തിരുവനന്തപുരം: മകൾ സേറയെുടെ വിവാഹത്തിനായി അമേരിക്കയിൽ പോയ ശേഷം ധനമന്ത്രി ഡോ. തോമസ് ഐസക്ക് തിരിച്ചെത്തിയിട്ട് കുറച്ചു ദിവസങ്ങളായി. ന്യൂയോർക്കിലെ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ച ഐസക് മകളുടെ വിവാഹ വിശേഷങ്ങളും ഫേസ്‌ബുക്കിൽ പങ്കുവച്ചു. കഴിഞ്ഞ മാസം 14ന് അമേരിക്കയിൽ വച്ചായിരുന്നു തോമസ് ഐസക്കിന്റെ മകൾ സെറയുടെ വിവാഹം. അമേരിക്കയിലെ സാഗ് ഹാർബറിലെ വരൻ മാക്‌സിന്റെ വീട്ടിൽവച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ആന്ധ്രസ്വദേശിനിയായ നത ദുവ്വുരിയുമായുള്ള ബന്ധത്തിൽ രണ്ട് പെൺകുട്ടികളാണ് ഐസക്കിന് ഉള്ളത്. ഇതിൽ മൂത്ത മകളാണ് സെറ. സെറയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയ വിവരം ഫേസ്‌ബുക്കിൽ നേരത്തെ ഐസക് പങ്കുവച്ചിരുന്നു.

ഇത്തവണ മകളുടെ വിവാഹത്തിന്റെ വിശേഷങ്ങൾ ചിത്രങ്ങൾ സഹിതം പങ്കുവച്ചാണ് ഐസക് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും ഫേസ്‌ബുക്കിലൂടെ ഷെയർചെയ്യുന്ന ഐസക് എന്തേ അമേരിക്കയിലെ സ്വന്തം മകളുടെ വിവാഹകാര്യം പങ്കുവച്ചില്ലെന്ന ചോദ്യ കുറച്ച് ദിവസങ്ങളായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇങ്ങനെയൊരു പോസ്‌റ്റെന്ന് പറഞ്ഞ് മുഖവുരയോടെയാണ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ്ആന്ധ്ര-മലയാളി ശൈലിയിലായിരുന്നു വിവാഹവും ഭക്ഷണവുമെന്നാണ് ഐസക് വ്യക്തമാക്കുന്നത്. അമേരിക്കൻ യാത്രയെക്കുറിച്ച് സവിസ്തരം എഴുതി. പക്ഷേ പോയ പ്രധാനകാര്യത്തെക്കുറിച്ച് എഴുതിയത് കണ്ടില്ലല്ലോ എന്ന് പലരും പറഞ്ഞുവെന്നു പറഞ്ഞാണ് ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

അസംബന്ധവും നിന്ദ്യവുമായ പ്രതികരണങ്ങൾ ആ പോസ്റ്റിനു കീഴിൽ പതിക്കാൻ ഒരു പതിവ് സെറ്റ് പ്രതികരണക്കാർക്കു സന്ദർഭം നൽകേണ്ടന്നു കരുതി. ചിലരുടെ മനോവ്യാപാരങ്ങൾ വിചിത്രമാണെന്നു സമാധാനിക്കാമെങ്കിലും ഈ ചടങ്ങ് എനിക്കും കുടുംബത്തിനും പവിത്രവും മംഗളവുമാണ്. എങ്കിലും കൂടുതൽ അറിയാൻ തൽപ്പരരായ ആത്മാർത്ഥ സുഹൃത്തുക്കൾക്കു വിവരങ്ങൾ തടയുന്നതു ശരിയല്ല എന്നു തോന്നുന്നുവെന്നു പറഞ്ഞ ശേഷമാണ് വിവാഹത്തെ കുറിച്ചും ചടങ്ങുകളെകുറിച്ചും വിശദീകരിക്കുന്നത്.

വിവാഹ ചടങ്ങുകളെകുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം പോസ്റ്റിൽസ വിശദീകരിക്കുന്നുണ്ട്.ഭക്ഷണം ഇന്ത്യൻ രീതിയിലുള്ളതായിരുന്നു. ന്യൂയോർക്കിലെ ഒരു മലയാളി ഭക്ഷണശാലയിൽ നിന്ന് സാലമൺ മോളിയും നെയ്മീൻ എരിവുകറിയും ഇടിയപ്പവും ഉണ്ടായിരുന്നുവെന്നും. ഒരു അമ്പലത്തിൽ നിന്ന് ആന്ധ്രാ വെജിറ്റേറിയൻ കറികളും. രാത്രി 11 മണിയായപ്പോഴേയ്ക്കും ഡിന്നർ കഴിഞ്ഞശേഷം അടുത്തൊരു വീട്ടിലാണ് അന്തിയുറങ്ങിയത എന്നും മന്ത്രി പറയുന്നു. പിറ്റേന്ന് രാവിലെ തന്നെ താൻ ന്യുയോർക്കിലേയ്ക്കു തിരിച്ചു. എന്നാൽ മറ്റുള്ളവർ ബീച്ചിൽ പകൽ മുഴുവൻ ചെലവഴിച്ചിട്ടേ പിരിഞ്ഞുള്ളൂവെന്നും പോസ്ര്‌റിൽ പറയുന്നു.

മന്ത്രി ടി.എം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമേരിക്കൻ യാത്രയെക്കുറിച്ച് സവിസ്തരം എഴുതി. പക്ഷേ പോയ പ്രധാനകാര്യത്തെക്കുറിച്ച് എഴുതിയത് കണ്ടില്ലല്ലോ എന്ന് പലരും പറഞ്ഞു. ശരിയാണ്. സേറയുടെ വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടില്ല. അസംബന്ധവും നിന്ദ്യവുമായ പ്രതികരണങ്ങൾ ആ പോസ്റ്റിനു കീഴിൽ പതിക്കാൻ ഒരു പതിവ് സെറ്റ് പ്രതികരണക്കാർക്കു സന്ദർഭം നൽകേണ്ടന്നു കരുതി. ചിലരുടെ മനോവ്യാപാരങ്ങൾ വിചിത്രമാണെന്നു സമാധാനിക്കാമെങ്കിലും ഈ ചടങ്ങ് എനിക്കും കുടുംബത്തിനും പവിത്രവും മംഗളവുമാണ്. എങ്കിലും കൂടുതൽ അറിയാൻ തൽപ്പരരായ ആത്മാർത്ഥ സുഹൃത്തുക്കൾക്കു വിവരങ്ങൾ തടയുന്നതു ശരിയല്ല എന്നു തോന്നുന്നു.

ഓഗസ്റ്റ് 14 നായിരുന്നു വിവാഹച്ചടങ്ങ്. പ്രകൃതി മനോഹരമായ സാഗ് ഹാർബറിലെ മാക്‌സിന്റെ കുടുംബത്തിന് നാലു പതിറ്റാണ്ടായി ചെറിയൊരും വീടും വിശാലമായ പുൽത്തകിടി പിന്മുറ്റവുമുണ്ട്. ഇപ്പോൾ ആരും സ്ഥിരതാമസമില്ലെങ്കിലും ന്യുയോർക്കിലെ തിരക്കിൽ നിന്നൊഴിഞ്ഞ് വിവാഹച്ചടങ്ങ് ഇവിടെ വച്ചാകാമെന്ന് തീരുമാനിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഏതാണ്ട് 75 പേർ. വലിയൊരു ആപ്പിൾ മരത്തിന്റെ ചുവടായിരുന്നു വേദി.

വധൂവരന്മാർ ഏതാണ്ട് 15 മിനിറ്റ് തങ്ങൾ എന്തുകൊണ്ട് അന്യോന്യം ഇഷ്ടപ്പെടുന്നു എന്നതു സംബന്ധിച്ച് 5 പോയിന്റുകൾ വീതം മാറിമാറി വിവരിച്ചു. പിന്നെ തങ്ങൾ ജീവിതത്തിൽ പിന്തുടരാൻ ഉദ്ദേശിക്കുന്ന ശൈലിയേയും ആദർശങ്ങളെയും കുറിച്ചും. ഇരുവരും സാമൂഹ്യനീതിയും പാരിസ്ഥിതിക സന്തുലനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നു പ്രതിജ്ഞയെടുത്തതിൽ വളരെ സന്തോഷം തോന്നി. സദസിലുള്ളവരും ഈ അന്യോന്യത്തിൽ ഇടപെടുന്നുണ്ടായിരുന്നു. നർമ്മം നിറഞ്ഞതും എന്നാൽ ആശയപ്രധാനവുമായ ഒരു ലഘുസംവാദം. തുടർന്നു മാലയിട്ടു. കേക്ക് മുറിച്ചു. ഉറ്റബന്ധുമിത്രാദികളിലും സുഹൃത്തുക്കളിലും ചിലർ ആശംസകൾ നേർന്നതോടെ ചടങ്ങ് അവസാനിച്ചു.

ഭക്ഷണം ഇന്ത്യൻ രീതിയിലുള്ളതായിരുന്നു. ന്യൂയോർക്കിലെ ഒരു മലയാളി ഭക്ഷണശാലയിൽ നിന്ന് സാലമൺ മോളിയും നെയ്മീൻ എരിവുകറിയും ഇടിയപ്പവും ഉണ്ടായിരുന്നു. ഒരു അമ്പലത്തിൽ നിന്ന് ഒന്നാംതരം ആന്ധ്രാ വെജിറ്റേറിയൻ കറികളും. രാത്രി 11 മണിയായപ്പോഴേയ്ക്കും ഡിന്നർ കഴിഞ്ഞു. ഞാൻ അടുത്തൊരു വീട്ടിലാണ് അന്തിയുറങ്ങിയത്. പക്ഷേ ചെറുപ്പക്കാരായ അതിഥികൾ ചെറു ടെന്റുകളിൽ പുൽത്തകിടിയിൽ തന്നെയായിരുന്നു ഉറക്കം. പിറ്റേന്ന് രാവിലെ തന്നെ ഞാൻ ന്യുയോർക്കിലേയ്ക്കു തിരിച്ചു. എന്നാൽ മറ്റുള്ളവർ ബീച്ചിൽ പകൽ മുഴുവൻ ചെലവഴിച്ചിട്ടേ പിരിഞ്ഞുള്ളൂ.