- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപതുകളിൽ ഉപേക്ഷിക്കപ്പെട്ട ദ്രാവിഡനാടിന് കശാപ്പുനിരോധന ഉത്തരവോടെ പുതു ജീവൻ; ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളുടെ സ്വയംഭരണത്തിനായി ട്വിറ്ററിൽ ഹാഷ്ടാഗ് രൂപീകരിച്ച് കുറിപ്പുകളിടുന്നത് കോമ്രേഡ് നമ്പ്യാർ; എതിർപ്പുമായി ശശി തരൂർ അടക്കം രംഗത്ത്
ചെന്നൈ: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം എന്തു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള പൗരന്റെ മൗലീകാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞ് രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങൾ നടക്കുന്നു. ഇതിനിടെ ഒരിക്കൽക്കൂടി ദ്രാവിഡ നാടിനായുള്ള ആവശ്യം ശക്തമാകുകയാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് സ്വയംഭരണാധികാരമുള്ള ദ്രാവിഡ നാട് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തമിഴ് രാഷ്ട്രീയത്തിലെ അതികായകനായ ഇ.വി. രാമസ്വാമി നായ്കർ എന്ന പെരിയോർ ആയിരുന്നു. അറുപതുകളിൽ കെട്ടടങ്ങിയ ദ്രാവിഡ നാട് വികാരം ഇപ്പോൾ വീണ്ടും പുനർജനിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെയാണു പ്രചരണം. കോമ്രേഡ് നമ്പ്യാർ എന്നയാളാണ് #Dravidanadu-\v എന്ന ഹാഷ്ടാഗിലൂടെ ദ്രാവിഡ നാടിനായി പ്രചരണം നടത്തുന്നത്. മെയ് 25ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുതിയ കന്നുകാലി നിയമം കൊണ്ടുവന്നതോടെയാണ് കോമ്രേഡ് നമ്പ്യാരുടെ പേരിലുള്ള ട്വീറ്റുകൾ വ
ചെന്നൈ: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം എന്തു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള പൗരന്റെ മൗലീകാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞ് രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങൾ നടക്കുന്നു. ഇതിനിടെ ഒരിക്കൽക്കൂടി ദ്രാവിഡ നാടിനായുള്ള ആവശ്യം ശക്തമാകുകയാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് സ്വയംഭരണാധികാരമുള്ള ദ്രാവിഡ നാട് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തമിഴ് രാഷ്ട്രീയത്തിലെ അതികായകനായ ഇ.വി. രാമസ്വാമി നായ്കർ എന്ന പെരിയോർ ആയിരുന്നു.
അറുപതുകളിൽ കെട്ടടങ്ങിയ ദ്രാവിഡ നാട് വികാരം ഇപ്പോൾ വീണ്ടും പുനർജനിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെയാണു പ്രചരണം. കോമ്രേഡ് നമ്പ്യാർ എന്നയാളാണ് #Dravidanadu--v എന്ന ഹാഷ്ടാഗിലൂടെ ദ്രാവിഡ നാടിനായി പ്രചരണം നടത്തുന്നത്. മെയ് 25ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുതിയ കന്നുകാലി നിയമം കൊണ്ടുവന്നതോടെയാണ് കോമ്രേഡ് നമ്പ്യാരുടെ പേരിലുള്ള ട്വീറ്റുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഒരു മാക്സിസ്റ്റാണെന്ന് സ്വയം വിലയിരുത്തുന്ന ഇയാൾ മലയാളിയാണെന്നും ദുബൈയിൽ നിന്നാണ് ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്.
മെയ് 19നാണ് കോമ്രേഡ് നമ്പ്യാരുടെ ആദ്യ ട്വീറ്റ് ഈ ഹാഷ്ടാഗിൽ പ്രത്യക്ഷപ്പെട്ടത്. 'കേരളം ഒരു മതേതരത്വ സമത്വ സംസ്ഥാനമാണ്. ഇന്ത്യ അതല്ല. ഈ ആചാരങ്ങൾ ഉപേക്ഷിക്കൂ, ഞങ്ങൾ ദ്രാവിഡനാടിന് വേണ്ടി കലാപം ചെയ്യും. ലാൽസലാം'. എന്നാണ് ഹാഷ്ടാഗിനൊപ്പം കൊടുത്തിരിക്കുന്ന സന്ദേശം.
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ ആരംഭിച്ച വാദമാണ് ദ്രാവിഡനാട് എന്ന ആവശ്യം. നോർത്ത് ഇന്ത്യയിലെ ആര്യവിഭാഗക്കാരിൽ നിന്നും വേറിട്ട് മറ്റൊരു രാജ്യം എന്ന ആവശ്യത്തിൽ ഊന്നിയാണ് ഇത്. തമിഴ്‌നാട്ടിൽ പെരിയോർ എന്നറിയപ്പെടുന്ന ഇവി രാമസ്വാമി നായ്ക്കരാണ് ദ്രാവിഡനാട് എന്ന ആശയത്തിന് പിന്നിൽ. സിഎൻ അണ്ണാദുരൈ സ്ഥാപകനായ ദ്രാവിഡ മുന്നേറ്റ കഴകവും പെരിയോർ നേതാവായിരുന്ന ജസ്റ്റിസ് പാർട്ടിയും ചേർന്നാണ് ദ്രാവിഡനാട് എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത്.
ദ്രാവിഡ ഭാഷ സംസാരിക്കുന്നവരുടെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം എന്നായിരുന്നു ദ്രാവിഡനാട് എന്ന ആശയംകൊണ്ട് അവർ ഉദ്ദേശിച്ചത്. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് ആശയം മുന്നോട്ട് വച്ചതെങ്കിലും ആന്ധ്രപ്രദേശ്, കേരളം, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ ആവശ്യത്തിനൊപ്പം ചേർന്നു. ശ്രീലങ്ക, ഒഡീഷ, മഹാരാഷ്ട എന്നിവിടങ്ങളിലെ ദ്രാവിഡ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും പരിഗണിക്കപ്പെട്ടു.
1940 മുതൽ 60 വരെ ദ്രാവിഡ നാടിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തമായിരുന്നു. എന്നാൽ തമിഴ് ആധിപത്യം വരുമെന്ന ഭയത്താൽ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങൾ ഈ ആവശ്യത്തിൽ നിന്നും പിന്മാറി. 1960ൽ ഡിഎകെയും ഈ ആശയം ഉപേക്ഷിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ കന്നുകാലി നിയമം ദ്രാവിഡനാടെന്ന ആശയത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ട്വിറ്ററിൽ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ സജീവമാണെങ്കിലും ഈ ഹാഷ്ടാഗ് വൈറലായിരിക്കുകയാണ്.
മാർക്സിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന കോമ്രേഡ് നമ്പ്യാർ എന്ന പ്രൊഫൈലിൽ നിന്നുമാണ് ഈ ഹാഷ്ടാഗ് പ്രചരിച്ചിരിക്കുന്നത്. അതേസമയം കോമ്രേഡ് നമ്പ്യാരുടെ പോസ്റ്റുകളെ കേരളത്തിലെ ഇടതുപക്ഷം പിന്തുണയ്ക്കില്ലെന്നാണ് കരുതപ്പെടുന്നത്. കാരണം ഏതു തരത്തിലുള്ള വിഭജനത്തെയും എതിർക്കുകയെന്നതാണ് സി.പി.എം പാരമ്പര്യം. ശ്രീലങ്കയിലെ തമിഴ് വിഭജന മുന്നേറ്റത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടി ശക്തമായി എതിർത്തിരുന്നു. ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തമായിരുന്ന 2006-2009 കാലഘട്ടത്തിലും സി.പി.എം ഈ നിലപാടിൽ ഉറച്ചുനിന്നു. ജമ്മു കാശ്മീരിലെ സ്വതന്ത്ര വാദത്തെയും സി.പി.എം എതിർക്കുകയാണ് ചെയ്തത്. തിബറ്റിന്റെ സ്വാതന്ത്ര്യവാദത്തിലും ചൈനയ്ക്കൊപ്പം നിന്ന അവർ തിബറ്റിലെ കലാപം ചൈനയെ അസ്ഥിരപ്പെടുത്താൻ പടിഞ്ഞാറൻ രാജ്യങ്ങൾ രൂപംനൽകിയതാണെന്നും വാദിക്കുകയാണുണ്ടായത്.
കോമ്രേഡ് നമ്പ്യാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് ചില ട്വീറ്റർ ഉപയോക്താക്കളും വിഭജന വികാരം വളർത്താനാണ് ശ്രമിക്കുന്നതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. അതേസമയം തമിഴ്‌നാട്ടിൽ നിന്നും ഈ ട്വീറ്റുകൾക്ക് വ്യാപകമായി പിന്തുണ ലഭിക്കുന്നുമുണ്ട്. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇതിനെ എതിർക്കുന്ന പ്രമുഖരിലൊരാൾ.
സിന്ധൻ ആർഎ എന്നയാളുടെ ട്വീറ്റിന് മറുപടിയായാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ട്വീപ്പിളിലെ ദ്രാവിഡനാട് ട്രെൻഡ് മോദിക്കുള്ള ലളിതവും ശക്തവുമായ സന്ദേശമാണ്. നിങ്ങളുടെ മോശം ഭരണത്തിനും രാഷ്ട്രീയത്തിനുമുള്ള സന്ദേശം' എന്നായിരുന്നു സിന്ധന്റെ ട്വീറ്റ്. ഇതിന് മറുപടിയായി തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു 'അത് സത്യമാണെങ്കിലും എന്റെ ദക്ഷിണേന്ത്യക്കാരായ സുഹൃത്തുക്കളോട് ദ്രാവിഡനാട് പോലുള്ള ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ഇന്ത്യയെ മെച്ചപ്പെടുത്താം'.
ഈ പുതിയ ഹാഷ്ടാഗ് ഉയർത്തുന്ന അലയൊലികൾ അത്രവേഗം അടങ്ങുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ദ്രാവിഡ സ്വത്വമുന്നേറ്റങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്ന ഘട്ടത്തിൽ. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഭക്ഷണകാര്യത്തിലുൾപ്പെടെ തങ്ങൾ പിന്തുടരുന്ന സംസ്‌കാരവും രാഷ്ട്രീയവും സംരക്ഷിക്കാൻ ഈ വിഷയത്തിൽ ഒന്നിച്ചുനിൽക്കുമോയെന്നത് സംശയമാണ്.