- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കൈയിൽ നിന്നും രേഖകൾ തട്ടിപ്പറിച്ച് കീറി എറിഞ്ഞ് തൃണമൂൽ എംപി; പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് പെഗസ്സസ് ഫോൺ ചോർത്തൽ വാസ്തവ വിരുദ്ധമെന്ന് മന്ത്രി പ്രസ്താവിച്ചതോടെ; തുടർച്ചയായ മൂന്നാം നാളും ഇരുസഭകളും സംഘർഷഭരിതം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി: പെഗസ്സസ് അടക്കം ഉള്ള വിഷയങ്ങളെ ചൊല്ലി ലോക്‌സഭയിലും രാജ്യസഭയിലും തുടർച്ചയായ മൂന്നാം ദിവസവും നാകീയ രംഗങ്ങൾ. ഫോൺ ചോർത്തൽ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളിയതോടെ ബഹളം രൂക്ഷമായി. പ്രതിപക്ഷ ബഹളം കാരണം, രാജ്യസഭയിൽ ഇലക്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് പ്രസ്താവന വെട്ടിച്ചുരുക്കേണ്ടി വന്നു. റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞത്. ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃച്ഛികമല്ല. റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞ അതേ മറുപടി തന്നെയാണ് മന്ത്രി രാജ്യസഭയിലും ആവർത്തിച്ചത്. പെഗസ്സസിനെ കുറിച്ച് മന്ത്രിസംസാരിക്കാൻ എണീറ്റപ്പോൾ തന്നെ, തൃണമൂൽ എംപി ശന്തനു സെൻ രേഖകൾ തട്ടിപ്പറിച്ച് ഡപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ്ങിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ മന്ത്രി തന്റെ പ്രസ്താവന സഭയിൽ രേഖാമൂലം സമർപ്പിക്കുകയായിരുന്നു.
ആദ്യം രണ്ടുമണി വരെ നിർത്തി വച്ച രാജ്യസഭ പിന്നീട് നാളെ വരെ നിർത്തി വച്ചു. ഉച്ചയ്ക്ക് പ്ലാക്കാർഡുകൾ ഉയർത്തിയും, മുദ്രാവാക്യം വിളിച്ചും അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിൽ അംഗങ്ങൾക്ക് താൽപര്യമില്ലെന്ന് സഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പറഞ്ഞു.
പെഗസ്സസ്, കാർഷിക നിയമങ്ങൾ എന്നിവ ഉയർത്തിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും ഇന്നും സംഘർഷഭരിതമായിരുന്നു. ലോക്സഭ നാലു മണിവരെ നിർത്തിവച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ കിട്ടാതെ രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ നിലപാടിന് എതിരെയും പ്രതിപക്ഷം പ്രതിഷേധം നടത്തി. നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം കാരണം ഇരു സഭകളും രണ്ടുതവണ നിർത്തിവച്ചിരുന്നു. എന്നാൽ വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടർന്നു. ഇതേത്തുടർന്നാണ് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞത്.
കോൺഗ്രസ്, അകാലിദൾ അംഗങ്ങൾ കർഷക സമരവും കോവിഡ് പ്രതിസന്ധിയും ഉയർത്തി രംഗത്തുവന്നപ്പോൾ, തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ പെഗസ്സസ് വിഷയം ഉയർത്തി പ്രതിഷേധിച്ചു.
മറുനാടന് മലയാളി ബ്യൂറോ