- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലൈംഗിക വിദ്യാഭ്യാസം എന്നാൽ സെക്സ് എങ്ങനെ ചെയ്യുന്നുവെന്ന് പഠിപ്പിക്കയല്ല; സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് പതിനാലു വയസ്സുകാരനിൽ ഉണ്ടായ ദുരനുഭവവും പാതി വെന്ത ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്: ഡോ സുരേഷ് സി പിള്ള എഴുതുന്നു
ഇന്നലെ കൊച്ചിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് പതിനാലു വയസ്സുകാരനിൽ ഉണ്ടായ ദുരനുഭവം, പാതി വെന്ത ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
എന്തൊക്കെ ചെയ്യാം, എന്നതുപോലെ തന്നെ എന്തൊക്കെ ചെയ്യരുത്, ചോദിക്കരുത് എന്നതും ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്.
കുട്ടികൾ തനിയെ എല്ലാം എങ്ങനെയോ പഠിച്ചു കൊള്ളും എന്നൊക്കെ ഉള്ള വിചാരമാണ് പല അദ്ധ്യാപകർക്കും. ലൈംഗിക വിദ്യാഭ്യസം എന്നാൽ സെക്സ് എങ്ങിനെയാണ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത് എന്ന് ധരിച്ചാണ് ഇതിനെ പല മാതാപിതാക്കളും ഇതിനെ നഖശിഖാന്തം എതിർക്കുന്നത്.
എന്താണ് ലൈംഗിക വിദ്യാഭ്യാസം?
കുട്ടികളെ പ്രായത്തിന് അനുസരിച്ചു ലൈംഗികതയെ പ്പറ്റി ബോധവൽക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം. കൂടാതെ, എന്തൊക്കെ ചെയ്യരുത് എന്നതും, വൈകാരിയകമായ പക്വത നേടുന്നതും ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. അല്പജ്ഞാനികളിൽ നിന്നും കിട്ടിയ അബദ്ധ ധാരണകൾ മാറ്റാനും, സ്വന്തമായി ഉണ്ടാകുന്ന മിഥ്യാധാരണകള് മാറ്റാനും ഇതു കൊണ്ട് സാധ്യമാകും.
ജീവശാസ്ത്ര പരമായ അറിവു മാത്രമല്ല മറിച്ച്, വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എല്ലാ സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിർബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.
ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?
തീർച്ചയായും അങ്ങിനെയാണ് വേണ്ടത്. പ്രൈമറി സ്കൂളിൽ പോകുന്ന കുട്ടിയോട് 'മോന്റെ/മോളുടെ പ്രൈവറ്റ് പാർട്ടുകളിൽ ആരും തൊടാൻ സമ്മതിക്കരുത്' എന്ന് പറയുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പ്രായം കൂടുന്നത് അനുസരിച്ച് അവർക്ക് ഓരോ സ്റ്റേജിലും ആവശ്യമുള്ള കാര്യങ്ങൾ മടി കൂടാതെ പറഞ്ഞു കൊടുക്കണം. കൂടാതെ സ്ത്രീയേയും , പുരുഷനെയും തുല്യമായി കാണാനും, എങ്ങിനെയാണ് നല്ല ഒരു പങ്കാളിയെ കണ്ടെത്തുന്നതും പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും, സമ്മതം (consent) എന്നാൽ എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതും, എല്ലാം ലൈംഗിക വിദ്യാഭ്യാസം ആണ്. ലൈംഗിക അതിക്രമം എന്താണ്; അതിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗിക വിദ്യാഭ്യാസം തന്നെ. കൂടാതെ എന്തൊക്കെ ചെയ്യരുത്, ചോദിക്കരുത് വൈകാരികമായ പക്വത എങ്ങിനെ കൈവരിക്കാം എന്നതും ലൈംഗിക വിദ്യഭ്യാസത്തിന്റെ ഭാഗമാണ്.
വേറൊരു കാര്യം ചെറുപ്പത്തിലേ ആൺകുട്ടിയെയും, പെൺകുട്ടിയെയും വേറെ വേറെ മാറ്റി ഇരുത്തി പഠിപ്പിക്കുന്നതാണ്. കുട്ടികളെ ചെറുപ്പത്തിലേ ക്ലാസ്സുകളിൽ ഇടകലർത്തി ഇരുത്തി പരസ്പരം അറിയാനുള്ള അവസരം ഉണ്ടാക്കണം. ബോയ്സ്/ ഗേൾസ് ഒൺലി സ്കൂളുകളും സ്ത്രീകളെ കാണുമ്പോൾ അത്ഭുത ലോകത്തു നിന്നും വരുന്നവരെ പോലെ നോക്കുന്ന ഋഷ്വശൃങ്ഗൻ മാരെ സൃഷ്ടിക്കാനേ ഉതകുകയുള്ളൂ. ആൺകുട്ടികളും, പെൺകുട്ടികളും പരസ്പരം അറിഞ്ഞു, കഥകൾ പറഞ്ഞു, പരസ്പരം കരുണാർദ്രമായ സമീപനത്തോടെ ജീവിച്ചാലേ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കുറയുകയുള്ളൂ.
ലേബർ പാർട്ടിയുടെ വക്താവായ റിയോഓർഡൻ, അയർലഡിലെ പാർലമെന്റിൽ ഈ അടുത്ത കാലത്തു പറഞ്ഞ കാര്യം 'സിംഗിൾ ജൻഡർ' സ്കൂളുകൾ ആണ്, ഭാവിയിൽ വീടുകളിലെ അതിക്രമങ്ങളിൽ (ഡൊമസ്റ്റിക് വിയലൻസ്) ഒരു കാരണമായി ഭവിക്കുന്നത് എന്നാണ്. അദ്ദേഹം പറഞ്ഞത് 'സിംഗിൾ ജൻഡർ' സ്കൂളുകൾ കുട്ടികളിൽ ഒരു toxic masculinity (വിഷലിപ്തമായ പുരുഷത്വ ഭാവം) ഉണ്ടാക്കുകയും അത് അവരുടെ സ്വഭാവ രൂപവൽക്കരണത്തിൽ ബാധിക്കുകയും ചെയ്യും എന്നത്. ലൈംഗിക വിദ്യാഭ്യാസം മാത്രമല്ല ആൺകുട്ടികളും, പെൺകുട്ടികളും ചെറുപ്പത്തിലേ പരസ്പരം അടുത്തിടപഴകുന്നതും, അറിയുന്നതും വൈകാരികമായ പക്വത നേടിയെടുക്കാൻ രണ്ടു കൂട്ടരെയും സഹായിക്കും.