കൊച്ചി: വില്ലനെ പിടിക്കുന്ന പൊലീസ്-ക്രൈം ത്രില്ലറുകളുടെ ഈ ഗണത്തിൽ തന്നെയാണ് ദൃശ്യം രണ്ടിനും സ്ഥാനം. പക്ഷേ ഇവിടെ അന്തിമ വിജയി ജിത്തു ജോസഫിന്റെ തിരക്കഥയാണ്. മോഹൻലാൽ എന്ന നടന്റെ കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പ് ജോർജ് കുട്ടിയെ മികവുള്ളതും ആക്കുന്നു. എന്നിട്ടും തിയേറ്ററിൽ എത്താത്തതിന്റെ നഷ്ടം ഈ ചിത്രത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും കോവിഡിനെ തോൽപ്പിക്കാൻ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന് കഴിഞ്ഞല്ല. അങ്ങനെ ജയം ആമസോണിനായി.

ഒടിടി റിലീസായി ദൃശ്യം രണ്ട് എത്തുമെന്ന് മോഹൻലാലിന്റെ ആരാധകർ സ്വപ്‌നത്തിൽ പോലും കരുതിയില്ല. ആമസോണിൽ ചിത്രം കണ്ട് അവർ നിരാശരാകുന്നത് കൈയടിക്കാൻ തിയേറ്ററിലെ ആമ്പിയൻസ് ഇല്ലാത്തതു കൊണ്ടാണ്. പക്ഷേ ആമസോൺ ആഹ്ലാദത്തിലാണ്. കരാർ ഒപ്പിട്ട ശേഷമാണ് ദൃശ്യം രണ്ട് ആമസോണിന്റെ ആളുകൾ കാണുന്നത്. അന്ന് തന്നെ അവർ ജയം ഉറപ്പിച്ചു. അത് ആഘോഷിക്കാൻ വേറിട്ട വഴികളും ചിന്തിച്ചു. ആ ചിന്തയാണ് കപ്പിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കാഴ്ചയിൽ കറുത്ത കപ്പ്. ജോർജ് കുട്ടി എന്ന് അതിൽ എഴുതിയിരിക്കുന്നു. ഈ പേപ്പർ കപ്പാണ് മോഹൻലാലിനുള്ള ആമസോണിന്റെ സമ്മാനം.

മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീർ ഹംസയാണ് ഈ കപ്പിലെ രഹസ്യം പുറത്തു വിടുന്നത്. കറുത്ത കപ്പിൽ ചൂട് ചായ ഒഴിച്ചാൽ കഥ മാറും. കപ്പിന്റെ കറുപ്പ് മാറി ദൃശ്യം രണ്ടിലെ പോസ്റ്റർ തെളിയും. മോഹൻലാൽ തെളിഞ്ഞു വരും. കേരളത്തിലെ തെരഞ്ഞെടുത്ത റെസ്‌റ്റോറന്റുകളിൽ ആമസോൺ ഈ കപ്പ് എത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ സമീർ നടക്കുന്ന കോഫി ഷോപ്പുകളിലാണ് ആദ്യം വന്നത്. 10000 പേപ്പർ കപ്പുകളിലാണ് ദൃശ്യത്തിന്റെ അത്ഭുത പോസ്റ്റർ വിരിയുന്നത്. സാധാരണ പേപ്പർ കപ്പിൽ ചായ കുടിക്കുന്നവർ അത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇന്നലെ കപ്പിലെ വിസ്മയം കണ്ടവർ അത് നിധി പോലെ എടുത്ത് വീട്ടിൽ കൊണ്ടു പോകുന്നു.

മോഹൻലാൽ പോലും ഈ കപ്പിന്റെ മാറ്റം കണ്ട് അത്ഭുതപ്പെടുത്തുന്നു. ദൃശ്യം സ്റ്റൈൽ താടിയുമായി നിൽക്കുന്ന ലാൽ. കറുത്ത കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുന്ന സമീർ ഹംസ. കൗതുകത്തോടെ നോക്കുന്ന ലാലും. പതിയെ ചൂടു വെള്ളം വീഴുമ്പോൾ മോഹൻലാലിന്റെ മുഖത്ത് അമ്പരപ്പ്. പിന്നെ ചിത്രം തെളിയുമ്പോൾ ഹോ... എന്ന മുഖഭാവവും. ഇത് തന്നെയാണ് ഈ കപ്പിൽ ചായകുടിക്കുന്ന സാധാരണക്കാരന്റേയും അവസ്ഥ. ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നിലെ രഹസ്യം ആമസോൺ പുറത്തു വിട്ടിട്ടില്ല.

ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ റിലീസിന് ഇത്തരത്തിൽ വ്യത്യസ്തമായ പ്രചരണം ആമസോൺ നടത്തുന്നത്. തെരഞ്ഞെടുത്ത കഫേകളിൽ ഈ കപ്പ് എത്തി കഴിഞ്ഞു. ഇത് സാധാരണക്കാരിലേക്ക് എത്തിക്കാൻ തട്ടുകളിലും കപ്പ് നൽകാൻ ആമസോൺ തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ദൃശ്യം രണ്ടിലെ വിസ്മയം പോലെ പേപ്പർ കപ്പും കിട്ടണമെന്നാണ് തീരുമാനം. ഈ ആശയം ആമസോണിന് മുന്നിൽ വച്ചത് സമീർ ഹംസയാണ്. ഇത് അവർ അംഗീകരിച്ചിട്ടുമുണ്ട്. അങ്ങനെ ദൃശ്യം രണ്ടിലെ കപ്പാവേശം വഴിയോരങ്ങളിലെ കടകളിലും എത്തും.

പേപ്പർ കപ്പിൽ ചായയെന്ന് അല്ല ചൂടുള്ള വെള്ളം എന്തൊഴിച്ചാലും മാറ്റം കാണും. മലയാളത്തിലെ ആദ്യ സൂപ്പർതാര ഒടിടി റിലീസ് ചിത്രമാണ് ദൃശ്യം രണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേശ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

ഹൈറേഞ്ചിലെ രാജാക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ ലോക്കൽ കേബിൾ ടിവി ശൃംഖലയുടെ ഉടമസ്ഥനായ ജോർജ്കുട്ടിയുടെയും അവന്റെ കുടുംബത്തിന്റെയും കഥ. അതാണ് ദൃശ്യം. കോമഡിയും കുടുംബവും കൂട്ടിയിണക്കിയ ആദ്യ പകുതി പിന്നിട്ടു രണ്ടാം പാദത്തിലെത്തുമ്പോൾ അവിടെ ഒരുക്കിയിരിക്കുന്നത് വൈകാരികതയിൽ പൊതിഞ്ഞ ത്രില്ലറുകൾ. മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ ഒപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ നായികയായ മീനയ്ക്ക് കഴിഞ്ഞു. ഇരുവരുടെയും മക്കളായി എത്തിയ അൻസിബയും എസ്‌തേറും തങ്ങളുടെ കഴിവിനൊത്തവണ്ണം അഭിനയിച്ചു പ്രതിഫലിപ്പിച്ചു.

ഇർഷാദും, കുഞ്ചനും മറ്റു നടന്മാരുമൊക്കെ തങ്ങളുടെ ഭാഗം മികച്ചതാക്കി. ഇതിനൊക്കെ പുറമെ നർമത്തിൽ ചാലിച്ച് തന്റെ ചെറിയ കഥാപാത്രത്തെ മികച്ചതാക്കിയ നീരജ് മാധവ് എന്ന പുതുമുഖവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൃശ്യ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും, അനുയോജ്യവും അതിമനോഹരവുമായ അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും ദൃശ്യത്തിന് മാറ്റ് കൂട്ടുന്നു.