- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി.ആർ.ഐ. ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ച കേസ് വിചാരണയിലേക്ക്; കേസ് ഫയൽ ചെയ്തത് 15 പേർക്കെതിരെ; കസ്റ്റംസ് വിചാരണ നടപടികളിലേക്ക് കടന്നത് വധശ്രമത്തിന് പൊലീസ് കേസ് നിലനിൽക്കെ
കൊച്ചി: കരിപ്പൂരിൽ സ്വർണക്കടത്തു പിടികൂടുന്നതിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റംസ് വിചാരണ നടപടികളിലേക്ക്. കേസിൽ 15 പേർക്കെതിരേ കസ്റ്റംസ് കൊച്ചി പ്രിവന്റീവ് യൂണിറ്റ് എറണാകുളം സാമ്പത്തിക കോടതിയിൽ ക്രിമിനൽ കംപ്ലെയിന്റ് ഫയൽ ചെയ്തു. വധശ്രമത്തിന് പൊലീസ് കേസ് നിലനിൽക്കേയാണ് ഡി.ആർ.ഐ.യുടെ ആവശ്യപ്രകാരം കസ്റ്റംസ് വിചാരണ നടപടികളിലേക്ക് കടന്നത്.
കാറോടിച്ചിരുന്ന കോഴിക്കോട് മുക്കം സ്വദേശി പി. നിസാറിനെ (26) ഡി.ആർ.ഐ. സംഘം സംഭവസ്ഥലത്ത് ഓടിച്ചിട്ടു പിടിച്ചു. കാറിലുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസൽ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം പാടത്ത് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു. ഡി.ആർ.ഐ.യുടെ പരാതിയെത്തുടർന്ന് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നിസാറിന് പുറമേ മലപ്പുറം സ്വദേശികളായ പി. അബ്ദുൾ സലാം, കെ. അബ്ദദുൾ ജലീൽ, വി. പ്രഭാത്, പി. മുഹമ്മദ് സാബിക്, ഷിഹാബുദ്ദീൻ, കോഴിക്കോട് സ്വദേശികളായ ഫസ്ലു റഹ്മാൻ കോറോത്ത്, സമീർ മഞ്ഞൂരമ്മൽ, എ.കെ. നിസാർ, സി. ഷമീർ, ഫസ്ലു റഹ്മാൻ വലിയ പീടിയേക്കൽ, ടി.പി. അഫ്നാസ്, എ.കെ. മുഹമ്മദ് ഷെഫീഖ്, പി.പി. മുഹമ്മദ് ബാസിൽ, മുജീബ് റഹ്മാൻ എന്നിവർക്കെതിരേയാണ് ക്രിമിനൽ കംപ്ലൈന്റ് ഫയൽ ചെയ്തിരിക്കുന്നത്. കോടതി പരിശോധിച്ച ശേഷം വിചാരണയ്ക്ക് അനുമതി നൽകും.
കരിപ്പൂർ വിമാനത്താവളത്തിനടുത്ത് 2020 സെപ്റ്റംബറിൽ സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് രണ്ട് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പ്രതികളുടെ കാറിന് കുറുകെ ഇരുചക്രവാഹനം നിർത്തി തടഞ്ഞു. അടുത്തേക്ക് ചെല്ലവേ സംഘം കാർ മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഡി.ആർ.ഐ. കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥൻ ആൽബർട്ട്, ഡ്രൈവർ നജീബ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ