ദുബായ്: പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അശ്‌റഫ് താമരശ്ശേരിയുടെ ജീവിതവും കർമ്മ മേഖലയും അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം 'നിഴൽ തീരുന്നിടം' ആദ്യ പ്രദർശനം ദുബായിൽ ഏഴിന് വൈകുന്നേരം 7.30ന് റിഗയിലെ ഫ്‌ലോറ ഗ്രാന്റ് ഹോട്ടലിൽ പ്രമുഖ ചലച്ചിത്ര - മാദ്ധ്യമ - സാമൂഹ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിക്കും. യുഎഇ എക്‌സ്‌ചേഞ്ച് നിർമ്മിച്ച ചിത്രത്തിന് രചനയും സംവിധാനവും ഒരുക്കിയത് അമ്മാർ കീഴുപറമ്പാണ്.

3500ലധികം മൃതദേഹങ്ങൾ 36 രാജ്യങ്ങളിലേയ്ക്കു കയറ്റി അയച്ച അശ്‌റഫിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയും സഹായവും ഒരുക്കാൻ വേണ്ടി അശ്‌റഫ് താമരശ്ശേരി ഗ്ലോബൽ ഫൗണ്ടേഷൻ രൂപീകരണവും അന്നേ ദിവസം നടക്കും. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽ, ഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്ന് അഞ്ചു വീതം സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയാണ് ഫൗണ്ടേഷന്റെ ആദ്യ പദ്ധതി. ദിവസവും നിരവധി മൃതദേഹങ്ങളാണ് വിവിധ രാജ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നത്. പതിനാറോളം ഓഫീസുകളിൽ നിന്ന് രേഖകൾ ശരിയാക്കി, എമ്പാമിങ് ചെയ്ത് അയയ്ക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ പരിശീലനം നൽകി നിസ്വാർത്ഥ സേവകരെ വാർത്തെടുക്കുകയാണ് പദ്ധതി.