രണ്ടര വയസ്സായിട്ടും മുലപ്പാൽ കുടിക്കുന്നത് നിർത്തിയിട്ടില്ലാത്തൊരു പൂമ്പാറ്റക്കുഞ്ഞുണ്ട് വീട്ടിൽ. നിറയെ കിങ്ങിണികളുള്ള പാദസരമിട്ട് ഓടി വരുന്ന ആച്ചു എന്ന കുഞ്ഞിപെണ്ണ്. മുൻപത്തെ പോലെ ഷോൾ ഇട്ട് മൂടി പൊതുസ്ഥലത്ത് നിന്ന് അമ്മിഞ്ഞ കൊടുക്കുന്നത് ആ പെണ്ണിന് ഇപ്പോൾ തീരേ ഇഷ്ടമല്ല. 'മൂടേണ്ട' എന്ന് ഉറച്ച ശബ്ദത്തിൽ കൽപ്പിക്കുമവൾ. കാറാണ് ഞങ്ങളുടെ സ്ഥിരം ഒളിയിടം. വയറു നിറച്ച് കുടിച്ച് കഴിഞ്ഞാൽ അവളും ഹാപ്പി ഞാനും ഹാപ്പി.

ഈ മുഖചിത്രത്തിലെ പോലെ ഉടുപ്പ് തുറന്നിട്ട് പാൽ കൊടുക്കാനൊന്നും സാധിച്ചില്ലെങ്കിലും, എവിടെ പോയാലും കുഞ്ഞിനെ മുലയൂട്ടാൻ കാറ്റും വെളിച്ചവുമുള്ള സിസിടിവി ഇല്ലാത്തൊരിടം കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിക്കാറുണ്ട്. പ്രത്യേകിച്ച്, മുലപ്പാൽ മാത്രം കൊടുക്കേണ്ട ആദ്യത്തെ ആറ് മാസം. ആ ഒരടിസ്ഥാന ആവശ്യത്തിലേക്ക് എന്തെങ്കിലും ഒരു ചെറുവിരലനക്കം ഗൃഹലക്ഷ്മിയുടെ ഈ ലക്കം കൊണ്ട് സാധിക്കുമോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്.

അപൂർവ്വം ചില സന്ദർഭങ്ങളിൽ ആളുകൾക്കിടയിലിരുന്ന് കുഞ്ഞിന് പാല് കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് വരെ ആൺപിറന്നൊരുത്തനും തുറിച്ച് നോക്കി ശല്യപ്പെടുത്തിയ അനുഭവമുണ്ടായിട്ടില്ല. പക്ഷേ, തൊള്ള കീറി കരയുന്ന കുഞ്ഞിന്റെ വായിലെ മുല കണ്ടാലും ഉദ്ധാരണം ഉണ്ടാകുന്നവരും ഉണ്ടെന്നറിയാം, അത്തരം കുരുക്കൾ പൊട്ടിക്കാൻ ഇത്തരം ക്യാമ്പെയിനുകൾ ബെസ്റ്റാണ്.

കല്യാണം കഴിച്ചവളെന്ന ലക്ഷണത്തോടു കൂടിയുള്ള സ്ത്രീക്കേ മുലയൂട്ടാൻ പാടൂ എന്ന സദാചാരധ്വനിയോടെ ശരാശരി മലയാളിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമം കണ്ടില്ലെന്ന് നടിച്ചു കൂട. കല്യാണം കഴിക്കാത്ത പെണ്ണിനെ സിന്ദൂരം തൊടീച്ച് കുലസ്ത്രീയാക്കി അവരെ ചിത്രീകരിച്ച ആ കച്ചവടതാൽപര്യം മനസ്സിലാക്കി കൊണ്ടു തന്നെ, ഒരു നല്ല ഇനീഷ്യേറ്റീവ് എന്ന നിലയിൽ ഗൃഹലക്ഷ്മിയെ ഈ മുഖചിത്രത്തിന്റെ പേരിൽ അഭിനന്ദിക്കുന്നു...