തിരുവനന്തപുരം: ശരീരം വേദനിച്ചാൽ ദൈവം പ്രീതിപ്പെടുമോ? സ്വയം ഹിംസയിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരുവിഭാഗം ഇപ്പോഴും ലോകത്തിലുണ്ട്. ഇതിന്റെ ഒരു വകഭേദമാണ് പലപ്പോഴും നമ്മുടെ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ഗരുഢൻ തൂക്കവും ശൂലം കുത്തലുമൊക്കെ. കേരളത്തിലേക്കാൾ കൂടുതൽ തമിഴ്‌നാട്ടിലും മറ്റുമാണ് ആരാധനാ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം പീഡനങ്ങൾ നടക്കാറ്. ശരീരത്തിൽ ശൂലംകുത്തി സ്വയം പീഡിപ്പിക്കുന്ന ഈ ശൈലിയെ വിമർശിച്ച് സിപിഐ(എം) നേതാവ് ഡോ. തോമസ് ഐസക് എംഎൽഎ രംഗത്തെത്തി. കഴിഞ്ഞദിവസം കേരളാ കൗമുദി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് ശരീരം വേദനിപ്പിച്ചുള്ള ഭക്തി വേണ്ടെന്ന് അദ്ദേഹം പറയുന്നത്.

കൊച്ചു കുഞ്ഞിന്റെ കവിളിലും ശൂലംകൂത്തിയ ചിത്രമായിരുന്നു തോമസ് ഐസക്കിന്റെ മനസിൽ കൊണ്ടത്. എന്നാൽ, പലപ്പോഴും ഇത്തരം ആചാരങ്ങൾക്കെതിരെ പ്രതികരിച്ചാൽ മതവിഷയമാക്കി മാറ്റുകയാണ് പതിവ്. അതുകൊണ്ട് പലരും പ്രതികരിക്കാതെ പോകുമ്പോഴാണ് ഡോ. തോമസ് ഐസക് ധൈര്യസമേതം മുന്നോട്ടുവന്നത്. ഇത്തരം അനാചാരങ്ങൾക്കെതിരെ പൊതുസമൂഹം പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇത്തരം അനാചാരങ്ങൾക്കെതിരെ രംഗത്തുള്ള കാര്യവും അദ്ദേഹം പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്നലെ കേരള കൗമുദി യിൽ വന്ന ഒരു ഫോട്ടോ TC Rajesh Sindhu ഷെയർ ചെയ്തത് കണ്ടപ്പോൾ വളരെ വിഷമമുണ്ടായി. ഒരു കുഞ്ഞിന്റെ കവിളിൽ ശൂലം കുത്തിയിറക്കിയതിനെ തുടർന്ന് അവൻ വേദനകൊണ്ട് പുളയുന്ന ചിത്രം. ആ ചിത്രം കണ്ട് എന്റെ ഉള്ളും പിടഞ്ഞുപോയി...

ആലപ്പുഴയിൽ നടക്കുന്ന പരിഷത്ത് വാർഷികത്തിന്റെ ഭാഗമായി Mohanan Manalil ഉം സംഘവും ഇത്തരം അനാചാരങ്ങൾക്കെതിരെ നല്ലൊരു പ്രചരണായുധം ഉയർത്തിയിട്ടുണ്ട്. സയൻസ് മിറക്കിൾ ഷോ എന്ന പേരിലുള്ള ആ പരിപാടിയിൽ അന്തരീക്ഷത്തിൽ നിന്നും സ്വർണം, ഭസ്മം തുടങ്ങിയ വിഭൂതികളെടുക്കുക, മനസ്സ് പ്രവചിക്കുക, പച്ചവെള്ളം കൊണ്ട് വിളക്ക് കത്തിക്കുക. അറബി മാന്ത്രികം, മിഡ് ബ്രയിൻ, നേത്രശക്തികൊണ്ട് ഹോമകുണ്ഡം ജ്വലിപ്പിക്കുക, കാണികൾക്ക് ത്രിമധുരം നൽകുക, വാസ്തുശാസ്ത്രം തുടങ്ങിയ, തട്ടിപ്പുകളെ ഇവർ തുറന്നുകാട്ടുന്നു. പി പ്രസാദ്, യു.പി നാസർ മാസ്റ്റർ, എ.സി സുരേന്ദ്രൻ എന്നിവരാണ് മിറക്കിൾ ഷോ സംഘാംഗങ്ങൾ.

എന്തുതന്നെയായാലും ശരീരം വേദനിപ്പിച്ചുള്ള ഭക്തി നാട്ടിലൊരിടത്തും പ്രോത്സാഹിപ്പിച്ചുകൂടാ. അതിനെതിരെ ജനമനസ്സാക്ഷി ഉണരേണ്ടതുണ്ട്. തങ്ങളുടെ ആരാധാനാലയങ്ങളിൽ ഇത് സമ്മതിക്കില്ലെന്ന് വിശ്വാസികൾ തന്നെ തീരുമാനിക്കണം.

 

ഇന്നലെ കേരള കൗമുദി യിൽ വന്ന ഒരു ഫോട്ടോ TC Rajesh Sindhu ഷെയർ ചെയ്തത് കണ്ടപ്പോൾ വളരെ വിഷമമുണ്ടായി. ഒരു കുഞ്ഞിന്റെ ...

Posted by Dr.T.M Thomas Isaac on Saturday, April 25, 2015