ഡബ്ലിൻ: റോഡ് അപകട മരണ നിരക്ക് ഒരു വർഷത്തിൽ 15 ശതമാനം വർധിച്ചതിനെ തുടർന്ന് മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ശക്തമായ നടപടികൾ ആരംഭിച്ചു. 2016-ൽ റോഡ് അപകടമരണ നിരക്ക് 15 ശതമാനം കണ്ടാണ് വർധിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ റോഡ് അപകടങ്ങളിൽ 87 പേരുടെ ജീവൻ പൊലിഞ്ഞതായാണ് കണക്ക്. 2015 നെക്കാൾ കൂടുതലാണിത്.

കൂടാതെ ആഴ്ചാവസാനങ്ങളിൽ ഉണ്ടാകുന്ന അപകടമരണ നിരക്കിലും ഈ വർഷം 50 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് ഇതിനു പ്രധാനകാരണമായി ഗാർഡ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇതിനെതിരേ ശക്തമായ നടപടികൾക്കാണ് ഗാർഡ മുതിർന്നിരിക്കുന്നത്. റോഡ് സേഫ്റ്റി അഥോറിറ്റി (ആർഎസ്എ)യുമായി സഹകരിച്ചാണ് ഗാർഡ നടപടിക്രമങ്ങൾ നടപ്പാക്കുക.

റോഡ് അപകടങ്ങൾ ഏറെ ഉണ്ടാകാറുള്ളതും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളതുമായി മാസങ്ങളാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. കഴിഞ്ഞ വർഷം ജൂലൈയിൽ 19 പേരും ഓഗസ്റ്റിൽ 14 പേരും റോഡ് അപകടങ്ങളെ തുടർന്ന് മരിച്ചിരുന്നു. നാഷണൽ ഡ്രഗ് റിലേറ്റഡ് ഡെത്ത് ഇൻഡക്‌സ് പ്രകാരം 2013-ൽ റോഡ് അപകടത്തിൽ മരിച്ച 32 ശതമാനം പേരും മദ്യപിച്ചു വാഹനമോടിച്ചവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആർഎസ്എ പ്രകാരം റോഡ് അപകടങ്ങളിൽ 38 ശതമാനത്തിനും കാരണമാകുന്നത് മദ്യപാനം ആണെന്നാണ് വിലയിരുത്തുന്നത്. റോഡ് അപകടങ്ങൾ കുറച്ചുകൊണ്ടു വരാൻ എല്ലാവരുടേയും ഭാഗത്തുനിന്നുള്ള സഹകരണം ആവശ്യമാണെന്ന് ഗാർഡ നാഷണൽ ട്രാഫിക് ബ്യൂറോ സൂപ്രണ്ട് കോൺ ഓഡൊനോഹു വ്യക്തമാക്കി. രണ്ടു മാസങ്ങളിൽ ഡ്രിങ്ക് ഡ്രൈവിങ് ഓപ്പറേഷൻ 24 മണിക്കൂറും നടത്തുമെന്നാണ് ഗാർഡ പ്രഖ്യാപിച്ചിരിക്കുന്നത്.

കോർക്ക് (10.6%), ഗാൽവേ (9.7%), ഡബ്ലിൻ (7.9%), ഡൊണീഗൽ (7.6%), കാവൻ (5.5%) എന്നീ നഗരങ്ങളാണ് ഡ്രിങ്ക് ഡ്രൈവിങ് അപകടങ്ങളിൽ മുന്നിൽ നിൽക്കുന്നവ.