പാനൂർ: ജെസ്‌നയ്ക്ക് പിന്നാലെ പാഞ്ഞു മടുത്ത പൊലീസ് ഇപ്പോൾ നടത്തുന്നത് കണ്ണൂർ പാനൂർ സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികളെ കണ്ടെത്താനുള്ള നീക്കം. കാണാതായിട്ട് അഞ്ച് ദിവസമായിട്ടും ഈ കുട്ടികളെ കുറിച്ച് പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല. തിങ്കളാഴ്ചയാണ് ദൃശ്യ (20),സയന(20)എന്നിവരെ കാണാതായത്.

കോളേജിലേക്ക് പോയ വിദ്യാർത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഇവരുടെ മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവസാനം ഫോൺ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഫോൺ ഓൺ ചെയ്തിട്ടില്ല. അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിനികളാണ് ഇരുവരും. കാണാതായ ദിവസം രാവിലെ 11 മണിമുതൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു. രാവിലെ ക്ലാസിന് പോയ സയന, സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം നിൽക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. സ്‌കൂട്ടർ പിന്നീട് കണ്ടെത്തി.

സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷമാണ് സയനയുടെ ഫോൺ സ്വിച്ച് ഓഫായത്. ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. മൈസൂർ, തളിപ്പറമ്പ്, എറണാകുളം, തിരുവനന്തപുരം ഇവിടങ്ങളിൽ നിന്ന് ഇവരുടെ മുഖച്ഛായ ഉള്ളവരെ പലയിടത്തും കണ്ടതായി വിവരങ്ങളുണ്ട്. എന്നാൽ, ഇവരാണെന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കൾ പറയുന്നു. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരിൽ എത്തിയത്.

റോഡരികിൽ നിർത്തിയിട്ട നിലയിൽ സ്‌കൂട്ടി കണ്ടെത്തി. വിദ്യാർത്ഥിനികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളാണ് ഇവർ. കാണാതായ അന്ന് ഇരുവരും പാറാട് ട്രാവൽ ഏജൻസിയിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിൽ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പത്തനംതിട്ട മുക്കൂട്ടുതറിയിൽ നിന്ന് കാണാതായ ജസ്‌നയെ കുറിച്ചുള്ള അന്വേഷണം ഇതുവരേയും എവിടേയും എത്തിയിട്ടില്ല. കഴിഞ്ഞ മാർച്ചിലാണ് ജസ്‌നയെ കാണാതായത്. അച്ഛന്റെ പെങ്ങളുടെ വീട്ടിലേക്ക് ഇറങ്ങിയ ജസ്‌ന പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.ബെംഗളൂരുവിൽ ഉണ്ടെന്നും പലയിടങ്ങളിലായി കണ്ടെന്നുമൊക്കെ വിവരങ്ങൾ ലഭിച്ചു. പലയിടങ്ങളിലും പൊലീസ് തിരഞ്ഞു. എന്നാൽ ഒരു തുമ്പ് പോലും നൽകാതെ ഇപ്പോഴും ജസ്‌ന കാണാമറയത്താണ്. ജസ്‌നയ്ക്ക് മുൻപ് കേരളത്തെ ഞെട്ടിച്ച് വർഷങ്ങൾക്ക് മുൻപ് മറ്റൊരു തിരോധാനം ഉണ്ടായിരുന്നു.

കോന്നിയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികൾ. രാജി, ആതിര എസ് നായർ, ആര്യ കെ സുരേഷ്. മൂന്ന് പേരും ഒരു സുപ്രഭാതത്തിൽ വീട് വിട്ട് ഇറങ്ങുകയായിരുന്നു. എന്നാൽ പിന്നീട് കേരളം കേട്ടത് മൂവരുടേയും കൂട്ടമരണമായിരുന്നു.ഇപ്പോഴും മരണകാരണം ദുരൂഹമാണ്.