തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളം ആദ്യമായി വിജയ മോഡൽ അവതരിപ്പിക്കുകയാണ്. കാര്യക്ഷമമായാൽ സാമൂഹിക അകലം പാലിച്ച് വാക്‌സിൻ എടുക്കാനുള്ള സംവിധാനം. തള്ളുകളിലൂടെയായിരുന്നു കോവിഡിൽ കേരളത്തിന്റെ പ്രതിരോധം. ഇന്നലെ രാജ്യത്ത് ആകെ കണ്ടെത്തിയത് 36592 കോവിഡ് രോഗികളെയാണ്. ഇതിൽ 21116 പേരും കേരളത്തിൽ. ടിപിഐർ 15 ശതമാനത്തിന് മുകളിലും.

ഇനി വാക്‌സിനേഷനിലാണ് പ്രതീക്ഷ. സാമൂഹിക അകലം പാലിച്ച് അത് നടത്താനാകുമെന്ന് തെളിയിക്കുകയാണ് കേരളം. അങ്ങനെ വാക്‌സിനേഷൻ ക്യാമ്പിലെങ്കിലും അകലം കൃത്യമാക്കാനാകുന്നു. വാഹനത്തിൽ നിന്നു പുറത്തിറങ്ങാതെ കോവിഡ് വാക്‌സീൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ വഴുതക്കാട്ടെ ഗവ.വിമൻസ് കോളജിൽ ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഇവിടെ എത്തുന്നവർക്കു വാഹനത്തിൽ ഇരുന്നു തന്നെ റജിസ്‌ട്രേഷൻ വെരിഫൈ ചെയ്യാനും വാക്‌സീൻ സ്വീകരിക്കാനും നിരീക്ഷണ സമയം പൂർത്തിയാക്കാനും സാധിക്കും. പദ്ധതി വിജയമായാൽ കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നു സെന്റർ സന്ദർശിച്ച മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ പദ്ധതി വിജയമാണെന്ന് തന്നെയാണ് വിലയിരുത്തൽ.

വണ്ടികളിൽ തന്നെ ആളുകൾ ഇരിക്കുന്നതിനാൽ സാമൂഹിക അകല ലംഘനത്തിന്റെ തിക്കും തിരിക്കും ഒഴിവാകുന്നു. നിന്ന് തളർന്ന് വീഴുന്ന രോഗികളുമില്ല. മഴയും മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങളും ഇല്ലെങ്കിൽ വണ്ടിക്ക് അടുത്ത് എത്തി വാക്‌സിൻ എടുക്കാനും കഴിയും. രോഗ വ്യാപനം വാക്‌സിനേഷൻ ക്യാമ്പിൽ കുറയുമെന്ന് ഉറപ്പിക്കാൻ ഇതിലൂടെ കഴിയും.

കേരളത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററാണ് തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ പ്രവർത്തനം തുടങ്ങുമ്പോൾ രജിസ്‌ട്രേഷനും പ്രത്യേക സൗകര്യമുണ്ട്. കോവിൻ പോർട്ടലിൽ ഗവ.വിമൻസ് കോളജ് സെന്ററായി രജിസ്റ്റർ ചെയ്യുക. നിർദേശിക്കുന്ന സമയത്ത് കൃത്യമായി എത്തുക. മുൻകൂട്ടിയെത്തി കാത്തിരിക്കേണ്ട. വാഹനങ്ങളിൽ എത്തുന്നവർക്കു പ്രധാന ഗേറ്റിലെ വോളന്റിയർമാർ ടോക്കൺ നൽകും.

ഓഡിറ്റോറിയത്തിനു മുൻപിൽ സജ്ജമാക്കിയ കൗണ്ടറിൽ ഈ ടോക്കണുമായി വാഹനത്തിൽ തന്നെ എത്തുക. ആദ്യ കൗണ്ടറിൽ റജിസ്‌ട്രേഷൻ വെരിഫിക്കേഷൻ വാഹനത്തിലിരുന്നു പൂർത്തിയാക്കാം. ഉദ്യോഗസ്ഥർ വാഹനത്തിനടുത്ത് എത്തും. വെരിഫിക്കേഷൻ പൂർത്തിയാക്കി തൊട്ടടുത്തുള്ള വാക്‌സിനേഷൻ കൗണ്ടറിലേക്ക്. ആരോഗ്യ പ്രവർത്തകർ എത്തി കുത്തിവയ്‌പെടുക്കും.

ഓഡിറ്റോറിയത്തിനു സമീപത്തും മറ്റുമായി അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഇരിപ്പിടങ്ങൾ. വാഹനത്തിലും വിശ്രമിക്കാം. എന്നാൽ ഇവിടെ സ്‌പോട് റജിസ്‌ട്രേഷൻ ഇല്ല. ഈ മാതൃക മറ്റിടങ്ങളിലേക്കും ഉടനെത്തുമെന്നാണ് സൂചന.