സ്വീഡൻ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരി കെയ്റ്റ് മിഡിൽട്ടൺ ധരിച്ച വസ്ത്രങ്ങളെച്ചൊല്ലി ആരാധകർക്കിടയിൽ ഭിന്നാഭിപ്രായം. ഹൗണ്ട്‌സ്ടൂത്ത് പാറ്റേണിലുള്ള സ്വീഡിഷ് പരമ്പരാഗത വസ്ത്രം ധരിച്ചാണ് കെയ്റ്റ് സ്‌റ്റോക്ക്‌ഹോം സന്ദർശനത്തിന്റെ രണ്ടാം നാൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യത്യസ്ത ചടങ്ങുകളിൽ വ്യത്യസ്ത പാറ്റേണുകളിലുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയെങ്കിലും ഈ ഡിസൈനുകൾ കെയ്റ്റിന്റെ സാധാരണ പകിട്ടിന് ചേർന്നതല്ലെന്ന അഭിപ്രായത്തിലാണ് ആരാധകർ.

കെയ്റ്റിന്റെ പ്രിയപ്പെട്ട ഡിസൈനറായ കാതറിൻ വാക്കറാണ് ഹൗണ്ട്‌സ്ടൂത്ത് പാറ്റേണിലുള്ള വസ്ത്രം ഡിസൈൻ ചയ്തത്. സ്‌കാൻഡിനേവിയൻ രാജ്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത വസ്ത്രങ്ങളാണ് യാത്രയിലുടനീളം കെയ്റ്റ് ഉപയോഗിക്കുന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് സാൻഡ്രിങ്ഗാം സന്ദർശനത്തിന് ഡയാന രാജകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങൾക്ക് സമാനമാണ് ഇതെന്ന് ആരാധകർ പറയുന്നു. കഴിഞ്ഞദിവസം രാത്രി അത്താഴവിരുന്നിന് കെയ്റ്റ് ധരിച്ചിരുന്ന കറുത്ത ടൈയും പേളിന്റെ ബ്രേസ്‌ലെറ്റും കമ്മലും ഡയാന പണ്ട് ധരിച്ചിരുന്നവയ്ക്ക് സമാനമായിരുന്നു.

സ്റ്റോക്ക്‌ഹോമിലെ ഫോട്ടോഗ്രാഫിസ്‌ക ഗാലറിയിൽ വൈകിട്ട് സന്ദർശനത്തിനെത്തിയ കെയ്റ്റ് എർഡീം ഡിസൈൻ ചെയ്ത നീല വെൽവെറ്റ് ഡ്രസ്സാണ് അണിഞ്ഞത്. ഗർഭിണിയായ കെയ്റ്റിന് ചേർന്നതല്ല ഈ വസ്ത്രമെന്നായിരുന്നു പ്രധാന വിമർശനം. ഉച്ചയ്ക്ക് വിക്ടോറിയ രാജകുമാരിക്കും സ്വീഡിഷ് രാജകുമാരൻ ഡാനിയേലിനുമൊപ്പം ഹാഗ പാലസിലെത്തിയപ്പോൾ അലക്‌സാണ്ടർ മക്ക്വീൻ രൂപകൽപന ചെയ്ത ക്രീം നിറത്തിലുള്ള വസ്ത്രമാണ് കെയ്റ്റ് അണിഞ്ഞത്.

സാധാരണ എവിടെപ്പോയാലും കെയ്റ്റിന്റെ വസ്ത്രങ്ങൾ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ്. എന്നാൽ, സ്റ്റോക്ക്‌ഹോം സന്ദർശനത്തിൽ കെയ്റ്റ് തിരഞ്ഞെടുത്ത ഡിസൈനുകൾ ഉചിതമായില്ലെന്നാണ് പലരുടെയും അഭിപ്രായം. 36-കാരിയായ കെയ്റ്റിന്റെ ഫാഷൻ ഭ്രമം ഏററെ പ്രശസ്തമാണ്. സാധാരണ, ചെറിയ ലൈനുകളുള്ളതോ ലളിതമായ പാറ്റേണിലുള്ളതോ ആയ വസ്ത്രങ്ങളാണ് കെയ്റ്റ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, സ്വീഡനിലെത്തിയപ്പോൾ ധരിച്ച വസ്ത്രങ്ങൾ അതിന് നേരേ വിപരീതമായിരുന്നുവെന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തൽ.