തിരുവനന്തപുരം: പീഡന വാർത്തകൾ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതു വർദ്ധിച്ചുവരുന്നതുമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല. പെൺകുട്ടികളുടെ മടിക്കുത്തഴിക്കാൻ നിൽക്കുന്ന നീചന്മാർ ഇപ്പോഴും നിയമത്തിന്റെ കണ്ണുവെട്ടിച്ച് വിലസുന്നുണ്ട്. എന്നാൽ, നന്മ വറ്റാത്ത വലിയൊരു പക്ഷം ഇപ്പോഴും നമുക്കൊപ്പമുണ്ട്. ചിലപ്പോൾ അവർ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് പോലും നമുക്ക് തോന്നിപ്പോകും. കാമവെറിയന്മാർ പിച്ചിച്ചീന്തിയ പെൺകുട്ടികൾക്ക് രക്ഷകാരായി എത്തുന്നവർ.

അത്തരമൊരു ദൈവതുല്യനായ വ്യക്തിയെ നേരിൽ കണ്ട സംഭവത്തെ കുറിച്ച് തുറന്നെഴുതുകയാണ് ഒരു വനിതാ ഡോക്ടർ. തന്റെ ഡോക്ടർ ജീവിതത്തിലെ അനുഭവക്കുറിപ്പെന്ന നിലയിൽ സോഷ്യൽ മീഡിയ ഹൃദയത്തിൽ തൊട്ട് സ്വീകരിക്കുകയാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ്. അച്ഛന്റെ കൂട്ടുകാരനാൽ ഗർഭിണിയായ പെൺകുട്ടിയെ സ്വീകരിക്കാൻ മറ്റൊരാൾ എത്തിയതിനെ കുറിച്ചാണ് ഡോക്ടർ ഷിനുശ്യാമളൻ ഫേസ്‌ബുക്കിൽ അനുഭവം പങ്കുവെച്ചത്.

ഹൗസ്സർജൻസി കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഡോ.ഷിനുശ്യാമളൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

**ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്**

2015 ഡിസംബർ 12

പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവർഷം മുൻപ് അവസാനവർഷം ഹൗസ് സർജൻസി ചെയ്യുന്ന കാലം.

രാവിലെ 8 മണിക്ക് റൗണ്ട്‌സ് എടുക്കുമ്പോൾ ലേബർ റൂമിൽ ഓരോരോ ഗർഭിണികൾ കിടക്കുന്നുണ്ട്.

ചിലർക്ക് മാസം തികഞ്ഞു,മറ്റുചിലർ ബ്ലീഡിങ് ഒക്കെയായി എത്തിയവർ.

പെട്ടെന്ന് ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയതുകൊണ്ടാകും.

ശെൃ കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു.9 മാസം ആയിരിക്കുന്നു.ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി.സർ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാൻ പറഞ്ഞു.

പേര്: രാധ (എന്ന് വിളിക്കാം).18 വയസ്സ്.

പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗർഭമാണ്.ഒരു നിമിഷം ഞാൻ ഒന്ന് പതറി.അപ്പോ ആദ്യത്തെ ഡെലിവറി??

രണ്ട് വർഷം മുൻപായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി.16 വയസ്സിൽവല്ലാത്ത ഒരു മരവിപ്പ് തോന്നി.മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്‌കൂളിൽ പഠിക്കുമ്പോൾ അവളുടെ വയറു വീർത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല.തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്.

ആ അമ്മ തകർന്നു പോയി.

അവൾ 6 മാസം ഗർഭിണിയാണ്.ചോദിച്ചപ്പോൾ അവൾപൊട്ടി കരഞ്ഞു.സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി.ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.

പക്ഷേ അവൾക്കുവേണ്ടി ഭൂമിയിൽ ഒരു ദൈവമുണ്ടായിരുന്നു.കല്ലിൽ കൊത്തിയ ശിൽപമല്ല.ജീവനുള്ള ഒരു ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു.സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ.ഒരു ലോറി ഡ്രൈവറായിരുന്നു.അവളുടെ കഥ അറിഞ്ഞ് അവൻ സ്വമേധയാ അവളെ കെട്ടി.ആരോ ചെയ്ത തെറ്റ് പക്ഷേ അവൻ അവളെ നിറഞ്ഞ വയറുമായി തന്നെ താളികെട്ടി.

2 വർഷം കഴിഞ്ഞ് അവൾ ഇപ്പോൾ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു.ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്‌നേഹിക്കുന്നു. റൗണ്ട്‌സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീർന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി.എന്റെ കണ്ണുകൾ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

''രാധ യുടെ കൂടെ വന്നവർ വരൂ' എന്ന് സിസ്റ്റർ വിളിച്ചതും ദ്ദേ നിൽക്കുന്നു സുരേഷ്.അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു കത്തുന്നൂ.

ഇന്നവർ എവിടെയാണെന്ന് അറിയില്ല.എങ്കിലും ദൈവം അവർക്ക് നല്ലത് മാത്രം വരുതട്ടെ.

ഒരു പുരുഷൻ അവളുടെ മാനം നശിപ്പിച്ചപ്പോൾ മറ്റൊരു പുരുഷൻ അവൾക്ക് ദൈവമായി.

ഇതല്ലേ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ?

(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്.പക്ഷേ പീഡനത്തിനിരയായി എത്രയോ പെൺകുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി.അവരെ ഒരു നിമിഷം ഓർക്കാം).