ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു വൻഭൂരിപക്ഷത്തോടെ മുന്നിൽ. ആദ്യ റൗണ്ടിൽ എംപിമാരുടെ വോട്ടാണ് എണ്ണിയത്. സാധുവായ 748 വോട്ടിൽ, മുർമുവിന് 540 വോട്ടും, പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 204 വോട്ടും കിട്ടി.

പാർലമെന്റ് മന്ദിരത്തിൽ ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ 11 മണിയോടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള
ബാലറ്റ് പെട്ടികൾ തുറന്നിരുന്നു.

ആദ്യറൗണ്ടിൽ പാർലമെന്റംഗങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ ദ്രൗപദി മുർമുവിന് 72.19 ശതമാനം വോട്ടു ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ അറിയിച്ചു. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 21 വോട്ടും, 2012 ൽ 15 ഉം വോട്ടുകൾ അസാധുവായിരുന്നു.

വോട്ടുമൂല്യത്തിന്റെ കണക്കുപ്രകാരം ഏതാണ്ട് മൂന്നു ലക്ഷത്തി എഴുപത്തെണ്ണായിരം വോട്ടുകൾ ഇതുവരെ ദ്രൗപദി മുർമുവിന് ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി നാൽപ്പത്തയ്യായിരം വോട്ടുമൂല്യമാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വോട്ടുകളാണ് അടുത്ത റൗണ്ടിൽ എണ്ണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് ദ്രൗപദി മുർമുവിനെ കണ്ട് ആശംസകൾ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നുവൈകീട്ട് വൻ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. അതിനിടെ ദ്രൗപദി മുർമുവിന്റെ ജന്മനാടായ ഒഡിഷയിൽ ഉച്ചയ്ക്കു മുതലേ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

മുർമുവിന്റെ റായ് രങ്പൂരിലെ ഇരുനില കെട്ടിടത്തിന് മുന്നിലാണ് ആഘോഷങ്ങൾ. ഒരു കൂട്ടം ആളുകൾ വീടിന് മുന്നിൽ നൃത്തം ചവിട്ടുന്ന വീഡിയോ പുറത്തുവന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്‌റംഗ്പുരിലെ സാന്താൾ ഗോത്ര വിഭാഗത്തിൽ നിന്ന് പോരാടി ഉയർന്നുവന്ന നേതാവാണ് ദ്രൗപദി. യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം നടത്തിയ ഐക്യനീക്കം ഫലം കണ്ടില്ല.

വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ, വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദി വിജയിക്ക് സർട്ടിഫിക്കറ്റ് കൈമാറും. എംപിമാരും എംഎൽഎമാരും അടങ്ങിയ ഇലക്ട്രൽ കോളേജിലെ 4,796 പേർ വോട്ടുരേഖപ്പെടുത്തി. 99ശതമാനം പോളിങ്. കേരളം അടക്കം 12 ഇടങ്ങളിൽ 100ശതമാനം പോളിങ്. ബിജെപിക്കും സഖ്യകക്ഷികൾക്കും പുറമേ ബിജെഡി, ബിഎസ്‌പി, വൈഎസ്ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം എന്നീ പാർട്ടികളുടെയും പിന്തുണ ദ്രൗപദി മുർമുവിന് കിട്ടി. ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിൻഹയ്ക്ക് ആശ്വാസമായത്.