- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് റിസ്വാന്റെ മിന്നും പ്രകടനം 35 മണിക്കൂർ ഐസിയു വാസത്തിനു ശേഷം; രോഗാവസ്ഥയിൽ നിന്നും ക്രിസിലേക്കുള്ള അവിശ്വസനീയ പ്രയാണത്തിൽ കരുത്തായി മലയാളി ഡോക്ടർ; നന്ദി സൂചകമായി സ്വന്തം ജേഴ്‌സി സമ്മാനിച്ച് റിസ്വാൻ
ദുബായ്: ചൊവ്വാഴ്ച പുലർച്ചെ രണ്ടര മണിക്ക് മെഡിയോർ ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് കോൾ വരുമ്പോൾ പ്രമുഖ ക്രിക്കറ്റ്താരം അടിയന്തര ചികിത്സയ്ക്കായി എത്തിയിട്ടുണ്ടെന്ന വിവരമേ ഡോ. സഹീർ സൈനുലാബ്ദനീന് ലഭിച്ചിരുന്നുള്ളൂ. ഉടൻ തന്നെ മെഡിക്കൽ സംഘത്തോടൊപ്പം എമർജൻസിയിലേക്കെത്തുമ്പോൾ ശ്വാസ തടസവും കടുത്ത നെഞ്ചു വേദനയുമായി
പാക് ഓപ്പണറും ടി 20 ലോകകപ്പിൽ ടീമിന്റെ പ്രതീക്ഷയുമായ മുഹമ്മദ് റിസ്വാൻ. അണുബാധയുടെ അളവ് വർധിച്ചതിനെ തുടർന്ന് റിസ്വാന്റെ ഉമിനീരിൽ അടക്കം രക്തം. വേദനകണക്കാക്കുന്ന പെയിൻ സ്‌കോറാകട്ടെ 10/10. ടീം ഡോക്ടർമാരും ഒഫീഷ്യലുകളും ആശങ്കയിലായ മണിക്കൂറുകൾ.
റിസ്വാൻ പ്രകടിപ്പിക്കുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണോ എന്ന സംശയം പലരും പങ്കുവച്ചെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ ഏറെ സമയം വേണ്ടി വന്നില്ല. തൊണ്ടയിൽ ഉണ്ടായ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണ് കടുത്ത നെഞ്ചുവേദനയ്ക്കും ശ്വാസതടസ്സത്തിനും കാരണമായതെന്ന് ഡോക്ടർമാർ കണ്ടെത്തി.
തുടർ പരിശോധയിൽ റിസ്വാന്റെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തത വന്നതോടെ അടിയന്തര മരുന്നുകൾ നൽകി. നില മെച്ചപ്പെട്ടുവരുന്നെങ്കിലും തുടർ പരിചരണത്തിനായി അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. കോവിഡ് നെഗറ്റിവ് ആണെന്ന് ഉറപ്പായതോടെ മരുന്നുകളുടെ സഹായത്തോടെ നില മെച്ചപ്പെടുമെന്ന ഉറപ്പിലെത്തി ഡോ. സഹീറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. പക്ഷെ വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ റിസ്വാന് കളിക്കാൻ ആകുമോ എന്നതായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ടി20 ബയോബബ്ൾ കാക്കുന്ന ചുമതലയുള്ള വിപിഎസ് ഹെൽത്ത്‌കെയറിന് കീഴിലെ മെഡിയോർ ആശുപത്രിയുമായി ടീം ഡോക്ടറും ഒഫീഷ്യലുകളും നിരന്തര സമ്പർക്കത്തിലായിരുന്നു.
മരുന്നുകളോട് നന്നായി പ്രതികരിച്ച റിസ്വാന്റെ നില ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും ഏറെ മെച്ചപ്പെട്ടു. പരിശോധനയിൽ നെഞ്ചിലെ അണുബാധ മാറിയതായി വ്യക്തമായി. ഇതിലൊക്കെ ഉപരി സെമിയിൽ കളിച്ചേ മതിയാകൂവെന്ന ആത്മവിശ്വാസത്തിലും ധൈര്യത്തിലുമായിരുന്നു താരം. 'മുജെ ഖേൽനാ ഹേ, ടീം കെ സാഥ് രഹ്നാ ഹേ, (എനിക്ക് കളിക്കണം, ടീമിനൊപ്പം നിൽക്കണം) ഐസിയുവിൽ കഴിഞ്ഞ 35 മണിക്കൂറുകൾക്കിടെ ഡോക്ടർമാരെ കണ്ടപ്പോഴൊക്കെ റിസ്വാന് പറയാനുണ്ടായിരുന്ന അഭ്യർത്ഥന ഇത്രമാത്രമായിരുന്നുവെന്നു ഡോ. സഹീർ പറഞ്ഞു. 'ഇതുപോലെ ഗുരുതര അണുബാധയേറ്റാൽ സാധാരണ അഞ്ചു മുതൽ ഏഴു വരെ ദിവസമെടുക്കും ആരോഗ്യം വീണ്ടെടുക്കാൻ. പക്ഷെ റിസ്വാന്റെ കാര്യത്തിൽ അനുകൂലമായത് അദ്ദേഹത്തിന്റെ ആരോഗ്യക്ഷമതയാണ്. ദൈനംദിന വ്യായാമവും പരിശീലനവുമെല്ലാം ഇതിന് ഗുണകരമായിട്ടുണ്ടാവും. അതിലുപരി ടീമിനുവേണ്ടി കളിക്കണമെന്ന അതിതീവ്രമായ ആഗ്രഹവും ആത്മവിശ്വാസവും ധൈര്യവും!'
ആരോഗ്യനില മെച്ചപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് റിസ്വാൻ ദുബായ് മെഡിയോർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. ഫിറ്റ്‌നസ് വീണ്ടെടുത്ത റിസ്വാൻ വ്യാഴാഴ്ച കളത്തിലിറങ്ങുമെന്ന് ടീം പ്രഖ്യാപിച്ചു. പിന്നീട് കണ്ടത് പാക് ഓപ്പണറായി ക്രീസിൽ റിസ്വാന്റെ തിളങ്ങുന്ന പ്രകടനം. ആസ്ട്രേലിയയ്ക്ക് എതിരെ 52 ബോളിൽ 67 റണ്‌സെടുത്ത റിസ്വാൻ ഒരു കലണ്ടർ വർഷത്തിൽ 1000 റണ്ണെടുക്കുന്ന ആദ്യ താരമെന്ന ലോകറെക്കോര്ഡും ഉറപ്പിച്ചു.
'നാല് സിക്സും മൂന്ന് ഫോറുകളും അടിച്ചുകൂട്ടിയ റിസ്വാന്റെ പവർപ്‌ളേ കണ്ടാൽ ഐസിയുവിൽ നിന്ന് ഇറങ്ങിയ രോഗിയാണ് ക്രീസ് നിറഞ്ഞുകളിക്കുന്നതെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല. മത്സരത്തിന് രണ്ടുമണിക്കൂർ മുൻപ് പോലും അദ്ദേഹത്തിന് മരുന്നുകൾ എടുക്കാൻ ഉണ്ടായിരുന്നു. ടീം ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മരുന്ന് കഴിച്ചു വിശ്രമിച്ച ശേഷം ക്രീസിൽ ഇറങ്ങിയ റിസ്വാൻ യാതൊരു ക്ഷീണവും പ്രകടിപ്പിക്കാതെ മികച്ച പ്രകടനം പുറത്തെടുത്തത് അഭിനന്ദനാർഹമാണ്' ഡോ. സഹീർ പറഞ്ഞു.
വിവി എസ് ലക്ഷ്മണും ഷോഹൈബ് അക്തറുമടക്കം നിരവധിപേരാണ് ആരോഗ്യനില വീണ്ടെടുത്ത് പോരാടിയ റിസ്വാന്റെ സ്‌പോർട്സ്മാൻ സ്പിരിറ്റിനെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. മെഡിയോർ ആശുപത്രി ഐസിയുവിൽ കഴിയുന്ന റിസ്വാന്റെ ചിത്രവും വൈറലാണ്.
നന്ദി സൂചകമായി സമ്മാനിച്ചത് ജേഴ്‌സി
സെമിയിൽ സാന്നിധ്യമുറപ്പിക്കുന്നതിന് നിർണ്ണായകമായ മെഡിക്കൽ പിന്തുണ നൽകിയ ഡോ.സഹീറിനെ തേടിയെത്തിയത് റിസ്വാന്റെ അപ്രതീക്ഷിത സമ്മാനം. ഇന്നലത്തെ മാച്ച് കഴിഞ്ഞ ശേഷം പാക് ടീം ഡോക്ടറാണ് ഡോ. സഹീറിനെ വിളിച്ച് റിസ്വാൻ ഏൽപ്പിച്ച സമ്മാനത്തിന്റെ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിച്ച പാക്കറ്റ് തുറന്ന് നോക്കുമ്പോൾ റിസ്വാന്റെ പേരിന് മുകളിൽ കയ്യൊപ്പ് പതിപ്പിച്ച പാക് ടീമിന്റെ 16ആം നമ്പർ ജേഴ്‌സി! അപ്രതീക്ഷിത സമ്മാനത്തിന് റിസ്വാന് നന്ദി പറയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. സഹീർ. കഴിഞ്ഞ ആറു വർഷമായി യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന ഡോ.സഹീർ കോവിഡ് മഹാമാരിക്കാലത്തു നിരവധി സങ്കീർണമായ കേസുകൾ ചികിത്സിച്ചു ഭേദമാക്കിയതിലൂടെ ശ്രദ്ധേയനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ