മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ചിത്രം ഡ്രാമ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. തിയേറ്ററിലെത്താൻ മണിക്കൂറുകൾ നില്‌ക്കെ പുതിയ  പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മൂന്നാമത്തെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയത്. നേരത്തെ ഇറങ്ങിയ രണ്ട് വീഡിയോകളിലേയും പോലെ തന്നെ മോഹൻലാൽ മാനറിസങ്ങൾ കൊണ്ട് സമ്പന്നമാണ് പുതിയ വീഡോയയും. ചിത്രത്തിന്റെ ഫൺ മൂഡ് വിളിച്ചു പറയുന്നതാണ് ടീസർ.

മോഹൻലാലിന് പുറമെ ചിത്രത്തിലെ മറ്റ് താരങ്ങളും വീഡിയോയിൽ എത്തുന്നുണ്ട്. ഇന്നലെ മോഹൻലാൽ പോർച്ചുഗലിൽ നിന്നും ലൈവിലെത്തി സിനിമാ റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നു.;ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെ കാലങ്ങൾക്കു ശേഷം ഞാൻ ചെയ്യുന്ന ഒരു ഹ്യൂമർ ചിത്രമാണിത്. ഹ്യൂമർ മാത്രമല്ല, വളരെ വിലപ്പെട്ടൊരു സന്ദേശംകൂടിയുണ്ട് ചിത്രത്തിൽ. കാണൂ, അഭിപ്രായമറിയിക്കൂ. കൂടെ നിന്നേക്കണം കേട്ടോ, എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ലൈവ് അവസാനിപ്പിക്കുന്നത്.

മാത്രമല്ല റിലീസിന് മുമ്പേ മുടക്കു മുതലിന്റെ മുക്കാൽ ഭാഗവും നേടിക്കഴിഞ്ഞിരിക്കുന്നു ഈ മോഹൻലാൽ ചിത്രം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പൻ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഒൻപതു കോടി ബജറ്റിൽ ചിത്രീകരിച്ച ചിത്രം റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ചിരിക്കുകയാണ്.

ലോഹത്തിനു ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുത്തൻ പണത്തിനു ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡ്രാമ ലണ്ടനിൽ ചിത്രീകരിച്ചിട്ടുള്ള ഡ്രാമയിൽ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോൻ, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും.
വർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. കുറച്ചു കാലമായി പ്രേക്ഷകർക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകൻ രഞ്ജിത് ഉറപ്പുനൽകുന്നത്.