ഡോ. സുനിൽ പി ഇളയിടത്തിന്റെ ചിത്രം വച്ച് സമൂഹ മാധ്യമങ്ങളിലുള്ള പ്രചരണം വ്യാജമെന്ന് വിശദീകരണം. 'മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക'-എന്ന പേരിലുള്ള സന്ദേശവും ഇളയിടത്തിന്റെ ചിത്രവുമാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിൽ വ്യാപകമായി പ്രചരിക്കുന്നത് തന്റെ വാക്കുകളല്ലെന്നും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി. കാലടി ശങ്കരാചാര്യ സർവ്വകലാശാലയിലെ പ്രഫസറാണ് ഡോ. സുനിൽ പി ഇളയിടും.

മഹാഭാരതത്തിനും രാമായണത്തിനും പല പാഠഭേദങ്ങളുണ്ടെന്നും, അത് സംഘപരിവാർ പറയുന്ന ' ഹിന്ദു' സംജ്ഞയ്ക്കുമപ്പുറത്താണെന്നും സോദാഹരണം പ്രസംഗിച്ച ഡോ. സുനിൽ പി. ഇളയിടത്തിനെതിരെ രൂക്ഷമായ വ്യക്തിഹത്യ സംഘപരിവാർ സംഘടനകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും ആരംഭിച്ചത്. തന്നെ സംഘപരിവാർ ഭീഷണി ഭയപ്പെടുത്താത്തത് അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുനിൽ പി. ഇളയിടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയ സുഹൃത്തുക്കളെ,

'മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക '
ഇങ്ങനെ ഒരു വാക്യം എന്റെ പേരിൽ പലരും പ്രചരിപ്പിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതു കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണ്. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകൾ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്ന് പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

സംഘപരിവാർ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല.
ഭയപ്പെടുത്തുകയുമില്ല.
അത് ഞാൻ അതിധീരനായതു കൊണ്ടല്ല.
അവർക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.

പിന്തുണ അറിയിക്കുകയും വിളിക്കുകയും ചെയ്ത എല്ലാവരോടും നിറയെ സ്‌നേഹം.

വിശദമായി പിന്നീട് എഴുതാം

എല്ലാവരോടും നിറയെ സ്‌നേഹം