പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ തുടങ്ങി ഒടുവിൽ പുറത്തിറങ്ങിയ ലോഹത്തിൽ വരെ രഞ്ജിത്ത് മോഹൻലാൽ കെമിസ്ട്രി ആരാധകർക്ക് എന്നും പ്രിയപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിൽ തന്നെയാണ് റിലീസിനൊരുങ്ങുന്ന 'ഡ്രാമ'യ്ക്കായും ആരാധകർ കാത്തിരിക്കുന്നത്. ചിത്രം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ തിയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ചിരിക്കുകയാണ് രഞ്ജിത്ത്.ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് രഞ്ജിത്ത് വിശേഷങ്ങൾ പങ്ക് വച്ചത്.

ഒരു വീടിന് ഉള്ളിൽ നടക്കുന്ന ഒരു കഥയാണ് 'ഡ്രാമ' പറയുന്നതെന്നും വീടിനകത്തുള്ള കഥാപാത്രങ്ങളെയും പുറത്തു നിന്നു വരുന്ന ആളുകളെയും ചുറ്റിപ്പറ്റിയാണ് കഥാപരിസരം പുരോഗമിക്കുന്നതെന്നും സംവിധായകൻ പറയുന്നു. 'മിനിമം സമയത്തിനകത്തു നിന്നുള്ള സംഭവങ്ങളിലൂടെയും നാടകീയമായ വഴിത്തിരിവുകളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. അഞ്ചു ദിവസത്തിനുള്ളിൽ സംഭവിക്കുന്ന ഒരു കഥ അതാണ് സിനിമ. അതിനപ്പുറം വലിയ ചരിത്രമൊന്നും ഈ സിനിമ പറയുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

സിനിമയുടെ 95 ശതമാനവും ലണ്ടനിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാള ചിത്രങ്ങളുടെ സ്ഥിരം ലണ്ടൻ ലൊക്കേഷനുകളിലല്ല ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കെന്റ്, ആസ്റ്റഡ് പോലെ വില്ലേജ് സ്വഭാവമുള്ള സ്ഥലങ്ങളാണ് സിനിമയിൽ കാണുക. അവിടെ സംഭവിക്കുന്ന കഥ ആയതു കൊണ്ടാണ് അങ്ങനെയൊരു ലൊക്കേഷൻ തെരഞ്ഞെടുത്തതെന്ന് രഞ്ജിത്ത് പറഞ്ഞു.

പലപ്പോഴും ചിത്രീകരണത്തിനിടയിൽ തനിക്കും ലാലിനും പരസ്പരം പിണങ്ങേണ്ടി വന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു.'ഞങ്ങൾ ഇരുവരും വളരെ സെൻസിറ്റീവ് ആണ്. അക്കാരണം കൊണ്ട് തന്നെ ഇടയ്ക്കിടെ പിണങ്ങുകയും അതുപോലെ തന്നെ ഇണങ്ങുകയും ചെയ്യാറുണ്ട്. ഡ്രാമയുടെ ലണ്ടൻ ലൊക്കേഷനിൽ കൂടി ഇത്തരത്തിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായിരുന്നു' -രഞ്ജിത്ത് പറഞ്ഞു.

ലോഹത്തിന് ശേഷം രഞ്ജിതും മോഹൻലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.

ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പൻ.