നിങ്ങൾ ധരിക്കുന്നത് ശരിയായ അളവിലുള്ള ബ്രാ ആണെന്ന് എങ്ങനെ ഉറപ്പുവരുത്തും? സ്തനങ്ങളെ ശരിയായ രീതിയിൽ താങ്ങിനിർത്തേണ്ടത് സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും കാര്യമാകുമ്പോൾ, വളരെ നിർണായകമായ കാര്യമാണിത്. ശരിയായ സൈസിലുള്ള ബ്രാ ആണ് ധരിക്കുന്നതെന്ന് പലരും കരുതുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും ഇത് തെറ്റിപ്പോകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതുകണ്ടെത്താൻ ചെറിയൊരു ട്രിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നിക്കോൾ കിവിറ്റ്‌സ്. ഫ്രഞ്ച് അടിവസ്ത്ര ബ്രാൻഡ് ഷാന്റിലിലെ വിദഗ്ധരിലൊരാളാണ് നിക്കോൾ. ബ്രാ വാങ്ങുമ്പോൾ, അതിന്റെ കൊളുത്തുന്ന വശങ്ങൾ തമ്മിൽ രണ്ട് വിരലുകളുടെ അകലമേ പാടുള്ളൂവെന്ന് നിക്കോൾ പറയുന്നു. തുടക്കത്തിൽ മൂന്നാമത്തെ കൊളുത്തിലായിരിക്കും നിങ്ങൾ ബ്രാ കൊളുത്തുക. പലതവണ ഇട്ടുകഴിയുമ്പോൾ, ഇലാസ്റ്റിക് വലിയുകയും കൊളുത്ത് രണ്ടാമത്തെയും ഒന്നാമത്തെയും ആയി വരികയും ചെയ്യും.

കൊളുത്തുകൾക്കിടെ രണ്ട് വിരലുകളിൽക്കൂടുതൽ അകലമുണ്ടെങ്കിൽ പഴകുംതോറും ബ്രായുടെ പ്രയോജനം ലഭിക്കാതാവുമെന്ന് നിക്കോൾ പറയുന്നു. ബ്രായിൽനിന്ന് സ്തനങ്ങൾക്ക് ശരിയായ താങ്ങ് ലഭിക്കുന്നത് ബാൻഡുകളുടെ ബലത്തിലാണ്. അതുകൊണ്ട് ഏതുസമയത്തും അത് മുറുകിത്തന്നെ ഇരിക്കണണെന്ന് നിക്കോൾ ഉപദേശിക്കുന്നു.

ബ്രാ ധരിച്ചുകഴിഞ്ഞാൽ അത് വാരിയെല്ലുകളുടെ പുറമെ മുറുകി നിൽക്കണമെന്നും നിക്കോൾ പറയുന്നു. സ്തനങ്ങളിലേക്ക് ഞെരുങ്ങിനിൽക്കുന്ന വിധത്തിലാകരുത് അത്. ബ്രായുടെ കപ്പ് മനസ്സിലാക്കുന്നതും വലിയ ഘടകമാണ്. സ്തനങ്ങൾ പൂർണമായി കപ്പിനുള്ളിൽ ഒതുങ്ങിയിരിക്കണം. കുറച്ചുഭാഗം പുറമെയ്‌ക്ക് തെറിച്ചുനിന്നാൽ, അത് നിങ്ങളുടെ അളവിലുള്ള ബ്രായല്ലെന്ന് മനസ്സിലാക്കുക. സ്ട്രാപ്പുകളും ശരിയായ രീതിയിൽ മുറുകി ശരിരത്തോട് ചേർന്ന് കിടക്കണം. സ്ട്രാപ്പുകൾക്കിടയിലൂടെ രണ്ട് വിരലുകൾ കടത്തി ഈ മുറുക്കം നിയന്ത്രിക്കാമെന്നും നിക്കോൾ പറയുന്നു.