മനാമ: കേരള സംഗീത നാടക അക്കാദമി ഗൾഫ് മേഖലയിലെ നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന മൂന്നാമത് നാടകമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ബഹ്‌റൈനിൽ നിന്ന് നാലുപേർ അവാർഡിനർഹരായി. ഹരീഷ് മേനോൻ സംവിധാനം ചെയ്ത 'കഥാർസിസ്' എന്ന നാടകത്തിലെ കാളിയപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയശങ്കർ മുണ്ടച്ചേരിയാണ് മികച്ച നടൻ. അനിൽ സോപാനം സംവിധാനം ചെയ്ത 'നാഴിമണ്ണ്' ആണ് മികച്ച രണ്ടാമത്തെ നാടകം.

'കഥാർസിസിൽ' രാധാകൃഷ്ണൻ എന്ന കഥാപാത്രമായി വേഷമിട്ട ശിവകുമാർ കൊല്ലറോത്ത്, എസ്.ആർ. ഖാൻ സംവിധാനം ചെയ്ത 'അമ്മവിത്തുകൾ' എന്ന നാടകത്തിലെ കാത്തയെ അവതരിപ്പിച്ച സൗമ്യ കൃഷ്ണപ്രസാദ് എന്നിവർ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അർഹമായി.

ആകെ അഞ്ച് നാടകങ്ങളാണ് ബഹ്‌റൈനിൽ അവതരിപ്പിച്ചത്. മറ്റ് മേഖലകളിലെ നാടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബഹ്‌റൈനിൽ അവതരിപ്പിച്ച നാടകങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

വടകര സ്വദേശിയായ ശിവകുമാർ കൊല്ലറോത്ത് 18 വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. കേരളത്തിലും ബഹ്‌റൈനിലും നാടകവേദികളിൽ സജീവമാണ്. സംസ്ഥാന നാടകമത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനിൽ അവതരിപ്പിക്കപ്പെട്ട അനീഷ് മടപ്പള്ളിയുടെ 'വേഷം', എസ്.ആർ. ഖാന്റെ 'കള്ളനും പൊലീസും', വിഷ്ണു നാടകഗ്രാമത്തിന്റെ 'മധ്യധരണ്യാഴി' എന്നീ നാടകങ്ങളിലൂടെ മൂന്നുതവണ മികച്ച നടനായി.

എറണാകുളം സ്വദേശിയായ അനിൽ സോപാനം 10ഓളം നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. റേഡിയോ നാടകങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

അനിൽ സംവിധാനം ചെയ്ത 'നാഴിമണ്ണി'ന്റെ രചന നിർവഹിച്ചത് പ്രദീപ് മണ്ടൂരാണ്. നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തിനെ തേടിയത്തെിയിട്ടുണ്ട്. തൃശൂർ സ്വദേശിനിയായ സൗമ്യ കൃഷ്ണപ്രസാദ് നാല് വർഷമായി ബഹ്‌റൈനിലുണ്ട്. ഇതിനകംഏഴ് അമച്വർ നാടകങ്ങളിലും രണ്ട് റേഡിയോ നാടകങ്ങളിലും അഭിനയിച്ചു. ഉദയൻ കുണ്ടംകുഴി, സാംകുട്ടി പട്ടംകരി എന്നിവരുടെ ക്യാമ്പുകളിൽ പരിശീലനം നേടിയിട്ടുണ്ട്.

സാംകുട്ടിയുടെ 'ഒറ്റ്', സുരേഷ് പെണ്ണൂക്കരയുടെ 'പനിയൻ', ദിനേശ് കുറ്റിയിലിന്റെ 'ശൂരനാടിന്റെ മക്കൾ', മോഹൻരാജിന്റെ 'ഒരു വാക്കിന്നുമപ്പുറം' എന്നിവയിലും റേഡിയോ നാടകങ്ങളായ 'നേർച്ചകൊച്ചൻ', 'സർവൈവൽ' എന്നിവയിലും വേഷമിട്ടു.'ഒറ്റി'ലൂടെ രണ്ടാമത്തെ മികച്ച നടിയായും 'സർവൈവലി'ലൂടെ മികച്ച നടിയായും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഇൻഷുറൻസ് ഓഫിസിൽ ജോലി ചെയ്യുന്ന കൃഷ്ണപ്രസാദ് ഭർത്താവും സൂര്യ കൃതാർഥ് മകനുമാണ്.