ന്യൂഡൽഹി: വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ശശി തരൂരിനെ ഉയർത്തിക്കാട്ടിയാൽ എങ്ങനെയിരിക്കും? മുൻ കേന്ദ്രമന്ത്രിയും രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയ വ്യക്തിത്വവുമുള്ള മലയാളി കോൺഗ്രസ് നേതാവിനെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായി മോദിക്കെതിരെ ഉയർത്തിക്കാട്ടിയാലോ എന്ന ചർച്ചകൾ ദേശീയ തലത്തിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നേരിടാൻ അത്ര പോരെന്ന് കോൺഗ്രസുകാരിൽ തന്നെ ഭൂരിഭാഗവും ചിന്തിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ യുപിയിലും ഉത്തരാഖണ്ഡിലുമെല്ലാം വ്ൻ വിജയം നേടി മോദി അതിശക്തനായി മാറുന്നുവെന്നാണ് പൊതുവെ ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ വിലയിരുത്തൽ. ആ ഘട്ടത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദിയും ബിജെപിയും അനായാസ വിജയം നേടുമെന്ന അവലോകനങ്ങളും വരുന്നു. ഇപ്പോഴത്തെ പോക്കിൽ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രാഹുൽ തന്നെ നയിച്ചാൽ രക്ഷയുണ്ടാവില്ലെന്ന ചിന്താഗതി ഉയർന്നുകഴിഞ്ഞു. പ്രിയങ്കാഗാന്ധിയെ നേതൃത്വത്തിൽ കൊണ്ടുവന്നാലും വലിയ രക്ഷയില്ലെന്ന അഭിപ്രായവും കോൺഗ്രസുകാർക്കുണ്ട്.

അങ്ങനെയിരിക്കെയാണ് ശശി തരൂരിന്റെ പേര് ഉയർന്നുവന്നിട്ടുള്ളത്. നിരവധി സീനിയർ നേതാക്കൾ കോൺഗ്രസിന് ഉണ്ടെങ്കിലും മോദിയെ എതിർക്കാൻ ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞർക്കിടയിലും നല്ല ബന്ധമുള്ള തരൂരിനെ പോലെ ഒരാളെ ഉയർത്തിക്കാട്ടണമെന്ന ആശയമാണ് ഒരു വിഭാഗം കോൺഗ്രസ്സുകാർ തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ശശി തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ മുൻനിർത്തിയാൽ എങ്ങനെയിരിക്കുമെന്ന് അറിയാനാണ് ഒപ്പു ശേഖരണം. ഓൺലൈൻ അപേക്ഷ കോൺഗ്രസ് പ്രസിഡന്റിനും എഐസിസിക്കും യുപിഎക്കും സമർപ്പിക്കുമെന്ന് വ്യക്തമാക്കി നടക്കുന്ന ഒപ്പുശേഖരണത്തോട് അനുകൂലമായി ആയിരങ്ങൾ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു.

'2019 തെരഞ്ഞെടുപ്പിൽ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ ഡോക്ടർ ശശിതരൂർ' എന്ന ശീർഷകത്തിലാണ് ജനാഭിപ്രായം തേടുന്നത്. ഒരു ജനാധിപത്യരാജ്യത്തിന്റെ വിജയത്തിനായി ദീർഘവീഷണമുള്ള പ്രധാനമന്ത്രിയെയാണ് നമുക്കാവശ്യമെന്ന് വ്യക്തമാക്കിയാണ് ക്യാമ്പെയ്ൻ. ഇതോടൊപ്പം തരൂരിനെ കുറിച്ചുള്ള ഒരു വിവരണവും നൽകിയിട്ടുണ്ട്. ശശി തരൂരിന്റെ അനുഭവ പരിചയവും യോഗ്യതകളും എണ്ണിപ്പറയുന്നു വിവരണത്തിൽ ഐക്യരാഷ്ട്ര സഭയിലെ സേവനങ്ങളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്.

ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, മലയാളം എന്നീ ഭാഷകൾ അറിയാം. ഐക്യരാഷ്ട്ര സഭയിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇന്ത്യയെ സേവിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ബ്രിട്ടനിൽ ജനിച്ച് അമേരിക്കയിൽ ദീർഘനാൾ ജോലി ചെയ്ത തരൂരിന് രണ്ട് രാജ്യങ്ങളുടെയും പൗരത്വം ലഭിക്കുമായിരുന്നിട്ടും ഇന്ത്യയ്ക്ക് വേണ്ടി നിരസിച്ചെന്നും അപേക്ഷയിൽ പറയുന്നു. എളുപ്പവഴിയിലൂടെ രാജ്യ സഭാ എംപിയാവാൻ അദ്ദേഹം മുതിർന്നില്ല.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. യോഗ്യതയും ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള ശശി തരൂരിന് ലോകനേതാക്കളുമായി ഇന്ത്യയെ ബന്ധപ്പെടുത്താൻ കഴിയുമെന്നും അപേക്ഷയിൽ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നന്മക്കായും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും എന്ന് പറഞ്ഞാണ് അപേക്ഷ അവസാനിക്കുന്നത്.

പോൾ ട്രിവാൻഡ്രം എന്നയാളുടെ പേരിലാണ് അപേക്ഷ. ഒരു ദിവസം മുമ്പ് Change.org എന്ന സൈറ്റിൽ ആരംഭിച്ച ഒപ്പുശേഖരണത്തിൽ ഇതിനകം ആറായിരത്തോളം പേർ ഒപ്പു രേഖപ്പെടുത്തി കഴിഞ്ഞു. മാത്രമല്ല, ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലും ഇതുസംബന്ധിച്ചുള്ള പ്രചരണങ്ങളും സജീവമായിരിക്കുകയാണ്. ഇതോടെ കോൺഗ്രസിനകത്തും മറ്റു രാഷ്ട്രീയ കക്ഷികൾക്കിടയിലും വിഷയം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായി മാറുമെന്ന സാഹചര്യമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തലപ്പത്തേക്ക് തരൂരിനെ പോലെ കഴിവുള്ള ഒരാൾ എത്തണമെന്ന അപ്പീലിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.

തരൂരിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുള്ള സൈറ്റ് ലിങ്ക് ചുവടെ:

https://www.change.org/p/president-indian-national-congress-dr-shashi-tharoor-as-upa-s-prime-minister-candidate-for-2019-elections