മലപ്പുറം: സിപിഎമ്മിന് കീഴിലുള്ള സഹകരണ ആശുപത്രിയായ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ രോഗി മരിച്ചു. സംഭവത്തെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ ഐ.സി.യുവിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തി. ഐ.സി.യുവിലേക്ക് ഇരച്ചു കയറിയ ബന്ധുക്കൾ ഡോക്ടർമാരെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം.

റോഡപകടത്തിൽ പരിക്കേറ്റ താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയാണ് മരിച്ചത്. വ്യാഴാച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷമീബക്ക് കാലിന്റെ തുടയെല്ലിന് ശസ്ത്രക്രിയ നടത്തി. എന്നാൽ ഇന്ന് രാവിലെ രക്തസമ്മർദ്ദം മൂർച്ഛിച്ച് മരിക്കുകയായിരുന്നു. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബന്ധുക്കൾ സംഘർഷമുണ്ടാക്കിയത്.

റോഡപകടത്തിൽ പരിക്കുപറ്റി താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയെ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവവും കാലിന്റെ തുടയെല്ല് പൊട്ടിയതായും കണ്ടതിനെ തുടർന്നാണ് അഡ്‌മിറ്റ് ആക്കിയതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ചികിത്സ ആരംഭിക്കുകയും ചെയ്തു. രക്തസമ്മർദ്ദം കുറവായതിനാൽ ന്യൂറോ സർജിക്കൽ ഐസിയുവിൽ അഡ്‌മിറ്റായ രോഗിയെ രക്തസമ്മർദ്ദം സാധാരണനിലയിൽ ആയതിനെ തുടർന്ന് കാലിന്റെ ഓപ്പറേഷന് വേണ്ടി തീയറ്ററിൽ എത്തിച്ചു. ഇന്നു പുലർച്ചെ നാല് മണിയോടെ ഓപ്പറേഷൻ പൂർത്തിയാക്കി പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റുകയും രോഗിയുടെ ബന്ധുക്കളെ കാണിക്കുകയും രോഗിയുടെ വിവരങ്ങൾ അവരോട് ഡോക്ടർ വിശദമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്തിരുന്നു.

എന്നാൽ രാവിലെ7:15 ഓടുകുടി രോഗിയുടെ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുകയും നില വഷളാവുകയും ചെയ്തതിനെതുടർന്ന് ഓർത്തോപീഡിക് സർജന്റെയും അനസ്തേഷ്യോളജിസ്റ്റിന്റെയും നേതൃത്വത്തിൽ രോഗിക്ക് ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് ജീവനക്കാരുടെ അനാസ്ഥയാണെന്ന് രോഗി മരിക്കാനിടയായതെന്നു ആക്ഷേപിച്ചുകൊണ്ട് രോഗിയുടെ നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നൂറോളം വരുന്ന ആളുകൾ ആശുപത്രി ഐസിയുവിലെത്തി പ്രതിഷേധിച്ചത്.

പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ആശുപത്രി മാനേജ്്മെന്റും രോഗിയുടെ ബന്ധുക്കളും നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പിഴവുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു .ഐ.സി.യു ഇൻ ചാർജിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മറ്റു ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്താനും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രി സാധ്യമായ എല്ലാ ചികിത്സകളും രോഗിക്കു നൽകിയിട്ടുണ്ടെന്ന് ആശുപത്രി ചെയർമാൻ അറിയിച്ചു.സംഭവത്തിൻ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.. ഇ.എം.എസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരിന്തൽമണ്ണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്..