിൽ ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്, കോൺഗ്രസിന്റെ മീഡിയ ടീമിൽ അടുപ്പിച്ചത്. കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ കണ്ടു. യുപിഎ സർക്കാർ പരാജയപ്പെടുകയും ആദ്യ മോദി സർക്കാർ അധികാരമേൽക്കുകയും ചെയ്ത സമയമായിരുന്നു അത്.

എഐസിസിയുടെ മീഡിയാ ടീമിന്റെ റിസർച്ച് വിഭാഗത്തിലാണ് ആദ്യം നിയോഗിച്ചത്. പുനെയിൽ താമസിച്ചു രണ്ടു മണിക്കൂർ വിമാന യാത്ര നടത്തിയാണ് ഓരോ വട്ടവും ഡൽഹിയിലെത്തിയത്. അധികം വൈകാതെ നാഷനൽ മീഡിയ പാനലിസ്റ്റായി. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോഴാണ് ആദ്യമായി ചാനൽ സംവാദത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടത്. എൻഡിടിവിയിലായിരുന്നു ചർച്ച. പിന്നീട് നിരവധി ചർച്ചകൾ.

ദേശീയതലത്തിൽ സ്ത്രീകൾക്ക് എപ്പോഴും നല്ല അംഗീകാരം കൊടുത്തിട്ടുള്ള പാർട്ടിയാണു കോൺഗ്രസ്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും വനിതാ രാഷ്ട്രപതിയും വനിതാ സ്പീക്കറുമുണ്ടായതു കോൺഗ്രസിന്റെ ഭരണകാലത്തല്ലേ. തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയതു കോൺഗ്രസാണ്. നിയമസഭയിലും ലോക്‌സഭയിലും 33 ശതമാനം സംവരണം നടപ്പാക്കാൻ ശ്രമിച്ചു, സഖ്യകക്ഷി സർക്കാരായതിനാൽ കഴിഞ്ഞില്ല. കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളത്. എന്നാൽ നേതൃനിരയിൽ സ്ത്രീകൾ കുറവാണ്. തിരഞ്ഞെടുപ്പു വന്നാൽ തോൽക്കുന്ന സീറ്റുകൾ നൽകും, രാജ്യസഭാ സീറ്റ് ഒഴിവു വന്നാൽ സ്ത്രീകളെ പരിഗണിക്കാറില്ല എന്നൊക്കെയുള്ള പ്രശ്‌നങ്ങൾ. അതിനൊക്കെ മാറ്റം വരണം-ഷമ പറയുന്നു.