ദോഹ: യൂത്ത്‌ഫോറം ഡ്രാമാക്ലബ്ബിനു കീഴിൽ അഭിനയം, സ്‌ക്രിപ്റ്റ് റൈറ്റിങ്, സംവിധാനം, തുടങ്ങിയവയിൽ തൽപരരായവർക്ക് പരിശീലനക്കളരി സംഘടിപ്പിച്ചു. മുഴുദിന ക്യാമ്പിൽ ദോഹയിലെ പ്രശസ്ത സംവിധായകരും അഭിനേതാക്കളുമായ ഫിറോഷ് മൂപ്പൻ, ക്രിഷ്ണനുണ്ണി, നൗഫൽ ഷംസ് തുടങ്ങിയവർ പരിശീലനം നൽകി.

ആഹാര്യം, സ്വാത്വികം, വാചികം, ആംഗികം തുടങ്ങി വ്യത്യസ്ത ശീർഷകങ്ങളിൽ പരിശീലന പരിപാടികൾ നടന്നു. നാടകം എന്ന കലയുടെ സാമൂഹിക ഇടപെടലുകളും സ്വാധീനവും എന്ന പരിശീലന സെഷൻ വ്യത്യസ്തത കൊണ്ട് മികവുറ്റതായി. നാടകമെന്നത് ആസ്വാദനത്തിനപ്പുറം അനീതിക്കെതിരായ സമരമുറയാണെന്ന് നൗഫൽ ശംസും സ്വയം കഥാപാത്രമായി അനുവാചകരുടെ മുഴുവൻ ശ്രദ്ധയും തന്നിലേക്കാവാഹിക്കുന്നിടത്താണ് ഒരു കലാകാരൻ പിറവിയെടുക്കുന്നതെന്ന് ഫിറോഷ് മൂപ്പനും കലയും കലാകാരനും സമൂഹത്തിന്റെ ധർപ്പണമാണെന്ന് കൃഷ്ണനുണ്ണിയും വിവിധ സെഷനുകളിലൂടെ ബോധ്യപ്പെടുത്തി. വിവിധ വിഷയങ്ങളിലായി ആറ് ചെറു സ്‌കിറ്റുകളുടെ രചനയും സംവിധാനവും കളരിയിലൂടെ അരങ്ങിലെത്തി.

ദോഹയിൽ നടക്കുന്ന വ്യത്യസ്ത നാടക മൽസര പരിപാടികളിൽ യൂത്ത് ഫോറം നാടകവേദിയുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് കലാവിഭാഗം കൺവീനർ അനൂപ് അലി സ്വാഗത ഭാഷണത്തിൽ അറിയിച്ചു. ദോഹയിലെ കലാകാരന്മാർക്ക് നല്ല പരിശീലനങ്ങളും മികച്ച അരങ്ങുകളും ഒരുക്കി പ്രവാസലോകത്തെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകാൻ യൂത്ത് ഫോറം പ്രതിജ്ഞബദ്ധമാണെന്നു യൂത്ത് ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട സമാപന സംഗമത്തിൽ പറഞ്ഞു. അനസ് എടവണ്ണ, ലുഖ്മാൻ കെ.പി, നിയാസ് മുഹമ്മദ്, തൗഫീഖ് അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.