കൊച്ചി: കലാകാരന്മാരുടെ വേർപാട് എല്ലാവരേയും ശരിക്കും വേദനിപ്പിക്കും. പ്രത്യേകിച്ചും ജനകീയത ആർജിച്ച അനുകരണ കലയിലും അതുവഴി സ്റ്റേജ് ഷോകളിലും സിനിമയിലുമെല്ലാം ശരിക്കും നിറഞ്ഞുനിന്നവരുടേതാകുമ്പോൾ. നവംബറിന്റെ നഷ്ടമെന്ന് പറയാവുന്ന അബിയെന്ന കലാകാരന്റെ വേർപാടിൽ ഏറെപ്പേരാണ് സോഷ്യൽ മീഡിയയിൽ സങ്കടം പങ്കുവച്ച്, അനുഭവങ്ങൾ ഓർത്ത് എത്തുന്നത്. അതിനിടെ തന്നെ അബിയെ തേടി മരണം നേരത്തെ എത്തിയതിന് കാരണം വ്യാജവൈദ്യത്തിന്റെ ആശ്രയം തേടിയതാണെന്ന വാർത്തയുമെത്തി. രക്തത്തിൽ പ്‌ളേറ്റ്‌ലെറ്റ് കുറയുന്നതായിരുന്നു അബിയുടെ ആരോഗ്യ പ്രശ്‌നം.രക്താർബുദം ആണെന്ന രീതിയിൽ പ്രചരിച്ചെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ രോഗത്തിന് കീഴടങ്ങി നിൽക്കാൻ അബി തയ്യാറായിരുന്നില്ല. അദ്ദേഹം അടുപ്പക്കാരെപ്പോലും താനൊരു രോഗിയാണെന്ന് പറഞ്ഞ് വിഷമിപ്പിക്കാനും അനുതാപം തേടാനും ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ അബിയുടെ വേർപാട് അടുത്ത് അറിയുന്നവർക്ക് പോലും ശരിക്കും ഷോക്കായി മാറി. അബിയുടെ യാത്ര നേരത്തെ ആയെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നുമെല്ലാം പ്രതികരിച്ച് കൂടെ പ്രവർത്തിച്ച കലാകാരന്മാരും ബന്ധുക്കളും സുഹൃത്തുക്കളും എത്തുന്നു.

നാട്ടുവൈദ്യന്റെ ചികിത്സതേടിയതാണ് അബിയുടെ ആകസ്മിക വേർപാടിന് കാരണമായതെന്ന ചർച്ചയാകുകയാണ് ഇപ്പോൾ. അബിയുടെ മരണത്തിന് കാരണമായത് വ്യാജ വൈദ്യന്റെ ചികിത്സ തേടിയതാണെന്ന ആക്ഷേപം ഉയരുന്നു. മരണത്തിന് തലേദിവസം ചേർത്തലയിലുള്ള ഒരു വൈദ്യന്റെ അടുത്ത് അബി ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.

യുവ നടൻ ജിഷ്ണുവിന്റെ മരണത്തിലും ഇത്തരം വൈദ്യചികിത്സകൾ കാരണമായതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേക്കുറിച്ച് യുവ ഡോക്ടറും ഇൻഫോക്ലിനിക് കൂട്ടായ്മയിൽ അംഗവുമായ ഷിംനാ അസീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. വ്യാജ വൈദ്യന്മാരുടെ പിടിയിൽപെട്ട് ജീവൻ നഷ്ടമാകുന്നത് പ്രശസ്തർ ആകുമ്പോൾ മാത്രമാണ് പുറത്തറിയുന്നതെന്നും ഇത്തരത്തിൽ നിരവധി സാധാരണക്കാരും മരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ ഷിംനയുടെ പ്രതികരണം.

ഷിംന അസീസിന്റെ പോസ്റ്റ് ഇപ്രകാരം:

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത് പ്രശസ്തരാകുമ്പോൾ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന് ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ?

ജിഷ്ണുവിന് കാൻസറായിരുന്നു. അബിക്ക് രക്താർബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേൾക്കുന്നുണ്ട്. യാഥാർത്ഥ്യം അറിയില്ല. ഫലത്തിൽ ഷെയ്നിനും പെങ്ങന്മ്മാർക്കും ഉപ്പ ഇല്ലാതായെന്നറിയാം. അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

സാരമായ രോഗമുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്തരം പരീക്ഷണങ്ങൾക്ക് അവസരം ലഭിക്കുന്നത്? രോഗി വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ആശ്വാസം തേടി ഏത് വഴിക്കും പോയേക്കും. അവരെ കുറ്റം പറയാനൊക്കില്ല. അവർ ആശ്വാസം തേടാനിടയുള്ള ഇടങ്ങൾ അവർക്ക് ജീവഹാനി വരാൻ സാധ്യതയുള്ള നിലയിലേക്ക് പോകുന്നതിന് തടയിടേണ്ടതല്ലേ? ഓരോ ജീവനും വിലമതിക്കാനാകാത്ത സ്വത്താണ്, പരീക്ഷണവസ്തുവല്ല.

ആർക്കും 'പാരമ്പര്യവൈദ്യൻ' എന്ന തിലകം ചാർത്തിക്കൊടുക്കുന്ന സർക്കാരിന്റെ ഔദാര്യമാണ് ആദ്യം ഒഴിവാക്കേണ്ടത്. പഠിച്ച് ഡിഗ്രിയുള്ളവർ പോലും അതിവിദഗ്ദ്ധർക്ക് കൈമാറുന്ന രോഗാവസ്ഥകൾ എങ്ങനെയാണ് 'പൊടിയും ഇലയും' കൊണ്ട് ചികിത്സിക്കുക? ഡിഗ്രിയുള്ള ആയുർവേദ ഡോക്ടർമാരാണ് 'ആയുർവേദം' എന്ന ഭംഗിയുള്ള പേരിൽ നടത്തുന്ന ഇത്തരം കിരാതപ്രവർത്തനങ്ങൾക്ക് തടയിടുന്നതിൽ മുൻകൈ എടുക്കേണ്ടത്. മോഡേൺ മെഡിസിൻ പഠിച്ചവർ ഈ കാര്യം പറയുമ്പോൾ അതിന്റെ പേര് 'പേഷ്യന്റിനെ കാൻവാസ് ചെയ്യൽ' എന്നായിത്തീരുമെന്നത് തീർച്ചയാണല്ലോ.

സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് അറിയാത്ത പണി ചെയ്തുകൊലപാതകം നടത്തുന്നത് ആരായാലും അത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടണം. അതിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് ചുരുങ്ങിയത് അഞ്ചരവർഷം ചരകസംഹിതയും അഷ്ടാംഗഹൃദയവുമൊക്കെയായി മല്ലിട്ട് ബിരുദം നേടിയവരാണ്.

'ഞാൻ ഉറപ്പായും ചികിത്സിച്ച് നന്നാക്കിയെടുക്കാം' എന്ന് പ്രഖ്യാപിച്ച് മാരകരോഗിയെ വെച്ച് വിവരമുള്ള ഒരു ആയുർവേദഡോക്ടറും ഇരുന്നതായി അറിവില്ല. മിക്കവരും തന്നെ രോഗിക്ക് സപ്പോർട്ടീവ് മെഡിസിൻ കൊടുത്ത് വിദഗ്ധകേന്ദ്രങ്ങളിലേക്ക് അർഹിക്കുന്ന ചികിത്സക്കായി റഫർ ചെയ്ത് വരുന്നതാണ് കണ്ടിട്ടുള്ളത്. ഒരു ഡോക്ടറും രോഗിയുടെ ജീവൻ കൊണ്ട് കളിക്കില്ല. എന്നാൽ വ്യാജചികിത്സകർ അങ്ങനെയല്ല. എന്തർത്ഥത്തിലാണ് മോഹനനും അബി സമീപിച്ച ആ വൈദ്യരുമൊക്കെ 'ഇപ്പ ശരിയാക്കിത്തരാം' എന്ന് പുലമ്പുന്നത് !

ആളെക്കൊല്ലികളെ ഒറ്റപ്പെടുത്തണം, സമൂഹം അതിനായി ഒറ്റക്കെട്ടാകണം. ഇനിയൊരു ജീവൻ കൂടി ഇത്തരത്തിൽ ഇല്ലാതാകരുത്... കുട്ടിക്കാലത്ത് ഏറെ ചിരിപ്പിച്ച ആമിനതാത്തയുടെ ശബ്ദത്തിനുടമയ്ക്ക് ആദരാഞ്ജലികൾ... വിട അബിക്കാ...