ല്ല ആരോഗ്യത്തിനും ദീർഘായുസിനും മദ്യത്തെ ജീവിതത്തിൽ നിന്നും തീർത്തും അകറ്റി നിർത്തണമെന്നാണ് മിക്ക പഠനങ്ങളും ഗവേഷകരും കാലാകാലങ്ങളായി നിർദേശിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പഠനഫലമാണ് നീണ്ട 30 വർഷത്തെ ഗവേഷണത്തിലൂടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻഡിയോഗോ പുറത്ത് വിട്ടിരിക്കുന്നത്. 65 വയസിന് ശേഷം ദിവസവും മൂന്ന് സ്മാൾ വരെ അടിച്ചാൽ ആയുസ് കൂടുമെന്നാണ് ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. മദ്യപിച്ചാൽ ആരോഗ്യം നശിക്കുമെന്നുള്ള പതിവ് ഉപദേശം കേട്ട് മനസ് മരവിച്ചിരിക്കുന്ന കുടിയന്മാർക്ക് ആവേശമേകുന്ന വാർത്തയാണിത്.

ഇത്തരക്കാർ 85 വയസ് വരെ സന്തോഷകരമായി ജീവിക്കുമെന്നും ഇവർക്ക് മേധാക്ഷയം അഥവാ ഡിമെൻഷ്യ പോലുള്ള ബുദ്ധിമുട്ടുകളുണ്ടാവില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കാലിഫോർണിയയിലെ മിഡിൽ ക്ലാസുകാരായ 1000ത്തിൽ അധികം വെളുത്ത വർഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും അടിസ്ഥാനമാക്കിയാണീ പഠനം നടത്തിയിരിക്കുന്നത്. എന്നാൽ പരിധി വിട്ട് മദ്യം കഴിച്ചാൽ അത് ആൽക്കഹോളുമായി ബന്ധപ്പെട്ട ഡിമെൻഷ്യയിലേക്ക് നയിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പേകുന്നു. മാതൃകാപരമായി മദ്യപിക്കുന്നത് ആയുസ് നീട്ടുമെന്ന് മാത്രമല്ല ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നുമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് ഗവേഷണത്തിന്റെ ലീഡ് ഓഥറായ ഡോ. ലിൻഡ മാക് ഇവോയ് വെളിപ്പെടുത്തുന്നു.

728 സ്ത്രീകൾ, 616 പുരുഷന്മാർ അഥവാ മൊത്തം 1344 പേരെ ഉൾപ്പെടുത്തിയാണീ പഠനം നടത്തിയിരിക്കുന്നത്. 1984 മുതൽ 2013 വരെയുള്ള വർഷങ്ങൾക്കിടെയായിരുന്നു ഈ ഗവേഷണം നടത്തിയത്. ഓരോ നാല് വർഷം കൂടുന്തോറും ഇവരുടെ കോഗ്‌നിറ്റീവ് ഹെൽത്ത് ഗവേഷകർ അവലോകനം ചെയ്തിരുന്നു. ഇതിനായി ഡിമെൻഷ്യ സ്‌ക്രീനിങ് ടെസ്റ്റ് എന്ന മാനദണ്ഡമാണ് അനുവർത്തിച്ചിരുന്നത്. മിനി മെന്റൽ സ്റ്റേറ്റ് എക്സാമിനേഷൻ എന്നാണിത് അറിയപ്പെടുന്നത്. ആഴ്ചയിൽ അഞ്ച് മുതൽ ഏഴ് വരെ ദിവസങ്ങളിൽ ഇതനുസരിച്ച് മോഡറേറ്റ് നിലവാരത്തിൽ നിന്നും ഹെവി നിലവാരത്തിലേക്ക് മദ്യപാനം മാറുന്നവരുടെ കോഗ്‌നിറ്റീവ് ഹെൽത്ത് തീരെ മദ്യപിക്കാത്തവരേക്കാൾ മെച്ചപ്പെടുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

മോഡറേറ്റ്, ഹെവി, എക്സെസീവ് എന്നീ മദ്യപാന ശീലങ്ങളെ ഈ പഠനം നിർവചിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസത്തിൽ നിന്നുമുള്ള നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ലിംഗാടിസ്ഥാനത്തിലും പ്രായടിസ്ഥാനത്തിലുമുള്ള ഈ മാനദണ്ഡങ്ങൾ നിർണയിച്ചിരിക്കുന്നത്. ദിവസത്തിൽ ഒരു ആൽക്കഹോളിക് ബിവറേജ് കഴിക്കുന്നതാണ് മോഡറേറ്റ് ഡ്രിങ്കിങ്. ദിവസം മൂന്ന് ആൽക്കഹോളിക് ബിവറേജ് കഴിക്കുന്നതാണ് ഹെവി കാറ്റഗറി. ദിവസത്തിൽ നാലെണ്ണത്തിൽ കൂടുതൽ കഴിക്കുന്നത് എക്സസീവ് കാറ്റഗറിയിൽ ഉൾപ്പെടുന്നു.