ന്യൂഡൽഹി: മനുഷ്യബോംബിന് സമാനമാണു മദ്യപിച്ച് വാഹനമോടിക്കുന്നയാളെന്നു ഡൽഹി കോടതി. ട്രാഫിക് നിയമം തെറ്റിച്ചതിന് ആറ് ദിവസത്തെ തടവിന് ശിക്ഷിച്ച വിധി ശരിവച്ചുകൊണ്ടായിരുന്നു ഡൽഹി അഡീഷണൽ സെഷൻസ് കോടതിയുടെ പരാമർശം. വിചാരണ കോടതി വിധിയ്‌ക്കെതിരെ ബദർപൂർ സ്വദേശി ജോഗി വർഗീസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തടവിന് പുറമെ 2000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോഗി മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും ആൽക്കഹോളിന്റെ അളവ് അനുവദനീയമായ പരിധിക്ക് 42 മടങ്ങോളമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂട്ടറാണ് ജോഗി ഓടിച്ചിരുന്നത്. ഇത് മനുഷ്യബോംബിന് സമാനമായ പ്രവൃത്തി തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.